കൊടുവള്ളി: കൊടുവള്ളി നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് കാരാട്ട് ഫൈസലിനെ നീക്കണമെന്ന സി.പി.എം നിര്‍ദേശം വന്നതോടെ പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഐ.എന്‍.എല്‍. ഐ.എന്‍.എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദായിരിക്കും കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്ന് പറഞ്ഞ 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് നിന്നും മത്സരിക്കുക. കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം  വിവാദമായതോടെ നേതൃത്വം അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഒ.പി റഷീദിനെ മത്സരിപ്പിക്കാന്‍ ധാരണയായത്. 

ഇടതുമുന്നണി ഐ.എന്‍.എല്ലിന് കൊടുത്ത സീറ്റായിരുന്നു ചുണ്ടപ്പുറം. എന്നാല്‍ വിവാദങ്ങളൊന്നും കാര്യമാക്കാതെ ഇടതു സ്വതന്ത്രനായി കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കാരാട്ട് ഫൈസല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം എതിരാളികള്‍ വലിയ വിവാദമാക്കിയതോടെയാണ് ഫൈസലിനെ നീക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി ഐ.എന്‍.എല്ലിനോട് ആവശ്യപ്പെട്ടത്.

കാരാട്ട് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടതായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി സി.പി നാസര്‍കോയ തങ്ങള്‍ പറഞ്ഞു. 

പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും ഫൈസല്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുമോയെന്ന് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പിന്‍മാറിയില്ലെങ്കില്‍ ചുണ്ടപ്പുറത്ത് നിന്ന് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫൈസല്‍  ജനവിധി തേടുമെന്ന സൂചനയും ഫൈസലുമായി ബന്ധപ്പെട്ടവര്‍  അനൗദ്യോഗികമായി സൂചന നല്‍കുന്നുണ്ട്.  
 
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ആരോപണങ്ങളുടെ നിഴലില്‍നിന്ന വ്യക്തിയെ പൊതുജനവികാരമോ വിവാദങ്ങളോ മാനിക്കാതെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് സംസ്ഥാനതലത്തില്‍ ചര്‍ച്ചയായതോടെയാണ് സി.പി.എമ്മിന്റെ മനംമാറ്റം.