electionകോട്ടയം: തിരഞ്ഞെടുപ്പ് കാലമാണ്. വോട്ടറെ സ്വാധീനിച്ചാലും ഇല്ലെങ്കിലും പ്രസംഗമെന്ന ആചാരം മുടക്കില്ല. പ്രസംഗത്തിലെ ചില നാക്കുപിഴകള്‍ മുന്നണിക്കാകെ തിരിച്ചടിയായിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിച്ച ചില തിരഞ്ഞെടുപ്പ് പ്രസംഗങ്ങളുമുണ്ട്. അതിലൂടെ ഒരു യാത്ര.

പിടിവിട്ട് പിണറായി, വീണത് ബേബി

ഇ.എം.എസ്. വാക്കുകൊണ്ട് വിജയം നേടിയെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പിണറായി വിജയന് പ്രസംഗത്തിലെ പ്രയോഗം വിനയായി. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു കളം. അന്ന് ഇടതുമുന്നണിവിട്ട് യു.ഡി.എഫ്. ചേരിയിലെത്തിയ എന്‍.കെ. പ്രേമചന്ദ്രന് എതിരെ പിണറായി നടത്തിയ പരാമര്‍ശം ചര്‍ച്ചയായി. നിര്‍ണായക സന്ദര്‍ഭത്തില്‍ മുന്നണിവിട്ടയാളോടുള്ള അരിശമാണ് ആ പരാമര്‍ശമെന്ന് വിശദീകരണം വന്നെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് ഫലം വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് എം.എ. ബേബിയാണ് അവിടെ തോറ്റുപോയത്.

പാട്ടില്‍ തോറ്റ പരിഹാസം

ഇതേ പറ്റുപറ്റിയ മറ്റൊരു നേതാവ് എ. വിജയരാഘവനാണ്. പോയ പാര്‍ലമെന്റ്് തിരഞ്ഞെടുപ്പുകാലത്ത് ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രമ്യാ ഹരിദാസിനെതിരേ ഉപയോഗിച്ച വാക്കുകള്‍ വലിയ ജനരോഷമുണ്ടാക്കി. സി.പി.എം. കോട്ടയില്‍ രമ്യ പാട്ടുംപാടി ജയിക്കുന്നതില്‍ ഈ പരിഹാസവും ഒരു ഘടകമായി.

'മോഡി' ചോര്‍ത്തിയ സോമാലിയ

വാക്കുകള്‍കൊണ്ട് മാജിക് കാട്ടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോയ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ ഒരു പ്രയോഗം ബി.ജെ.പി.യുടെ എതിരാളികള്‍ക്ക് കിട്ടിയ വടിയായി. അട്ടപ്പാടിയിലെ ശിശുമരണവിഷയം ഉന്നയിക്കവേ അദ്ദേഹം സോമാലിയയുമായി ചേര്‍ത്ത് കേരളത്തിന്റെ പൊതുസ്ഥിതി പറഞ്ഞത് വിവാദമായി. മോദി കേരളത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാദവുമായാണ് മറ്റ് രണ്ടു മുന്നണികളും ബാക്കിയുള്ള പോരാട്ടം നയിച്ചത്.

സദ്ദാം ജയിപ്പിച്ച യുദ്ധം

1991-ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകാലം. ഗള്‍ഫിലാണെങ്കില്‍ മിസൈലുകള്‍കൊണ്ടുള്ള ഏറ്റുമുട്ടല്‍ക്കാലം. ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും മുഖാമുഖം നിരന്ന പോര്. മലയാളിവീടുകളിലും ആ തീച്ചൂട് പകര്‍ന്നിരുന്നു. യുദ്ധം കേരളത്തില്‍ ചര്‍ച്ചയായതോടെ തിരഞ്ഞെടുപ്പില്‍ ഇതെങ്ങനെ ഉപയോഗിക്കാമെന്നായി രാഷ്ട്രീയക്കാരുടെ ചിന്ത. കോണ്‍ഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ വേറിട്ട തന്ത്രവുമായി സാക്ഷാല്‍ ഇ.എം.എസ്. രംഗത്തുവന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈന്‍ നടത്തുന്നതെന്ന് ഇ.എം.എസ്. പ്രസംഗങ്ങളിലൂടെ വരച്ചുകാട്ടി.

ഇ.എം.എസിന്റെ പ്രസംഗം ഗുണംചെയ്‌തെന്ന് തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തന്നു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഒരു വശത്തേക്ക് പോയതോടെ ഇടതുപക്ഷം 14-ല്‍ 13 ജില്ലകളിലും ജില്ലാ കൗണ്‍സില്‍ പിടിച്ചു. ഈ വിജയത്തിന്റെ തിളക്കംകണ്ടാണ് ഇ.കെ. നായനാര്‍ സ്വന്തം മന്ത്രിസഭ പിരിച്ചുവിട്ട് ഒരുവര്‍ഷംമുന്നേ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

Content Highlight: Local Body Election Kottayam