തിരഞ്ഞെടുപ്പുതലേന്ന് പൂര്‍ത്തിയാക്കേണ്ട ഒരുപാട് ജോലികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. പോളിങ് സാമഗ്രികളുമായി ബൂത്തിലെത്തുന്നതുമുതല്‍ ജോലി തുടങ്ങും. ഇതിനിടയില്‍ അമളിയും രസകരവുമായ അനുഭവങ്ങളുമേറെയാണ്. അത്തരം ചില സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ഓര്‍ത്തെടുക്കുമ്പോള്‍...

ചങ്ങനാശ്ശേരി: ഒരു പോളിങ് ബൂത്തില്‍ അര്‍ധരാത്രിക്ക് ശേഷവും ജോലികള്‍ നീണ്ടു. ഇനി ഉറങ്ങാന്‍ കഴിയില്ല. കുളിയും മറ്റും ആയേക്കാമെന്നു കരുതി ഒരു ഉദ്യോഗസ്ഥന്‍ അതിനായി പോയി. ഒരു പള്ളിയോടു ചേര്‍ന്നുള്ള കെട്ടിടമാണ് ബൂത്ത്. ശ്മശാനസമീപമാണ് ശൗചാലയം. ഒന്നാമതായ ഉദ്യോഗസ്ഥന്‍ പോയി കഴിഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥനും പോയി. ഒന്നാമനിത് അറിഞ്ഞില്ല. ഒന്നാമന്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നാമന് ആളെ മനസ്സിലായിക്കോട്ടെ എന്ന് കരുതി രണ്ടാമന്‍ കൈയിലിരുന്ന ടോര്‍ച്ച് സ്വന്തം മുഖത്തടിച്ച് ചിരിച്ചുകാണിച്ചു. പക്ഷേ, വിപരീതഫലമാണ് ഉണ്ടായത്. ശ്മശാനസാമീപ്യം. വെളിച്ചവുമില്ല. സാഹചര്യം രണ്ടും കൂടിയായപ്പോള്‍ ഒന്നാമന് രണ്ടാമനെ പ്രേതമായാണ് തോന്നിയത്. ഒന്നാമന്‍ ഭയന്ന് നിലവിളിച്ച് വിയര്‍ത്തുകുളിച്ച് ബൂത്തിലെത്തി. രണ്ടാമന്‍ പറഞ്ഞതൊന്നും കേട്ടില്ല. ബൂത്തിലെത്തിയ ഒന്നാമന്റെ മട്ടും ഭാവവും എല്ലാവരെയും ഭയപ്പെടുത്തി. രണ്ടാമന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാവരുടെയും ഭയം ചിരിക്ക് വഴിമാറി. ഒന്നാമനൊരു വിളറിയ ചിരിയും.

കണ്‍ട്രി ടെയില്‍

കറുകച്ചാലിലെ സ്‌കൂളിലെ ഒരു പ്രിന്‍സിപ്പല്‍ ഒരു പഴയ പോളിങ് അനുഭവം പറഞ്ഞതിങ്ങനെ... പോളിങ് സ്റ്റേഷനിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങി. പട്ടിക നോക്കിയപ്പോള്‍ കണ്‍ട്രി ടെയില്‍. ഇങ്ങനൊരു സാധനം എനിക്ക് കിട്ടിയില്ലല്ലോ. അധികൃതരെ അറിയിച്ചു. സാര്‍, ആ സഞ്ചിയിലുണ്ട്. ഇതെന്താണെന്ന് കാണിച്ചുതരൂ. എനിക്ക് കിട്ടിയെന്ന് തോന്നുന്നില്ല. അവസാനം അവര്‍ രണ്ടുമൂന്ന് കെട്ട് ചാക്കുനൂല്‍ സാറിന്റെ കൈയില്‍ കൊടുത്തു. ഇതാണ് സാര്‍ 'കണ്‍ട്രി ടെയില്‍'.

