വടകര: യു.ഡി.എഫിൽ വലിയ ചർച്ചയായ വടകര ബ്ലോക്കിൽ പെട്ട കല്ലാമലയിൽ ഒടുവിൽ പ്രശ്ന പരിഹാരം. ആർ.എ.പി-യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ സി.സുഗുതനെതിരേയുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി കെ.പി ജയകുമാർ മത്സര രംഗത്ത് നിന്നും പിൻമാറും. കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് പിൻമാറ്റം. യു.ഡി.എഫിന്റെ ജയസാധ്യതയ്ക്ക് വിരുദ്ധമായ ഒരു നീക്കവും ഉണ്ടാവില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ താൻ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടിൽ തന്നെ കോൺഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം നൽകിയതയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വടകര എം.പി കെ.മുരളീധരൻ അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയതോടെ യു.ഡി.എഫിന് കല്ലുകടിയായി മാറിയിരുന്നു കല്ലാമല. കെ.മുരളീധരൻ പ്രചരണത്തിന് ഇറങ്ങില്ലെന്നും അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ പ്രശ്ന പരിഹരമായിരിക്കുന്നത്.

പ്രശ്നം ഏറെ ചർച്ചയായിരുന്നുവെങ്കിലും കെ.പി ജയകുമാറും, സി.സുഗുതനും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ജനകീയ മുന്നണി സ്ഥാനാർഥി സി.സുഗുതന് ലീഗിന്റെയടക്കം പിന്തുണയുമുണ്ടായിരുന്നു. ഇവിടെയുള്ള ജനകീയ മുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ ഇന്ന് കെ.മുരളീധരൻ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാർഥിയെ പിൻവലിച്ചത്.