Karat Faisalകോഴിക്കോട്:  തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വിവാദത്തിലായതാണ് കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് പ്രതിഷേധം മറികടന്ന് എല്‍.ഡി.എഫ്. ആദ്യ ഘട്ടത്തില്‍ ഇവിടെ സ്ഥനാര്‍ഥിത്വം നല്‍കിയതായിരുന്നു ഏറെ ചര്‍ച്ചയായത്. എന്നാല്‍, ഇത് എതിരാളികള്‍ പ്രധാന ആയുധമാക്കിയതോടെ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം എല്‍.ഡി.എഫ്. പിന്‍വലിച്ചെങ്കിലും 15-ാം ഡിവിഷനില്‍നിന്ന് സ്വതന്ത്രനായി ജനവിധി  തേടുന്ന കാരാട്ട് ഫൈസല്‍ തന്നെയാണ് ചുണ്ടപ്പുറത്തെ സ്റ്റാര്‍ സ്ഥാനാര്‍ഥി.

ഐ.എന്‍.എല്ലിന്റെ ഒ.പി റഷീദിനെയാണ് എല്‍.ഡി.എഫ്.  ഇവിടെ സ്വതന്ത്രനായി നിര്‍ത്തിയിരിക്കുന്നതെങ്കിലും ചുണ്ടപ്പുറത്ത് നിറഞ്ഞ് നില്‍ക്കുന്നത് കാരാട്ട് ഫൈസല്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ കൊണ്ടും ചുവരെഴുത്തു കൊണ്ടുമെല്ലാം മുന്നിട്ട് നില്‍ക്കുന്നതും  കാരാട്ട് ഫൈസല്‍ തന്നെ.

 പലയിടങ്ങളിലും എല്‍.ഡി.എഫിന്റെ ഒ.പി റഷീദെന്ന സ്ഥാനാര്‍ഥി ചിത്രത്തില്‍ തന്നെയില്ല. ഇതോടെ ചുണ്ടപ്പുറത്ത് കാരാട്ട് ഫൈസല്‍ തന്നെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെന്ന ആരോപിക്കുന്നു യു.ഡി.എഫും, ബി.ജെ.പിയും. ഡമ്മി സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഒ.പി. റഷീദനെ മത്സരത്തിന് ഇറക്കിയിരിക്കുന്നതെന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു ഫൈസലിനെ മാറ്റിയതെങ്കിലും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് വെറും മുഖം മിനുക്കല്‍ നടപടി മാത്രമായിരുന്നുവെന്നാണ് എതിരാളികള്‍ പറയുന്നത്. 

മൊബൈല്‍ ഫോണ്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന ഫൈസലിന് ചുറ്റും തന്നെയാണ് ഇപ്പോഴും ഇവിടെയുള്ള ഇടത് ക്യാമ്പ്. പ്രചരണരംഗത്തും ഫൈസലിന് വലിയ പിന്തുണയുണ്ട്. എന്നാല്‍, സ്വതന്ത്രനായി മത്സരിക്കുന്ന കാരട്ട് ഫൈസലിന് ഇവിടെ ആപ്പിള്‍ ചിഹ്നത്തില്‍ കെ. ഫൈസല്‍ അപരനായും മത്സര രംഗത്തുണ്ട്. മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായി കെ.കെ.എ. ഖാദറാണ് ഇവിടെ  യു.ഡി.എഫിന്  വേണ്ടി മത്സിരക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥിയായി പി.ടി. സദാശിവനും ജനവിധി തേടുന്നു. 

യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന കൊടുവള്ളി മണ്ഡലം ഇത്തവണ ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് എല്‍.ഡി.എഫ്.  നേതൃത്വം. പലയിടങ്ങളിലും അപരഭീഷണയും ഇത്തവണ യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. ആകെയുള്ള 36 ഡിവിഷനില്‍ 18 ഡിവിഷനിലും അപരശല്യമുണ്ട്.    

Content Highlights: Karat Faisal Koduvalli Municipality LDF Kerala Local Body Election 2020