ചങ്ങനാശ്ശേരി : സ്വന്തം സീറ്റ് ഉറപ്പിക്കാനുള്ള നേതാക്കന്മാരുടെ ഓട്ടത്തിനിടയിൽ ചങ്ങനാശ്ശേരി നഗരസഭയിലെ മൂന്ന് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താൻ മറന്നു. നഗരസഭയിലെ ആറ്, 35, 36 വാർഡുകളിൽ ആണ് കോൺഗ്രസിന് സ്ഥാനാർഥികൾ ഇല്ലാത്തത്. ആറാം വാർഡ് കോൺഗ്രസ് ചങ്ങനാശ്ശേരി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലും 35,36 വാർഡുകൾ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുമുള്ള വാർഡുകളാണ്.

ഈ രണ്ടു മണ്ഡലങ്ങളിലെയും പ്രസിഡന്റുമാർ ഇക്കുറി മത്സരിക്കുന്നുണ്ട്.ഇവർ തങ്ങളുടെ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ഈ വാർഡുകളിലെ കാര്യം മറന്നുപോയെന്നാണ് എതിർ പക്ഷത്തിന്റെ ആരോപണം. അതേ സമയം ഒത്തുകളി വിവാദവും ഉയരുന്നുണ്ട്. ആറാം വാർഡായ മോർകുളങ്ങരയിൽ വിജയം ഉറപ്പ് ഇല്ലാത്തതിനാൽ ആരും സന്നദ്ധരായില്ല എന്നാണ് സൂചന.കഴിഞ്ഞ തവണ കൗൺസിലറായിരുന്ന യുവനേതാവിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. പകരം ആളെ കണ്ടെത്തിയുമില്ല. ഇവിടെ സി.പി.എം. നേതാവ് കെ.ആർ.പ്രകാശ് എൽ.ഡി.എഫ് സ്ഥാനാർഥിയായും ബി.ജെ.പിയിലെ ടി.കെ.അനീഷ് എൻ.ഡി.എ സ്ഥാനാർഥി യായും മത്സരിക്കുന്നു.

35 കണ്ടത്തിപറമ്പ് വാർഡിൽ സി.ഐ.ടി.യു. നേതാവും നിലവിലെ കൗൺസിലറുമായ അജികുമാറിന്റെ ഭാര്യ ഗീത അജിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഗീത മുമ്പ് ഈ വാർഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗിരിജ ബാലകൃഷ്ണൻ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്നു.

വാർഡ് 36-ൽ ആർ.ശിവകുമാർ ആണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗൺസിലർ.ഹരികുമാർ പുന്നശ്ശേരിൽ എൻ.ഡി.എ. സ്ഥാനാർഥി ആണ്. കെ.പി.സി.സി. സർക്കുലർ പ്രകാരം ഓരോ വാർഡിലും വാർഡ് കമ്മിറ്റികൾ കൂടി മത്സരിക്കാനുള്ളവരെ നിർദേശിക്കണം.

ബ്ലോക്ക് ഉപസമിതിയുടെ സാന്നിദ്ധ്യത്തിലാണ് ഈ യോഗം ചേരേണ്ടത്.എന്നാൽ ഈ നടപടികളും ഈ വാർഡുകളിൽ ഉണ്ടായില്ല.മുപ്പത്താറാം വാർഡിൽ മത്സരിക്കാൻ താത്പര്യം കാട്ടി മുന്നോട്ട് വന്നയാളെ കോൺഗ്രസ് മണ്ഡലം നേതൃത്വം പരിഗണിച്ചില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്.

Content Highlight: No UDF candidates in Changanassery municipality