പാലാ: നഗരസഭയില്‍ ഭരണകക്ഷിയായ ജോസ് വിഭാഗം 17 വാര്‍ഡുകളില്‍ മത്സരിക്കും. സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് തീരുമാനം. ബാക്കിവരുന്ന ഒന്‍പത് വാര്‍ഡുകളില്‍ സി.പി.എം. ആറും എന്‍.സി.പി. ഒരു വാര്‍ഡിലും മത്സരിക്കും. സി.പി.ഐ.യ്ക്ക് രണ്ടുവാര്‍ഡുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതിനോട് യോജിക്കാതെ സി.പി.ഐ. 10 വാര്‍ഡുകളില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. മത്സരിച്ചത് ഏഴ് വാര്‍ഡുകളിലായിരുന്നു. ഇത്തവണ നാലുസീറ്റുകളാണ് സി.പി.ഐ. ചോദിച്ചത് . എന്നാല്‍ രണ്ടുസീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് അറിയിച്ചതോടെയാണ് സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ ജോസ് വിഭാഗം യു.ഡി.എഫിലായിരുന്നപ്പോള്‍ 20 വാര്‍ഡുകളില്‍ മത്സരിച്ചിരുന്നു. 17 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിന് 13 വാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്.

മിക്ക വാര്‍ഡുകളിലും നിലവിലുള്ള സാഹചര്യമനുസരിച്ച് ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കും. ഇരുകേരള കോണ്‍ഗ്രസ്സുകള്‍ക്കുമായി 30 പേരാണ് മത്സര രംഗത്തുള്ളത്. ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. വാര്‍ഡുകള്‍ നിശ്ചയിച്ചതോടെ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി. പത്തുവാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.

സി.പി.എം.-9 സി.പി.ഐ.-4 കേരള കോണ്‍ഗ്രസ്-9

ജനതാദളിനും എന്‍.സി.പി.ക്കും സീറ്റില്ല

കോട്ടയം: ജില്ലാപഞ്ചായത്തില്‍ സീറ്റുതര്‍ക്കത്തിനൊടുവില്‍ സി.പി.ഐ. ജയിച്ചു. നാലുസീറ്റില്‍ തന്നെ സി.പി.ഐ. മത്സരിക്കും. പാര്‍ട്ടിയുടെ ഉറച്ചനിലപാടിനു മുന്നില്‍ സി.പി.എം. വഴങ്ങി. സി.പി.എമ്മും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ഒന്‍പതുവീതം സീറ്റില്‍ മത്സരിക്കാനും ധാരണയായി. ഞായറാഴ്ച നടന്ന ഇടതുമുന്നണി ജില്ലാ യോഗത്തിലാണ് സീറ്റുധാരണയായത്.

കഴിഞ്ഞതവണ യു.ഡി.എഫില്‍ 11 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് ഒന്‍പതുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 13 സീറ്റില്‍ മത്സരിച്ച സി.പി.എം. ഇത്തവണ ഒന്‍പതുസീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മുന്‍പ് ഓരോ സീറ്റില്‍ മത്സരിച്ച ജനതാദള്‍, എന്‍.സി.പി. കക്ഷികള്‍ക്ക് ഇത്തവണ സീറ്റില്ല.

സി.പി.ഐ.യുടെയും ജോസ് വിഭാഗത്തിന്റെയും കടുംപിടിത്തമാണ് എല്‍.ഡി.എഫില്‍ സീറ്റ് നിര്‍ണയം നീളാനിടയാക്കിയത്. കഴിഞ്ഞതവണ മത്സരിച്ച അഞ്ചുസീറ്റുകളില്‍ ഒരുസീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു ചര്‍ച്ചകളുടെ തുടക്കം മുതല്‍ സി.പി.ഐ.യുടെ നിലപാട്. രണ്ടുസീറ്റ് വിട്ടുനല്‍കണമെന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം.

തീരുമാനത്തില്‍ സി.പി.ഐ. ഉറച്ചുനിന്നതോടെ സി.പി.എമ്മിന് വഴങ്ങേണ്ടിവന്നു. ജോസ് പക്ഷം തുടക്കത്തില്‍ 13 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 11-ലും 10-ലും എത്തി. ഒടുവിലാണ് ഒന്‍പതില്‍ സമ്മതം മൂളിയത്.

• എരുമേലി, വൈക്കം, കങ്ങഴ സീറ്റുകളില്‍ സി.പി.ഐ. മത്സരിക്കും.

• കുമരകം, തലയാഴം, തൃക്കൊടിത്താനം, കുറിച്ചി, പാമ്പാടി, ചിറക്കടവ് സീറ്റുകളില്‍ സി.പി.എം. മത്സരിക്കുമെന്നാണ് സൂചന.

• കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവൂര്‍, ഭരണങ്ങാനം, കിടങ്ങൂര്‍, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, അയര്‍ക്കുന്നം സീറ്റുകളില്‍ കേരള കോണ്‍ഗ്രസ മത്സരിച്ചേക്കും. കൂടാതെ പൂഞ്ഞാര്‍, വാകത്താനം, പുതുപ്പള്ളി സീറ്റുകളില്‍ ഒരെണ്ണവും കിട്ടും. ഇതില്‍ പൂഞ്ഞാര്‍ സീറ്റാണ് േകരള കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നാണ് സൂചന.

ഓരോ പാര്‍ട്ടിയും മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെയെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവനും സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും അറിയിച്ചു. സീറ്റ് വിഭജനം ഐകകണ്‌ഠ്യേന പൂര്‍ത്തിയാക്കിയെന്ന് വാസവന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം ഉറപ്പാക്കും-കളക്ടര്‍
കോട്ടയം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകും നടത്തുകയെന്ന് കളക്ടര്‍ എം.അഞ്ജന അറിയിച്ചു. പരിസ്ഥിതി സൗഹൃദ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തമെന്ന് നിര്‍ദേശിച്ചു. ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട സഹായത്തിന് ഹരിത കേരളം മിഷനെയും ശുചിത്വ മിഷനെയും ബന്ധപ്പെടാം. ഫോണ്‍: 8848893176, 9188120325.