കോഴിക്കോട് : ഡിവിഷനിലെ  4007 വോട്ടര്‍മാര്‍ക്കും സ്വയം കയ്യൊപ്പിട്ട കാര്‍ഡ് അയച്ച് വോട്ട് ചോദിച്ച് കോര്‍പ്പറേഷന്‍ പുതിയറ 27-ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ടി. രനീഷ്. തന്റെ വികസന കാഴ്ചപ്പാടും വോട്ട് അഭ്യഥനയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുമുള്ള കാര്‍ഡില്‍ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതി അയച്ചത് ഒരാഴ്ച കൊണ്ടാണ്. ഇപ്പോള്‍ വീടുവീടാന്തരം കയറി വോട്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ്  കൂടിയായ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും.

ഒരു കാര്‍ഡിനും കവറിനും സ്റ്റാമ്പിനുമായി ഏഴര രൂപ ചിലവായി . പ്രചാരണച്ചിലവില്‍ മുപ്പതിനായിരത്തിലേറെ രൂപ ഈയിനത്തില്‍ വന്നു. കോവിഡ് കാലത്ത് ചിലവേറിയ ഒരു പ്രചാരണരീതി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. ഡിജിറ്റല്‍ പ്രചാരണരീതി യുവതലമുറയെ മാത്രമേ ആകര്‍ഷിക്കൂ. ഇതാവുമ്പോള്‍ ഓരോ വോട്ടറുടെയും കൈകളില്‍ കാര്‍ഡ് എത്തും. നേരത്തേ തന്നെ കിട്ടാനാണ് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേ കിട്ടത്തക്കവിധം അയച്ചത്. കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി നിഹാല്‍ യു.ഡി.എഫിലും,സി.പി.എമ്മിലെ കെ.ഷിറാസ് ഖാന്‍ എല്‍.ഡി.എഫിലും മാറ്റുരയ്ക്കുന്ന പുതിയറയില്‍ ശക്തമായ ത്രികോണമത്സരമാണ്.