കോട്ടയം : കോവിഡ് കാലമാണ്; എല്ലാവോട്ടർമാരെയും വീട്ടിലെത്തി കാണാനായില്ലെങ്കിലും വിഷമിക്കേണ്ട. സ്ഥാനാർഥികൾക്ക് സ്വന്തം ശബ്ദത്തിൽ വോട്ടഭ്യർഥിക്കാം ഫോണിലൂടെ. അതിനായി സമയം മെനക്കെടുത്തി ഫോണിൽ വിളിക്കേണ്ട. റെക്കോഡ് ചെയ്ത സന്ദേശം ബി.എസ്.എൻ.എൽ.വോട്ടർമാരിലെത്തിക്കും.

സ്ഥാനാർഥികൾക്ക് തന്റെ പരിധിയിലെ വോട്ടർമാരുടെ നമ്പരുകളിലേക്ക് സ്വന്തം ശബ്ദത്തിൽ ഒരേ സമയം വോട്ട് അഭ്യർഥിക്കാൻ പറ്റുന്ന 'ബൾക്ക് വോയ്‌സ് കാൾ ഫെസിലിറ്റി'യാണ് ബി.എസ്.എൻ.എൽ. ഒരുക്കിയത്. ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത്, നഗരസഭ വാർഡുകളിലെ മുഴുവൻ വോട്ടർമാരുടെയും മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും ശബ്ദസന്ദേശം അയയ്ക്കാം.

സ്ഥാനാർഥിയോ നേതാക്കളോ നൽകുന്ന ബി.എസ്.എൻ.എല്ലിന്റെയും മറ്റു സേവനദാതാക്കളുടെ മൊബൈൽ നമ്പരിലേക്ക് ഇവയെത്തും. 30 സെക്കൻഡ് നീളുന്ന വിളിക്ക് ഒരു നമ്പരിലേക്ക് അൻപതുപൈസ എന്ന നിരക്കാണ്.

പാട്ടൊരുക്കാം, റിങ്‌ടോണാക്കാം

സ്ഥാനാർഥികളുടെയും അണികളുടെയും മൊബൈലിലേക്ക് വിളിക്കുമ്പോൾ കേൾക്കാവുന്ന റെക്കോർഡ് ചെയ്ത റിങ് ബാക്ക് ടോൺ സൗകര്യവും ലഭിക്കും. വോട്ടഭ്യർഥിക്കുന്ന ഗാനങ്ങളോ സന്ദേശമോ ഇതിന് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വരണാധികാരിയുടെയോ അനുമതിപത്രത്തോടൊപ്പം റെക്കോർഡ് ചെയ്ത ശബ്ദസന്ദേശവുമായി തൊട്ടടുത്ത ബി.എസ്.എൻ.എൽ. ഉപഭോക്തൃ സേവനകേന്ദ്രത്തിലെത്തിയാൽ ഈ സേവനം ലഭിക്കും. ഫോൺ: 9446557982, 9429100570.

Content Highlight: Local Body Election | Kottayam