പൂഞ്ഞാറിലെ പുത്തൻ താരോദയം
കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ അട്ടിമറി വിജയംനേടിയ ഷോൺ
ജോർജ് വീട്ടിലെത്തി അച്ഛൻ പി.സി. ജോർജിന്റെ കാലിൽത്തൊട്ട് വണങ്ങുന്നു

ക്കൾരാഷ്ട്രീയത്തിലേക്കുള്ള പുത്തൻ താരോദയം കൂടിയായി ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ജനപക്ഷം സ്ഥാനാർഥി ഷോൺ ജോർജിന്റെ വിജയം. ‘‘ഇടതുപക്ഷത്തിനും വലതുപക്ഷത്തിനുമൊപ്പം എന്നതിനപ്പുറം ‘ഒരു ജനപക്ഷം’ കൂടിയുണ്ടെന്ന് ജനം സമ്മതിച്ച വിജയമാണിത്’’-ഷോൺ പറയുന്നു. ജനപക്ഷം രൂപംകൊണ്ടശേഷം മലയോരമേഖലകളിലെ പഞ്ചായത്തുകളിൽ പാർട്ടി കരുത്തുതെളിയിച്ചിരുന്നു.

ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ നിലവിൽ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ പ്രാവശ്യം കേരള കോൺഗ്രസ് സെക്കുലറിന്റെ ഇടതുപക്ഷ സഖ്യത്തിലായിരുന്ന ലിസി സെബാസ്റ്റ്യനാണ് വിജയിച്ചത്. കേരള കോൺഗ്രസിൽനിന്നും തെറ്റി കേരള കോൺഗ്രസ് സെക്കുലർ പാർട്ടിയും പിന്നീട് ജനപക്ഷവും രൂപവത്‌കരിച്ച പി.സി. ജോർജിന്റേത് പലപ്പോഴും ഒറ്റയാൾ പോരാട്ടമായിരുന്നു.

അഴിമതിക്കെതിരേനടത്തിയ ശക്തമായ പ്രതികരണങ്ങളും തുറന്നുപറച്ചിലും മുന്നണിബന്ധം മറന്നുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുന്നണികൾക്ക് ജോർജ് അത്രകണ്ട് അഭിമതനായിരുന്നില്ല. മുന്നണികൾക്ക് പിന്നാലെപോകാതെ ഒറ്റയ്ക്ക് നേരിടാൻ കാണിച്ച ആർജവത്തിനുള്ള അംഗീകാരം കൂടിയാണ് ഷോണിന്റെ തിളക്കമാർന്ന വിജയം.

പൊതുതിരഞ്ഞെടുപ്പുരംഗത്ത് പുതുമുഖമാണെങ്കിലും എല്ലാവർക്കും സുപരിചിതനാണ് ഷോൺ. കെ.എസ്.സി.യിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. 20 വർഷമായി വിദ്യാർഥി, യുവജന രാഷ്ട്രീയരംഗത്ത് സജീവമായ ഷോൺ യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചിൽ അർബൻ ബാങ്ക് വൈസ് പ്രസിഡൻറായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയിൽ കെ.എസ്.സി.യുടെ സ്ഥാനാർഥിയായി യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയിട്ടുണ്ട്. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

Content Highlight: Shone George wins from Poonjar