കോട്ടയം : കോട്ടയത്തിന് ഇത് വെറുമൊരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പായിരുന്നില്ല.  ഒരു പാട് ചോദ്യത്തിനുള്ള ഉത്തരം തേടലായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം കാത്തിരുന്നത് ഒരു സംസ്ഥാനം ഒന്നാകെയണ്.  രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് ജോസഫാണോ ജോസ് ആണോ ശക്തര്‍ എന്നതായിരുന്നു ആ ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ജോസിനെ കൂടെ കൂട്ടി യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കിയാണ് എല്‍ഡിഎഫ് ജില്ലയില്‍ വിജയക്കൊടി പാറിച്ചത്. 

അപ്രതീക്ഷതമായി ചുവന്ന പഞ്ചായത്തുകള്‍ 

വര്‍ഷങ്ങളായി ഇടതുമുന്നണി കിണഞ്ഞു ശ്രമിച്ചിട്ടും ഇടത്തോട്ട് ചായാന്‍ കൂട്ടാക്കാതെ ഇരുന്ന പഞ്ചായത്തുകളില്‍  39 എണ്ണം ഇത്തവണ എല്‍ഡിഎഫിന്റെ കൂടെ പോന്നു. 2015ല്‍ 48 ഇടങ്ങളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ 24 ഇടങ്ങളിലേക്ക് ഒതുക്കി. ചരിത്രത്തില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പോലും യുഡിഎഫിനെ കൈവിട്ടു. ഈ പരാജയം എല്‍ഡിഎഫ് പോലും പ്രതീക്ഷിച്ചുകാണില്ല.  പള്ളിക്കത്തോട് മുത്തോളി  പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി.  മണര്‍കാട് പഞ്ചായത്തില്‍ യാക്കോബായ സഭയുടെ നിലപാട് എല്‍ഡിഎഫ് വിജയത്തില്‍ നിര്‍ണായകമായി 

അഭിമാന പോരാട്ടത്തിനൊടുവില്‍ പിടിച്ചെടുത്ത ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണിയും പിജെ ജോസഫും തമ്മിലുള്ള പടലപ്പിണക്കങ്ങളിലേക്ക് വഴി തെളിച്ചത്. ഇത് പിന്നീട് ജോസ് കെ മാണിയെ എല്‍ഡിഎഫ് പാളയത്തിലേക്കെത്തിച്ചു. പിതാവിനെ കോഴക്കള്ളനെന്നു വിളിച്ച അതേ പാര്‍ട്ടിയിലേക്ക് മകന്‍ ജോസ് കെ മാണി നടന്നുകയറി. നിയമസഭയിലെ കയ്യാങ്കളിയുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ വൈര്യങ്ങളും മറന്ന് എല്‍ഡിഎഫ് കെ.എം മാണിയുടെ മകനെ എകെജി സെന്ററിലേക്ക് ആനയിച്ചു. പിന്നീട് ജോസും ജോസഫും ചിഹ്നത്തിന് വേണ്ടി പോരടിച്ചതും കേരളം കണ്ടു. രണ്ടില നേടിയ ജോസ് കോട്ടയവും നേടുന്ന കാഴ്ചയാണ് ഇന്ന് കേരളം കണ്ടത്.

എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ഉടനെ ജോസ് ആദ്യം ചെയ്തത് കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.  അതേ ജില്ലാപഞ്ചായത്തില്‍  ജോസിനെ കൂടെ കൂട്ടി എല്‍ഡിഎഫ് വിജയിച്ചത് 14 സീറ്റുകളിലാണ്. കഴിഞ്ഞ തവണ ഇത് വെറും എട്ട് ആയിരുന്നു.  ജില്ലാ പഞ്ചായത്തിലേക്ക് നേരിട്ട് ഏറ്റുമുട്ടിയ അഞ്ചിടങ്ങളില്‍ നാലിലും ജോസ് കെ മാണിയ്ക്കായിരുന്നു വിജയം. 

