കോട്ടയം : തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഞായര്‍ മുതലാക്കി മുന്നണികളും സ്ഥാനാര്‍ഥികളും. വോട്ടര്‍മാര്‍ ഒഴിവ് ദിവസമായതിനാല്‍ വീട്ടില്‍ കാണുമെന്നതിനാല്‍ പരമാവധി പേരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികള്‍ പരക്കം പാഞ്ഞു. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും മത്സരിക്കുന്നവര്‍ വീടുകയറുന്നതില്‍ ശ്രദ്ധിച്ചപ്പോള്‍ ബ്ലോക്ക്, ജില്ലാ സ്ഥാനാര്‍ഥികള്‍ പരമാവധി വാര്‍ഡ് ആസ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ശ്രമിച്ചു.

ഞായര്‍ തന്ത്രങ്ങള്‍ ഇങ്ങനെ

പോളിങ് സ്റ്റേഷന് സമീപം സ്വന്തം ബൂത്തുകള്‍ തുറക്കാന്‍ മിക്കവരും സ്ഥലം കണ്ടെത്തി. അവിടെ തൂണ് നാട്ടി സ്ഥലം ഉറപ്പിച്ചു. വോട്ടിന് തലേന്ന് ഇതിന് പോയാല്‍ നല്ല സ്ഥലം മറ്റുള്ളവര്‍ കൊണ്ടുപോകും എന്നതിനാലാണിത്.

ആരാധനാലയങ്ങളില്‍ ജനങ്ങള്‍ എത്തുന്ന ദിനമായതിനാല്‍ പല സ്ഥാനാര്‍ഥികളും അതിരാവിലെ അതിന് ചുറ്റുവട്ടത്ത് തമ്പടിച്ചു.

സമുദായ, മതനേതാക്കളെ കാണുന്നതിന് സമയം ചെലവഴിച്ചവരുമുണ്ട്. വിശ്വാസികളെ തന്നെക്കുറിച്ച് ഓര്‍മിപ്പിക്കണമെന്ന് അപേക്ഷിച്ച് എത്തിയവരുമുണ്ട്.

സ്ഥലത്തെ പ്രധാന വ്യക്തികളെ കണ്ട് വോട്ട് ഉറപ്പിക്കല്‍. കുടുംബയോഗങ്ങളുടെ രക്ഷാധികാരികള്‍, പ്രസിഡന്റുമാര്‍ എന്നിവരെയാണ് മിക്കവരും ആശ്രയിച്ചത്. ഇവര്‍ പറഞ്ഞാല്‍ മറ്റ് കുടുംബാംഗങ്ങളുടെ വോട്ട് കിട്ടും എന്നതിനാലാണിത്.

പട്ടിക വിശകലനം. വോട്ട് ഉറപ്പുള്ളവരെ ഒഴിവാക്കി ആടിനില്‍ക്കുന്നവരെ ഉറപ്പിക്കല്‍.ഇവരുമായി അടുപ്പമുള്ളവരെ കൊണ്ട് വിളിപ്പിക്കുക തുടങ്ങിയ രീതികള്‍.

അവസാന റൗണ്ട് നോട്ടീസ്, പ്രചാരണസാമഗ്രി വിതരണം. ചില സ്ഥാനാര്‍ഥികള്‍ പ്രളയകാലത്ത് ചെയ്ത സേവനം അടക്കമുള്ളവ ബുക്ക്ലെറ്റായി വീടുകളില്‍ എത്തിച്ചു. ഇതിന് അഞ്ച് വര്‍ഷത്തെ പേപ്പര്‍ കട്ടിങ്ങുകളും ഉപയോഗിച്ചു.