പാലാ: കരൂര്‍ പഞ്ചായത്ത് എന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു. ഒറ്റയ്ക്കുനിന്നാലും മുന്നണിയായി കൂടിയാലും വിജയി കെ.എം. മാണിയുടെ പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസ്സും ചില മേഖലകളില്‍ വിജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സാഹചര്യം വേറിട്ടതാണ്.

കേരള കോണ്‍ഗ്രസ്സിലെ ജോസ് വിഭാഗം ഇടതുപക്ഷത്തും ജോസഫ് വിഭാഗം യു.ഡി.എഫിലുമാകുമ്പോള്‍ വിജയം തങ്ങള്‍ക്കുറപ്പാണെന്ന് ഇരു മുന്നണികളും മനക്കോട്ട കെട്ടുന്നു.സമീപ പഞ്ചായത്തുകളിലെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ച ബി.ജെ.പിക്ക് ഇത്തവണ അക്കൗണ്ട് തുറക്കേണ്ടത് അനിവാര്യതയാണ്.

ഒറ്റയ്ക്ക് ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷമാണ് ജോസ് വിഭാഗം ആഗ്രഹിക്കുന്നത്. മുന്‍കാലങ്ങളില്‍ അവര്‍ക്ക് ആ വിജയം അനായാസമായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരം മോഹങ്ങളെല്ലാം ജലരേഖയാണെന്ന് യു.ഡി.എഫ്. പറയുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിലൂടെ വലിയൊരു വിഭാഗം അനുഭാവികള്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നിലകൊണ്ടുവെന്ന് അവര്‍ അവകാശപ്പെടുന്നു. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ സ്വന്തം തട്ടകമായ കരൂരില്‍ മികച്ച വിജയം ഉറപ്പാക്കേണ്ടത് അനിവാര്യതയാണ്.

15 വാര്‍ഡുകളാണ് കരൂരിലുള്ളത്. ഇടതുപക്ഷത്ത് കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്. എന്നാല്‍ സി.പി.ഐക്ക് ഈ ധാരണയോട് യോജിക്കാനായില്ല. അവര്‍ കരൂരില്‍ ഏഴ് വാര്‍ഡുകളില്‍ ഒറ്റയ്ക്ക് അങ്കത്തട്ടിലിറങ്ങി. ഇത് ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് ഫലത്തെ എങ്ങനെ സാധിക്കുമെന്ന് കാത്തിരുന്ന് കാണണം.

ജോസ് വിഭാഗം പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തേക്ക് പോയാലും അനുഭാവികളുടെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്ന് യു.ഡി.എഫ്. കണക്കാക്കുന്നു.

അനൈക്യമില്ലാതെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയതും ഗുണകരമാകുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറയുന്നു. എന്നാല്‍ പരമ്പരാഗതമായ യു.ഡി.എഫ്. വോട്ടുകള്‍ കേരള കോണ്‍ഗ്രസ്സിന്റേതാണെന്ന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ പറയുന്നു.

ജോസഫ് വിഭാഗത്തിന് ചലനങ്ങളുണ്ടാക്കുവാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.

മിക്ക വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും വോട്ടുകള്‍ ചേര്‍ന്നാല്‍ വന്‍വിജയമാണ് എല്‍.ഡി.എഫ്.നേടുകയെന്നും അവര്‍ പറയുന്നു. ബി.ജെ.പി. 12 വാര്‍ഡുകളിലാണ് മത്സരിച്ചത്