കോട്ടയം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. ''  മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഞാന്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകേണ്ട എന്നാണ് തീരുമാനം. '' ചാണ്ടി ഉമ്മന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിലപാടെുത്തിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ്് നേതൃത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അതേസമയം  തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനില്‍ നിന്ന് മത്സരിക്കണമെന്നാണ് യൂത്ത്കോണ്‍ഗ്രസ് ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത്. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ നിന്ന് തന്നെ മകന്‍ ചാണ്ടി ഉമ്മനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Content Highlight: Chandy Oommen Will not contest in panchayat elections