വൈക്കം : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് ഫ്ളക്സ് ബോർഡുകൾ പുറത്തുപോയതോടെ പഴയകാല പ്രതാപത്തിലേക്കെത്തുകയാണ് ബാനറെഴുത്ത് രംഗം. മുന്നണികൾ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടതോടെ ബാനറെഴുത്തിന്റെ തിരക്കിലാണ് വൈക്കം ചതുക്കോപ്പള്ളിയിൽ ചന്ദ്രശേഖരമേനോൻ എന്ന പി.സി.മേനോൻ.

അച്ഛൻ എൻ.പി. മേനോന്റെ പാത പിന്തുടർന്ന പി.സി.മേനോൻ 15-ാം വയസ്സിലാണ് വരയിലേക്ക് എത്തുന്നത്. മേനോൻ ആർട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ്. 65 വയസ്സുള്ള മേനോൻ ഈ മേഖലയിൽ എത്തിയിട്ട് 50 വർഷം.

'ആദ്യകാലങ്ങളിൽ ബാനറെഴുത്തും ചുവരെഴുത്തും മാത്രമാണുണ്ടായിരുന്നത്. പാർട്ടിവ്യത്യാസമില്ലാതെ എല്ലാവർക്കും ബാനറുകൾ എഴുതിയിരുന്നു. തടിമില്ലുകളിൽനിന്ന്‌ ലഭിക്കുന്ന പാഴ്‌പലക കൂട്ടി ചതുരത്തിൽ തറയ്ക്കും. അതിൽ തുണിവെച്ചുതറച്ച് പല കളറുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ പേരും ചിഹ്നവും എഴുതും. ഒരു ബാനറിന് 600 രൂപയാണ്. ചിഹ്നവും വിവരങ്ങളും മാത്രം നൽകിയാൽ മതി.’-മേനോൻ പറയുന്നു. ഫ്ലക്സിന്റെ കടന്നുകയറ്റത്തോടെ ബാനറെഴുത്ത് പിന്തള്ളപ്പെട്ടിരുന്നു. അതിൽ മാറ്റം വന്നതിന്റെ സന്തോഷത്തിലാണ് മേനോൻ. മല്ലികയാണ് ഭാര്യ. തിരക്കുള്ള സമയങ്ങളിൽ മക്കളായ അഡ്വ. ചിത്രാ മേനോനും അതുൽ മേനോനും സഹായത്തിനെത്താറുണ്ട്.

തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കും-കളക്ടർ

കോട്ടയം : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകും നടത്തുകയെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു. പരിസ്ഥിതി സൗഹൃദ രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പുലർത്തമെന്ന് നിർദേശിച്ചു. ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട സഹായത്തിന് ഹരിത കേരളം മിഷനെയും ശുചിത്വ മിഷനെയും ബന്ധപ്പെടാം. ഫോൺ: 8848893176, 9188120325.

Content Highlight: Local Body Election  Kottayam 2020