മ്മന്‍ചാണ്ടിയുടെ നാട്ടിലാണ്. പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ പരിസരത്തെത്തുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ വലിയ ബഹളങ്ങളൊന്നും കാണാനില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. പോസ്റ്ററുകള്‍ കണ്ടാല്‍ മത്സരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണോയെന്ന് സംശയിക്കും. യു.ഡി.എഫ്. പോസ്റ്ററുകളിലെല്ലാം അദ്ദേഹം നിറഞ്ഞിരിക്കുന്നു. കോട്ടയം ടൗണിലേക്കെത്തിയാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പോസ്റ്ററിലെത്തും.

മോദിയുടെ ചിത്രംവെച്ചാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ വോട്ടുതേടുന്നത്. പുതുപ്പള്ളിയില്‍ നാടന്‍ കറിപ്പൊടികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരി ലേഖ പറഞ്ഞു. ''എന്നാ പറയാനാ... കോവിഡായതിനാല്‍ ഇത്തവണ ഇലക്ഷന് വല്യ ചൂടൊന്നുമില്ല''. പക്ഷേ, സംസാരിച്ച ഓരോ മുഖങ്ങളും പറയുന്നത് ജോസ് കെ. മാണി എല്‍.ഡി.എഫിലെത്തിയതിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ്.

റബ്ബര്‍ പോലെ വലിയുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ഏറെ കണ്ടിട്ടുണ്ട് ഇന്നാട്ടുകാര്‍. ജോസ് കെ. മാണി വന്നതിനാല്‍ എല്‍.ഡി.എഫിന് ജില്ലയില്‍ വന്‍ നേട്ടമുണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞൊരാളുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ അദ്ദേഹത്തെ കാണുമ്പോള്‍ സെര്‍വിക്കല്‍ സ്പോണ്‍ഡിലോസിസിന് കഴുത്തില്‍ കോളറിട്ടിരിക്കുകയായിരുന്നു. വെയ്റ്റിട്ട് കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. ''വെയ്റ്റ്... തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ''.

ജോസ് കെ. മാണി വന്നിട്ടും എല്‍.ഡി.എഫിന് നേട്ടമുണ്ടായില്ലെങ്കില്‍് അത് ക്ഷീണമാണെന്ന് അദ്ദേഹത്തിനറിയാം. ജില്ലാ പഞ്ചായത്തും പാലാ നഗരസഭയുമടക്കം ജില്ലയില്‍ എല്‍.ഡി.എഫ്. തരംഗമുണ്ടാകുമെന്നാണ് വാസവന്റെ പക്ഷം. '30 സഹകരണ ബാങ്കുകള്‍ ജോസ് പക്ഷം ഭരിക്കുന്നുണ്ട്. രണ്ടില ചിഹ്നംകൂടി കിട്ടിയതോടെ വലിയ മുന്നേറ്റമുണ്ടാകുമെന്നുറപ്പായി'- വാസവന്‍ പറയുന്നു. കോവിഡ് മൂലം ആശുപത്രിയിലാണെങ്കിലും ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഈ വാദങ്ങളൊന്നും അംഗീകരിക്കുന്നില്ല. ജില്ലാ പഞ്ചായത്തും നഗരസഭകളില്‍ ആറില്‍ അഞ്ചും പിടിക്കും. ബ്ലോക്ക് പഞ്ചാത്തില്‍ 11-ല്‍ എട്ടും നേടും- അദ്ദേഹത്തിന് ആത്മവിശ്വാസം.

മീനച്ചിലാറിന്റെ കരയില്‍

മീനച്ചിലാര്‍. എത്രയോ കരുനീക്കങ്ങള്‍ ഇതു കണ്ടിരിക്കുന്നു. പാലായിലാണ് ഏറ്റവും പോരാട്ടച്ചൂട് അനുഭവപ്പെടുന്നത്. പുറമേയ്ക്കുള്ള ലക്ഷണങ്ങള്‍ നോക്കിയാല്‍ ജോസിന്റെ വരവ് എല്‍.ഡി.എഫിന് ഗുണംചെയ്തതായി തോന്നാം. പാലാ, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. മുത്തോലി, കരൂര്‍, മീനച്ചില്‍ പഞ്ചായത്തുകള്‍ ജോസിന്റെ കോട്ടയാണ്. നിലവിലുള്ളതു കൂടാതെ മേലുകാവിലും മൂന്നിലവിലും തിടനാട്ടും എല്‍.ഡി.എഫ്. ഭരണം പ്രതീക്ഷിക്കുന്നുണ്ട്. പൂഞ്ഞാറിലും അവര്‍ക്കു പ്രതീക്ഷയുണ്ട്. രാമപുരം, കടനാട്, തലപ്പലം എന്നിവിടങ്ങളില്‍ ശക്തമായ മത്സരമാണ്. എന്നാല്‍ പുറമേക്കു കാണുന്നതു നോക്കേണ്ടെന്നും അണികള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നുമാണ് അവരുടെ വാദം.

പാലാ നഗരസഭയിലെ മൊണാസ്ട്രി വാര്‍ഡില്‍ പൊരിഞ്ഞ പോരാട്ടമാണ്. ജോസ് പക്ഷത്ത് ആന്റോ ജോസ് പടിഞ്ഞാറെക്കര. ജോസഫ് പക്ഷത്ത് കുര്യാക്കോസ് പടവന്‍. ഭരണം ലഭിച്ചാല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ളവരാണ് രണ്ടും. മാണിക്കൊപ്പം ഉറച്ചുനിന്നയാളായിരുന്നു പടവന്‍. ജോസ് കെ. മാണിയുമായുള്ള ഭിന്നതമൂലമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ക്കായി പ്രചാരണരംഗത്തുള്ളത് പി.ജെ. ജോസഫും ജോസ്‌ െക. മാണിയുമൊക്കെയാണ്.

പൂഞ്ഞാറിലാണ് മത്സരം

പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ചതുഷ്‌കോണ മത്സരമാണ്. ജനപക്ഷം സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഇറങ്ങിയതോടെയാണ് മത്സരം കടുത്തത്. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍, പാലാ എന്നിവയാണ് നഗരസഭകള്‍. വൈക്കം ഒഴികെയെല്ലാം യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണയും അതേനില തുടരുമെന്നാണ് യു.ഡി.എഫ്. വിശ്വാസം. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി കഴിഞ്ഞതവണ ബി.ജെ.പി.ക്ക് 90 അംഗങ്ങളുണ്ടായിരുന്നു. അയ്മനം, വെള്ളാവൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, വെള്ളൂര്‍ പഞ്ചായത്തുകള്‍ അവരുടെ ശക്തികേന്ദ്രങ്ങളാണ്. ഇത്തവണ കൂടുതല്‍ സീറ്റുപിടിക്കാനുള്ള ഒരുക്കത്തിലാണവര്‍.

കോട്ടയം2015

ജില്ലാ പഞ്ചായത്ത്

യു.ഡി.എഫ്.- 14, എല്‍.ഡി.എഫ്.- 8

നഗരസഭകള്‍

യു.ഡി.എഫ്.-5, എല്‍.ഡി.എഫ്.- 1

ബ്ലോക്ക് പഞ്ചായത്തുകള്‍

യു.ഡി.എഫ്.- 8

എല്‍.ഡി.എഫ്.- 3

ഗ്രാമപ്പഞ്ചായത്ത്

യു.ഡി.എഫ്.- 43

എല്‍.ഡി.എഫ്.- 28