കോഴിക്കോട്: തുടര്‍ച്ചയായ നാല്‍പ്പത്തിയാറാം വര്‍ഷവും ഇടത് സമഗ്രാധിപത്യം തുടരുന്ന കോഴിക്കോട്ടെ നഗരഭരണം അടുത്ത അഞ്ച് വര്‍ഷം ഇനി ബീന ടീച്ചറുടെ കയ്യിലാവും. നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ കസേര അലങ്കരിച്ചും അധ്യാപന രംഗത്തെ ദീര്‍ഘനാളത്തെ പരിചയത്തിനും ശേഷമാണ് ഡോ.ബീന ഫിലിപ്പ് കോഴിക്കോടിന്റെ മേയര്‍ സ്ഥാനം കൂടി അലങ്കരിക്കാനെത്തുന്നത്.

പാരന്റിംഗ്, ലേണിംഗ് സ്ട്രാറ്റജി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തിരുന്ന ബീന ഫിലിപ്പ് സര്‍ക്കാര്‍ സ്‌കൂളിന്റെ മുഖം മാറ്റല്‍ പദ്ധതിക്ക് തുടക്കമിട്ട നടക്കാവ് സ്‌കൂളിലെ സ്പെക്ട്രം പ്രോജക്ടിന്റെ ആശയ രൂപവത്കരണത്തിലും പങ്കാളിയായിരുന്നു. 29 പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന ഫിലിപ്പ് 652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജിയിച്ചു വന്നത്. കോണ്‍ഗ്രസ് സ്വതന്ത്രയായി മത്സരിച്ച ലിജീന സഞ്ജീവിനെയാണ് പരാജയപ്പെടുത്തിയത്. 

ഇത്തവണ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വനിതാ സംവരണം ആയതോടെ കോര്‍പ്പറേഷന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ വനിതകള്‍ മേയറാവുന്ന നാലാമത്തെ തിരഞ്ഞെടുപ്പായി 2020 ലേത്. സംസ്ഥാനത്ത് തന്നെ ആദ്യമായി വനിത മേയര്‍ സ്ഥാനം അലങ്കരിച്ച കോര്‍പ്പറേഷന്‍ കോഴിക്കോട് ആണെന്ന ചരിത്രവുമുണ്ട്. ഹൈമവതി തായാട്ടായിരുന്നു ആദ്യ വനിതാ മേയര്‍. പിന്നീട് എ.കെ പ്രേമജവും, എം.എം പത്മാവതിയും മേയറായി. ഇപ്പോള്‍ ഡോ.ബീനാ ഫിലിപ്പും.

1988-89 കാലത്താണ് പ്രൊഫ. ഹൈമവതി തായാട്ട് മേയറായത്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. വിവിധ കോളേജുകളില്‍ അധ്യാപികയായ ശേഷമാണ് അവര്‍ മേയറായി മത്സരിക്കാനെത്തിയത്.  ഹൈമവതി തായാട്ടിന് ശേഷം വനിതാ മേയര്‍ സ്ഥാനത്തെത്തിയത് കോളേജ് അധ്യാപികയായിരുന്ന എ.കെ. പ്രേമജം ആണ്. 1995-ലാണ് എ.കെ പ്രേമജം കോഴിക്കോട് കോര്‍പ്പറേഷന്റെ മേയറായത്. അതിനിടെ 1998-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ മേയര്‍ സ്ഥാനം ഒഴിഞ്ഞു. 2010-15-ല്‍ കോഴിക്കോട് നഗരത്തിന്റെ ഭരണച്ചുമതലയിലേക്ക് തിരിച്ചെത്തി എ.കെ. പ്രേമജം.

പ്രേമജം എം.പി.യായപ്പോഴാണ് എം.എം. പത്മാവതി മേയറായത്, 1998-ല്‍. രണ്ടുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം വികസനകാര്യസമിതി അധ്യക്ഷയായിരുന്നു എം.എം.പത്മാവതി. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്നു.

Content Highlights: Dr. Beena Philip picked as the kozhikode mayor