പൂഞ്ഞാർ : ഓരോ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്തും പൂഞ്ഞാറുകാർ തൊമ്മി മറിയം എന്ന അമ്മാമ്മയെ ഓർക്കും. നാല് പതിറ്റാണ്ടുമുൻപ് 1979-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ടൗൺ വാർഡിൽനിന്ന് വിജയിച്ച 83-കാരിയാണ് ഈ അമ്മാമ്മ.

കൈപ്പുഴയിൽനിന്നെത്തി പൂഞ്ഞാർ ടൗണിലെ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ആരോരുമില്ലാത്ത അമ്മാമ്മ ഇടത്, വലത് മുന്നണികളെ പരാജയപ്പെടുത്തി പഞ്ചായത്തംഗമായ ചരിത്രം പൂഞ്ഞാറുകാരുടെ മനസ്സിലുണ്ട്‌. 1979-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും തോൽപ്പിക്കാനായുള്ള പൂഞ്ഞാറിലെ പ്രമുഖയായ ഒരു വ്യക്തിയായാണ് അമ്മാമ്മയെ നാട്ടുകാർ കണ്ടെത്തിയത്. ഫലം വന്നപ്പോൾ നാട്ടിലെ പ്രമുഖരായ രണ്ട് സ്ഥാനാർഥികളോട് മത്സരിച്ച് അമ്മാമ്മ വിജയിച്ചു.

എരിയുന്ന തീപ്പന്തം ചിഹ്നത്തിലായിരുന്നു അമ്മാമ്മയുടെ വിജയം. ഈ വാർത്ത പത്രങ്ങളിലും റേഡിയോയിലും പ്രധാന വാർത്തകളായിരുന്നു. അമ്മാമ്മയ്ക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയാത്തതിനാൽ കൈവിരലടയാളം പതിച്ചാണ് അക്കാലത്തെ സിറ്റിങ്‌ ഫീസായി കിട്ടിയിരുന്ന 60 രൂപ കൈപ്പറ്റിയിരുന്നത്. ഏറെ കഴിയാതെ 1980-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എരിയുന്ന തീപ്പന്തത്തിൽ മത്സരിച്ച് രണ്ടായിരത്തോളം വോട്ടുകൾ നേടിയിരുന്നു.

പി.സി.ജോർജും വി.ജെ. ജോസഫുമായിരുന്നു മറ്റ്‌ സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പിൽ പി.സി.ജോർജ് വിജയിക്കുകയും ചെയ്തു. ഇതോടെ അമ്മാമ്മയെ തേടി ബന്ധുക്കൾ വന്നെങ്കിലും പൂഞ്ഞാറിലെ തന്റെ കടത്തിണ്ണയും തന്റെ വോട്ടറന്മാരെയും വിട്ടുപോകാൻ 1983-ൽ അമ്മാമ്മ മരിക്കുംവരെ തയ്യാറായില്ല.

അന്നുമുതൽ ഓരോ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇലക്ഷന് മത്സരിക്കുവാൻ വിസമ്മതിക്കുന്നവരോട് പൂഞ്ഞാറിലെ മുന്നണികൾ ചോദിക്കുന്ന ഒരുചോദ്യമാണ് ആരോരുമില്ലാത്ത അമ്മാമ്മയ്ക്ക് മത്സരിച്ച് ജയിക്കാമെങ്കിൽ നിനക്കെന്താ പറ്റാത്തേന്ന്.

Content Highlight: Member Ammama from Poonjar