പൂഞ്ഞാറിന്റെ ഒറ്റയാന്‍ പിസി ജോര്‍ജിന്റെ വിജയത്തിന് തുടര്‍ച്ച നല്‍കാന്‍ ഇത്തവണ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ഉണ്ടായിരുന്നു. മൂന്ന് മുന്നണികളോടും മത്സരിച്ച് അട്ടിമറി ജയം സ്വന്തമാക്കിയാണ് ഷോണ്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. 

ബ്ലോക്കില്‍ ബ്ലോക്കായി യുഡിഎഫ്

ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന്റെ തേരോട്ടത്തിന് ബ്ലോക്ക് സൃഷ്ടിച്ചത് ജോസ് കെ മാണിയാണ്.  കഴിഞ്ഞ തവണ എട്ടിടത്ത് വിജയിച്ച യുഡിഎഫ് ഇത്തവണ വിജയിച്ചത് ഒരേ ഒരു ബ്ലോക്കില്‍ മാത്രമാണ്‌. ബാക്കി 10 ബ്ലോക്കുകളും ചുവപ്പണിഞ്ഞു. ക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് തന്നെ. 

കൈവിട്ടുപോയ പാല

ഇരുട്ടത്ത് ഏറ്റ അപ്രതീക്ഷിത അടിയാണ് പാല നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 25 വര്‍ഷത്തിന് ശേഷമാണ് പാല യുഡിഎഫിനെ കൈവിടുന്നത്. കെ.എം മാണിയുടെ ആദ്യ ഭാര്യ ആണ് പാല. മകന്‍ അച്ഛന്റെ ഭാര്യയെ തിരിച്ചുപിടിച്ചെന്നുമാത്രം.  നഗരസഭകളില്‍ കോട്ടയത്തും ഏറ്റുമാനൂരും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ചങ്ങനാശ്ശേരിയും വൈക്കവും എല്‍ഡിഎഫ് സ്വന്തമാക്കി. മാണി സി കാപ്പന്‍ ഇടഞ്ഞു നിന്നിട്ടും പാല എല്‍ഡിഎഫ് തൂത്തുവാരി. 

നടന്നത് അഭിമാന പോരാട്ടം

എല്‍ഡിഎഫിനൊപ്പം പോയതുകൊണ്ട് ജോസിന് വിജയിച്ചെ മതിയാകുമായിരുന്നുള്ളു. ഇല്ലെങ്കില്‍ എല്‍ഡിഎഫിലെ സ്ഥാനം തന്നെ പരുങ്ങലിലാകും. യുഡിഎഫിനാകട്ടെ കേരളാ കോണ്‍ഗ്രസ് ഇല്ലാതെയുള്ള വിജയം കൊയ്യാനുള്ള അവസരമായിരുന്നു ഈ തിരഞ്ഞെടുപ്പ്.  മാണിയുടെ പാര്‍ട്ടി പോയാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു വോട്ടെണ്ണും വരെ യുഡിഎഫ്. ഒരു പക്ഷേ വിജയം മറിച്ചായിരുന്നുവെങ്കില്‍ അച്ഛന്റെ പേരിന്റ നിഴലില്‍ ഒതുങ്ങിപ്പോകുമായിരുന്ന മകനായിരുന്നേനെ ജോസ് കെ മാണി. അതിനാല്‍ തന്നെ കോട്ടയം ചുവപ്പണിയുമ്പോള്‍ ആ വിജയം ജോസ് കെ മാണിയുടേത് കൂടിയാകുന്നു. കേരളത്തില്‍ പൊതുവേ ഉണ്ടായിരുന്ന എല്‍ഡിഎഫ് ട്രെന്റ് സ്വഭാവികമായും കോട്ടയത്തും പ്രകടമായിട്ടുണ്ട്.  എങ്കിലും രാഷ്ട്രീയ അസ്ഥിത്വത്തിനുവേണ്ടി ചിരവൈരികളായിരുന്നവരുടെ പാളയത്തിലേക്ക് എല്ലാം മറന്നു നടന്നുകയറിയ ജോസ് കെ മാണിയുടെ ചങ്കൂറ്റത്തിന് അവകാശപ്പെട്ടതാണ് ഈ വിജയം.

Content Highlight:  Local Body Election LDF victory kottayam