പട്ടികയിലില്ലാത്ത കവര്‍

ചങ്ങനാശ്ശേരി താലൂക്കിലെ ഒരു പോളിങ് സ്റ്റേഷനില്‍ നിയോഗിച്ച അധ്യാപികയായ പ്രിസൈഡിങ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച കവറുകളില്‍നിന്ന് വ്യത്യസ്തമായി വ്യാഴാഴ്ച വൈകീട്ട് ഒരു കവര്‍ ലഭിച്ചു. ഇതെന്താ ഈ കവര്‍. ഇത് പട്ടികയിലില്ലല്ലോ. ആകാംക്ഷയോടെ കവര്‍ തുറന്നു. പോളിങ് ദിവസം ലഭിച്ച ഭക്ഷണത്തിന്റെ ബില്ലാണ്. ടീച്ചര്‍ പറഞ്ഞതിങ്ങനെ: രാഷ്ട്രീയക്കാര്‍ സ്നേഹത്തോടെ ഭക്ഷണം നല്‍കിയതാണെന്നാണ് കരുതിയത്. കൃത്യസമയത്ത് നല്ല ഭക്ഷണം. പക്ഷേ, വൈകീട്ട് ഈ ബില്ല് പുതിയൊരു കവറായി എത്തുമെന്ന് കരുതിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭക്ഷണത്തിന് വേണ്ട അലവന്‍സും നല്‍കിയതുകൊണ്ട് പ്രശ്നമായില്ലെന്ന് പുഞ്ചിരിയോടെ ടീച്ചര്‍ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്തിലേക്ക് മാത്രമേ വോട്ടിടൂ

ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ഒരു ബൂത്തിലെത്തിയ വോട്ടര്‍ ആദ്യംതന്നെ നിലപാടറിയിച്ചു. എനിക്ക് ഒരു വോട്ട് ചെയ്താല്‍ മതി. പോളിങ് ഏജന്റുമാര്‍ യാചിച്ച് നോക്കി. രക്ഷയില്ല. വോട്ടിങ് പൂര്‍ത്തിയാകണമെങ്കില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. എനിക്ക് ഗ്രാമപഞ്ചായത്തിലേക്ക് മാത്രം ചെയ്താല്‍ മതി. നിലപാടിലുറച്ച് വോട്ടര്‍. അവസാനം എന്‍ഡ് ബട്ടണ്‍ ഞെക്കി വോട്ടിങ് പൂര്‍ത്തിയാക്കി.

ഞാന്‍ സ്‌കൂട്ടറിനെ കുത്തൂ

കോട്ടയം ജില്ലയിലെ ഒരു പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യാനെത്തിയ പ്രായം ചെന്നയാള്‍ ഇ.വി.എം. മെഷീന്റെ അടുത്ത് ചെന്ന് നോക്കിനില്‍ക്കുന്നു. പ്രിസൈഡിങ് ഓഫീസര്‍ ഇത് കണ്ട് അദ്ദേഹത്തിന്റെ അടുത്തെത്തി വോട്ട് ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. അവസാനം അയാള്‍ പറഞ്ഞു 'മോളെന്തൊക്കെ പറഞ്ഞാലും ഞാന്‍ സ്‌കൂട്ടറിനെ വോട്ടു ചെയ്യൂ.'

ടീമംഗങ്ങളെ കണ്ടെത്തുന്നതിലെ തമാശ

വിതരണകേന്ദ്രത്തിന് പുറത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ തന്റെ ടീമംഗങ്ങളെ കണ്ടെത്താന്‍പെട്ട പാട് രസകരമായിരുന്നു. ഫോണില്‍ കണ്ട രൂപങ്ങള്‍ വെച്ച് ഓരോരുത്തരെ തോണ്ടിവിളിച്ചു. പ്രതീക്ഷകള്‍ തെറ്റി. അന്വേഷിച്ച് ചെന്നയാളായിരുന്നില്ല അത്. വീണ്ടും അന്വേഷണം തുടര്‍ന്നു. അമളികള്‍ ഓരോന്നായി പറ്റി കൂട്ടത്തിലുള്ളവരുടെ അടുത്തെത്തി.

Content Highlight: Local Body Election Kottayam 2020