കോട്ടയം : കേരള കോൺഗ്രസുകളിലെ തർക്കവും പിളർപ്പും കഴിഞ്ഞപ്പോൾ ഇരുവരെയും തത്കാലം അടയാളപ്പെടുത്താൻ ചെണ്ടയും ടേബിൾ ഫാനും.രണ്ടില തത്കാലം നിയമനടപടികളുടെ ഫ്രീസറിലും ഇരിക്കും. മുമ്പ് അവിഭക്ത കേരള കോൺഗ്രസിന്റെ ചിഹ്നമായിരുന്ന കുതിരയെ 1987-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത് പോലുള്ള മറ്റൊരു നടപടി. രണ്ടിലയും കുതിരയെപ്പോലെ പാർട്ടിമ്യൂസിയത്തിലെ ഒാർമചിത്രമാകുമോ എന്ന ആശങ്കയാണ് കേരള കോൺഗ്രസ് അണികൾക്കുള്ളത്.

ഇപ്പോൾ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീർപ്പോടെ കേരള കോൺഗ്രസ് കുടുംബത്തിലേക്ക് ഒരു വർഷത്തിനിടെ കടന്നുവന്നത് മൂന്ന് ചിഹ്നങ്ങളായി.പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോസ് പക്ഷം സീറ്റ് നേടുകയും പി.ജെ. ജോസഫ് രണ്ടില നിഷേധിക്കുകയും ചെയ്തതോടെ കൈതച്ചക്കയെ ആശ്രയിക്കേണ്ടിവന്നിരുന്നു. കൃഷിക്കാരുടെ ഇഷ്ടഭക്ഷ്യവിഭവമായതിനാൽ കൈതച്ചക്കയെ ജനം തള്ളില്ലെന്നാണ് അന്ന് സ്ഥാനാർഥിയായിരുന്ന ജോസ് ടോം വിശേഷിപ്പിച്ചത്.

ഇരുകൂട്ടരും തമ്മിലുള്ള പോര് ശക്തമായിരുന്ന കാലമായിരുന്നു അന്ന്. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ജോസ് കെ.മാണിയുടെ അനുയായികൾ പറഞ്ഞത് മാണിസാറാണ് ചിഹ്നമെന്നാണ്. പി.ജെ. ജോസഫ് രണ്ടിലയ്ക്ക് കത്ത് തരുമോ എന്ന ചോദ്യത്തിന് എളുപ്പത്തിൽ മറുപടി പറഞ്ഞെങ്കിലും ജോസഫ് മനസ്സിൽ കുറിച്ചത് കാണാനിരിക്കുന്നതേയുള്ളായിരുന്നു.

നോമിനേഷൻ കൊടുക്കേണ്ട ദിവസം ജോസഫ് വരണാധികാരിക്ക് നൽകിയ കത്ത് കണ്ട് ജോസ് കെ.മാണി ഞെട്ടി. ജോസ് ടോം കേരള കോൺഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർഥിയല്ലെന്നും രണ്ടില അനുവദിച്ചില്ലന്നുമായിരുന്നു നിലപാട്. ഇതോടെയാണ് കൈതച്ചക്കയെ ആശ്രയിക്കേണ്ടിവന്നത്.രണ്ടില അനുവദിക്കാഞ്ഞത് പിന്നീട് ഇരുവരും തമ്മിലുള്ള പോരിൽ മറ്റൊരു ആയുധമായി. മാണിയുടെ രണ്ടിലയെ ജോസഫ് തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞാണ് അന്ന് വിലപിച്ചത്.

യുദ്ധം പണ്ടും

32 വർഷം കേരള കോൺഗ്രസ് എമ്മിന്റെ സ്വന്തം ചിഹ്നമായിരുന്നു രണ്ടില.1987- ൽ പി.ജെ. ജോസഫുമായി വഴിപിരിഞ്ഞശേഷമാണ് പാർട്ടി ചെയർമാൻ കെ.എം. മാണി പാർട്ടി ചിഹ്നമായി രണ്ടില സ്വന്തമാക്കുന്നത്. 1984 -ൽ മാണിയും ജോസഫും ഒന്നിച്ചുള്ള കേരള കോൺഗ്രസായിരുന്നു. 84-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുതിരയായിരുന്നു പാർട്ടി ചിഹ്നം. പാർട്ടിക്ക് മൂന്നുസീറ്റുകൾ കിട്ടുകയും ചെയ്തു. അന്ന് കെ.എം. മാണി പാർലമെൻററി പാർട്ടി ലീഡറും ജോസഫ് പാർട്ടി ചെയർമാനുമായിരുന്നു. 1987-ലെ പിളർപ്പിനെത്തുടർന്ന് പുതിയ പേരും ചിഹ്നവുമായി കെ.എം. മാണി മൂന്നുപതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. രണ്ടിലയിൽ മാണിയും സൈക്കിളിൽ ജോസഫും മുന്നോട്ടുപോയി. കുതിരയെ കമ്മിഷൻ മരവിപ്പിച്ചു. 2010-ൽ ജോസഫും മാണിയും ലയിച്ചതോടെയാണ് ജോസഫ് സൈക്കിളിൽനിന്ന് ഇറങ്ങിയത്.