
ലതിക സുഭാഷ്
കോട്ടയം : പനച്ചിക്കാട് ഒൻപതാം വാർഡിലെ വിജയം പ്രിയ മധുവിന് പ്രിയമധുരമായി. പ്രചാരണത്തിനിടെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് പ്രിയ വിജയവാർത്ത അറിയുന്നത്. 45 വോട്ടിന്റെ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയയ്ക്ക്.
വോട്ട് ചോദിച്ച് ഒരു വീട്ടിൽനിന്ന് സ്‌കൂട്ടറിൽ വഴിയിലേക്കിറങ്ങവേയാണ് പ്രിയയെ കാറിടിച്ച് വീഴ്ത്തിയത്.
ആന്തരിക രക്തസ്രാവത്തോടെ ഗുരുതരാവസ്ഥയിലായി ഏതാനും ദിവസം തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും ഇപ്പോഴും ആശുപത്രിയിലാണ്.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ ചേച്ചിയാണ് പ്രിയ. വിജയവാർത്തയുമായി ലതിക ആശുപത്രിയിലെത്തിയപ്പോൾ സന്തോഷം കൊണ്ട് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു പ്രിയ.
തന്റെ അസാന്നിധ്യത്തിൽ പ്രചാരണത്തിൽ പിന്നോട്ടുപോകാതെ പ്രവർത്തകർ സമ്മാനിച്ച വിജയമാണിതെന്ന് പ്രിയ പറഞ്ഞു. മുൻ പഞ്ചായത്ത് കമ്മിറ്റിയിൽ ഇതേ വാർഡിൽനിന്ന് വിജയിച്ച് അംഗമായിരുന്നു. ഇത്തവണ ജനറൽ വാർഡായെങ്കിലും പാർട്ടി പ്രിയയെതന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Content Highlight: Local Body Election Kottayam 2020