ഉഴവൂര്‍: യു.ഡി.എഫ്. കോട്ടയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഉഴവൂരില്‍ വിചിത്ര കൂട്ടുകെട്ടുകള്‍ക്കും രാഷ്ട്രീയ ബന്ധങ്ങള്‍ക്കും ഭരണസമിതികള്‍ക്കും വേദിയായിട്ടുണ്ട്. ജോസ്, ജോസഫ് ഭിന്നിപ്പും ജോസ് വിഭാഗത്തിന്റെ ഇടത് പ്രവേശത്തിനും മുന്നേ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ്, സി.പി.എം. കൂട്ടുകെട്ട് മത്സരിച്ച് ജയം കണ്ടതാണ്.

കേരള കോണ്‍ഗ്രസ്, ബി.ജെ.പി. കൂട്ട്കെട്ട് 2015-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം., ഇടത് മുന്നണി, ബി.ജെ.പി. എന്നിങ്ങനെ അയിരുന്നു മത്സരം. തിരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ആദ്യടേം ഭരിച്ചു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം., ബി.ജെ.പി. കൂട്ടുകെട്ടില്‍ ഭരണം തുടര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസ് നാല്, കോണ്‍ഗ്രസ് രണ്ട്, കോണ്‍ഗ്രസ് വിമതന്‍ ഒന്ന്, ബി.ജെ.പി. രണ്ട്, സി.പി.എം. മൂന്ന്, സി.പി.ഐ. ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.

സി.പി.ഐ. ഒറ്റയ്ക്ക് ഇടത് മുന്നണിയില്‍ സി.പി.ഐ. മൂന്ന് വാര്‍ഡില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നു. സി.പി.ഐ.യുടെ വാര്‍ഡുകള്‍ സി.പി.എം. കൈയടക്കി എന്നാരോപിച്ച് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെയായിരുന്നു സി.പി.ഐ.യുടെ മത്സരം.

നാല്, 10, 11 വാര്‍ഡുകളിലാണ് ഒറ്റയ്ക്കുള്ള മത്സരം. വാര്‍ഡ് നാലില്‍ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിക്കും പതിനൊന്നില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനും എതിരേയാണ് സി.പി.ഐ. മത്സരിക്കുന്നത്. പത്തില്‍ സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥിയും. അവകാശവാദം എട്ട് സീറ്റ് നേടി ഭരണത്തിലെത്തുമെന്ന് യു.ഡി.എഫ്. അവകാശപ്പെടുമ്പോള്‍ അഞ്ച് വാര്‍ഡില്‍ ശുഭപ്രതീക്ഷയോടെയാണ് ബി.ജെ.പി. മൂന്ന് സീറ്റില്‍ മത്സരിച്ച സി.പി.ഐ.യും രണ്ട് സീറ്റിലെ വിജയ പ്രതീക്ഷയിലാണ്. കേരള കോണ്‍ഗ്രസ് ജോസിന്റെ വരവോടെ പത്തിലധികം സീറ്റാണ് ഇടത് പ്രതീക്ഷ.

പ്രമുഖര്‍

മുന്‍ പ്രസിഡന്റുമാരായ പ്രകാശ് വടക്കേല്‍, ന്യൂജന്റ് ജോസഫ്, പി.എല്‍.എബ്രാഹം എന്നിവരും ബി.ജെ.പി.യിലെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷും മത്സരരംഗത്തുണ്ട്. ഒന്‍പത് വാര്‍ഡുകളിലാണ് ബി.ജെ.പി. മത്സരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശം അണികള്‍ എത്രമാത്രം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങള്‍.