കോട്ടയം : ഗുജറാത്ത് ഭൂകന്പത്തിൽനിന്ന് തലനാരിഴയ്ക് രക്ഷപ്പെട്ടു. ഇനി മുന്നിൽ തിരഞ്ഞെടുപ്പ് സുനാമിയുണ്ട്. അതുംകടന്നാൽ കോട്ടയം തൃക്കൊടിത്താനം വിജിത ദിലീപ് ജില്ലാപഞ്ചായത്തംഗമാകും. തൃക്കൊടിത്താനം ഡിവിഷനിലെ എൻ.ഡി.എ. സ്ഥാനാർഥിയാണ് വിജിത. ഹോക്കിതാരമായിരുന്ന വിജിതയ്ക്ക് മുന്നിൽ പ്രതിരോധത്തിരമാലതീർത്ത് ഇടതുമുന്നണി സ്ഥാനാർഥി മഞ്ചു സുജിത്തും യു.ഡി.എഫ് സ്ഥാനാർഥി സ്വപ്ന ബിനുവുമുണ്ട്.

2001 ജനുവരി 26-നായിരുന്നു വിജിത ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട ഗുജറാത്ത് ഭൂകന്പം. ഗുജറാത്ത് വൈദ്യുതിബോർഡിലെ കരാറുകാരനായിരുന്നു അച്ഛൻ വിജയകുമാർ. ഹോക്കിയോട് താത്പര്യമുള്ള വിജിത, ഭൂജിലെ വൈറ്റ് ഇൗഗിൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം.

വിജിതയും സുഹൃത്തുക്കളും മൈതാനത്ത് റിപ്പബ്ലിക് ദിനപരിപാടികളിൽ പങ്കെടുക്കുമ്പോഴാണ് ഗുജറാത്തിനെ തകർത്തെറിഞ്ഞ ഭൂകന്പമുണ്ടായത്. ഹോസ്റ്റലിൽതന്നെയായിരുന്ന വിദ്യാർഥികളും ചില ജീവനക്കാരും കെട്ടിടത്തിനൊപ്പം മണ്ണടിഞ്ഞു. പരിപാടിക്കുവന്ന കുട്ടികൾക്ക് മടങ്ങിക്കയറാൻ ഹോസ്റ്റൽ ബാക്കിയുണ്ടായിരുന്നില്ല. സ്കൂളിൽ ഹോക്കി തകർത്തുകളിച്ചിരുന്ന വിജിത സ്കൂൾടീമിൽനിന്ന് ജില്ലാടീമിലേക്കും അണ്ടർ-15 സംസ്ഥാന ടീമിലേക്കുമെത്തി. ദേശീയമത്സരത്തിൽ ഗുജറാത്ത് ടീമിൽ കളിക്കുകയും ചെയ്തു. വെങ്കലമെഡലും കിട്ടി.

ഉപരിപഠനത്തിന് കേരളത്തിലെത്തിയ വിജിത പിന്നീട് വിവാഹിതയായി. ബിസിനസുകാരനായ ദിലീപാണ് ഭർത്താവ്. പായിപ്പാട് പുത്തൻകാവിലാണ് താമസം. 

Content Highlight: ​Local Body Election Kottayam