അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ 3500 കുടുംബങ്ങളുടെ പ്രശ്‌നം പട്ടയമാണ്. വോട്ടുചോദിച്ചെത്തുന്നവരോടും അവര്‍ക്ക് വേദനയോടെ പറയാനുള്ളത് ആ പ്രശ്‌നമാണ്. എല്ലാ തവണയും സ്ഥാനാര്‍ഥികള്‍ വരും. ഇപ്പോ ശരിയാക്കാമെന്ന് മോഹനസുന്ദര വാഗ്ദാനം നല്‍കി അവര്‍ മടങ്ങും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരുടെയും പൊടിപോലും കാണില്ല. പരാതിയുമായി കല്ലാര്‍കുട്ടിക്കാര്‍ വീണ്ടും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങികൊണ്ടേയിരിക്കും.

ഏഴുപതിറ്റാണ്ടായി പട്ടയമില്ലാതെ

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ പത്തുചെയിന്‍ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഏഴുപതിറ്റാണ്ടായി ഭൂമിയില്‍ അവകാശമില്ലാതെ കഴിയുന്നത്. ഇവര്‍ മിക്കവരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം. തിരഞ്ഞെടുപ്പുകാലത്ത് പട്ടയപ്രശ്‌നം സജീവമായി ചര്‍ച്ചചെയ്യും. കഴിഞ്ഞാല്‍ ആറിത്തണുക്കും. ഇനി അങ്ങനെ പറ്റില്ല. എന്ന് പട്ടയം കിട്ടുമെന്ന് വ്യക്തമായി തങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നാട്ടുകാര്‍ പറയുന്നു.പട്ടയം ലഭിക്കാത്തതുകൊണ്ട് പ്രദേശത്തെ കൃഷിക്കാര്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. കുടിയേറ്റകാലത്തിന് സമാനമായാണ് ഇപ്പോഴും പ്രദേശം. ആകെയുള്ള വികസനം ഒരു ഹൈവേയാണ്.

യാതൊരു സഹായവും കിട്ടുന്നില്ല

പട്ടയമില്ലാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ യാതൊരു സഹായവും കിട്ടുന്നില്ല. റബ്ബര്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തറവില, കുരുമുളക് പുനരുദ്ധാരണപദ്ധതിക്ക് നല്‍കുന്ന സബ്‌സിഡി, കൊക്കോ പുനരുദ്ധാരണ പദ്ധതി, അങ്ങനെ കാര്‍ഷികമേഖലയിലെ യാതൊരു സബ്‌സിഡിയും പുനരുദ്ധാരണ പാക്കേജുകളും പ്രദേശത്തെ കൃഷിക്കാരന് ഇല്ല. കോവിഡ് പ്രതിസന്ധി മറികടക്കാന്‍വേണ്ടി കൃഷിക്കാര്‍ക്ക് നബാര്‍ഡുവഴി കോ-ഓപ്പറേറ്റീവ് ബാങ്കുകളിലൂടെ വിതരണംചെയ്ത വായ്പയും പ്രദേശവാസികള്‍ക്ക് ലഭിച്ചില്ല. പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസലോണ്‍പോലും കിട്ടുന്നില്ല.

'എല്ലാ രീതിയിലും രണ്ടാംതരം പൗരന്മാരെപ്പോലെയാണ് ജീവിതം. ഇടുക്കിയിലെ പല അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശത്ത് പട്ടയം നല്‍കി. പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്ക് നല്‍കുന്നില്ല...' കല്ലാര്‍കുട്ടി നിവാസികളുടെ ചോദ്യം സ്ഥാനാര്‍ഥികളോടാണ്.

Content Highlight: Local Body Election Kottayam 2020