ചങ്ങനാശ്ശേരി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും വിമതരായി മത്സരരംഗത്ത്.

തൃക്കൊടിത്താനത്ത് ഐ ഗ്രൂപ്പിനെ പൂർണമായും വെട്ടിനിരത്തി.കോൺഗ്രസ് ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എം.ഡി.ദേവരാജൻ ആണ് വിമതനായി മത്സരിക്കുന്നത്.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വെരൂർചിറ ഡിവിഷനിലാണ് ഐ ഗ്രൂപ്പുകാരനായ ദേവരാജൻ മത്സരിക്കുന്നത്.ഐ ഗ്രൂപ്പുകാരൻ തന്നെയായ വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വർഗീസ് ആന്റണിയാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി.

ചങ്ങനാശ്ശേരി നഗരസഭയിലെ മൂപ്പത്തിമൂന്നാം വാർഡിലാണ് എ ഗ്രൂപ്പുകാരനായ യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജ്ജാദ് വിമതനായി മത്സരിക്കുന്നത്.എ ഗ്രൂപ്പുകാരൻ തന്നെയായ ബാബു തോമസിനാണ് ഈ വാർഡിൽ കോൺഗ്രസ് സീറ്റ്.

അതേ സമയം അവസാന നിമിഷംവരെ സീറ്റുധാരണ നീണ്ട തൃക്കൊടിത്താനത്ത് ഐ ഗ്രൂപ്പിനെ പൂർണമായും വെട്ടിനിരത്തി.

സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഡി.സി.സി മെമ്പറായ സനൽ മാടപ്പാട് പാർട്ടിയിൽനിന്ന് രാജിവച്ചിരുന്നു.

തൃക്കൊടിത്താനം പഞ്ചായത്ത് പരിധിയിലുള്ള രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എ ഗ്രൂപ്പ് പിടിച്ചെടുത്തു. ഓരോ സീറ്റിൽ എയും ഐയും മത്സരിക്കുന്നതായിരുന്നു പതിവ് .ഇത് ലംഘിച്ചാണ് രണ്ടു ഡിവിഷനും എ പിടിച്ചെടുത്തതെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു.

കോട്ടമുറി ഡിവിഷനിൽ മനുകുമാർ, തൃക്കൊടിത്താനം ഡിവിഷനിൽ വിനോദ് എന്നിവരാണ് സ്ഥാനാർഥികൾ. രണ്ടുപേരും എ വിഭാഗക്കാരാണ്.കോട്ടമുറി ഡിവിഷനു വേണ്ടി അവസാന നിമിഷം വരെ രംഗത്ത് ഉണ്ടായിരുന്ന ഐ ഗ്രൂപ്പുകാരനായ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗിരീഷ് കുമാർ പിള്ളയെ ഒഴിവാക്കിയാണ് മനുവിന് സീറ്റ് നൽകിയത്.തൃക്കൊടിത്താനം ഡിവിഷനിൽ രംഗത്ത് ഉണ്ടായിരുന്ന ഗ്രാമപ്പഞ്ചായത്ത് സിറ്റിങ്‌ മെമ്പർ എം.കെ.രാജുവിനെയും ഒഴിവാക്കി.രണ്ടിടത്തും പത്രിക നൽകിയ രാജുവിന് നേതൃത്വം യഥാസമയം വിവരം അറിയിക്കാതിരുന്നതിനാൽ പഞ്ചായത്തിലെ പത്രിക പിൻവലിക്കാനായില്ല.

ഐ ഗ്രൂപ്പിന് ശക്തമായ സ്വാധീനമുള്ള തൃക്കൊടിത്താനം പഞ്ചായത്തിൽ ഒരു ജനറൽ സീറ്റ് മാത്രമാണ് ഐ ഗ്രൂപ്പിന് ലഭിച്ചത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ജി.സനൽകുമാർ മാത്രമാണ് സീറ്റ് ലഭിച്ച ഐ വിഭാഗക്കാരൻ.അഞ്ചാം വാർഡിൽ മത്സരിക്കുന്ന സനൽകുമാറിനെതിരേ വനിതാ സിറ്റിങ്‌ മെമ്പർ വിമതയായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ സി.പി.ഐ. സ്ഥാനാർഥിയായി മത്സരിച്ച് അടുത്തയിടെ കോൺഗ്രസിൽ മടങ്ങി എത്തിയയാൾക്ക് എ ഗ്രൂപ്പ് അക്കൗണ്ടിൽ സീറ്റ് നൽകി.ഇദ്ദേഹത്തിന് സീറ്റ് നൽകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. തൃക്കൊടിത്താനത്ത് മൂന്ന് വാർഡുകളിൽ കോൺഗ്രസ് വിമതർ മത്സര രംഗത്ത് ഉണ്ട്.

Content Highlight: Kottayam Local News 2020