കോട്ടയം : യു.ഡി.എഫിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം തേടി. 22 ഡിവിഷനുകളിൽ ഒൻപത് സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകിയത്.

എരുമേലി ഡിവിഷനാണ് മുസ്‌ലിം ലീഗ് കോൺഗ്രസുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാനാവില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് എരുമേലി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഉൾപ്പെടെ അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കാനാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയാൽ എരുമേലി ഡിവിഷനിൽ ജില്ലാ പ്രസിഡന്റ് അസീസ് ബഡായി മത്സരിക്കും. പൂഞ്ഞാറിൽ റഫീഖ് മണിമലയാണ് പരിഗണനയിൽ.

ജോസഫ് വിഭാഗത്തിന് ഒൻപത് സീറ്റ് നൽകിയ സാഹചര്യത്തിൽ ഘടകകക്ഷിയെന്ന നിലയിൽ അർഹിക്കുന്ന പരിഗണന വേണമെന്ന് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഒരുസീറ്റിന് പോലും അർഹതയില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. 2000-ൽ എരുമേലി ഡിവിഷനിൽ മുസ്‌ലിം ലീഗിന്റെ അന്നത്തെ ജില്ലാ പ്രസിഡൻറ് അബ്ദുൾ സലാം ഹാജി മത്സരിച്ചിരുന്നു. 2005-ൽ വനിതാ സംവരണമായതോടെ ഈ ഡിവിഷൻ കോൺഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു. നിലവിൽ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ് എരുമേലി.

സീറ്റ് നിർണയത്തിൽ ജയസാധ്യത മാത്രമാണ് പരിഗണിച്ചതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. യു.ഡി.എഫിന്റെ ഐക്യത്തെ ബാധിക്കുന്ന ഒന്നും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബ്ലോക്ക് /ഗ്രാമപ്പഞ്ചായത്തുകളിലെ സീറ്റ് ചർച്ചയിൽ ലീഗിന് അർഹമായ പരിഗണന നൽകുന്നുണ്ടെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ലീഗ് ജില്ലാ നേതൃയോഗം ചേരുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന മുസ്‌ലിംലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. എരുമേലി ഒഴിച്ച് മറ്റൊരു സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം.

തീരുമാനമായില്ല ഇടതിൽ; 12-ൽ ഉറച്ച് ജോസ് പക്ഷം

:കേരള കോൺഗ്രസ് ജോസ് പക്ഷം 12 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ സി.പി.എം. -കേരള കോൺഗ്രസ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 13 സീറ്റാണ് ജോസ് വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നത്. 12 എങ്കിലും വേണമെന്നായിരുന്നു വ്യാഴാഴ്ച നടന്ന ചർച്ചയിൽ അവർ ആവശ്യപ്പെട്ടത്. ഇത് സി.പി.എം. അംഗീകരിച്ചില്ല. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. ജോസ് കെ.മാണി, സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 10 സീറ്റിൽ മത്സരിക്കാനാണ് സി.പി.എം. തീരുമാനം. എട്ടോ ഒൻപതോ സീറ്റ് നൽകാമെന്ന നിലപാടിലാണ് സി.പി.എം. വെള്ളിയാഴ്ചയും ചർച്ച തുടരും.