കോട്ടയം: പേരിലും പാർട്ടിയിലും വാർഡിലും വോട്ടിലും ചിഹ്നത്തിലും എന്തിനേറെ ചെല്ലപ്പേരിലും ഭർത്താവിന്റെ പേരിൽപ്പോലും ഒന്നാണിവർ. പാമ്പാടി ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി ഏലിയാമ്മ അനിലും വാകത്താനം ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി ഏലിയാമ്മ അനിലുമാണ് ഈ സ്ഥാനാർഥികൾ. ഇരുവരുടെയും വിളിപ്പേര് ഷൈനി, തിരഞ്ഞെടുപ്പുചിഹ്നവും ഒരുപോലെ. രണ്ട് വീട്ടുകാരും പാരമ്പര്യ കോൺഗ്രസുകാർ. പാമ്പാടിയിലെ ഏലിയാമ്മ വാകത്താനത്തെ ഏലിയാമ്മയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ ഫെയ്‌സ്ബുക്കിൽ കണ്ട് ഫോണിൽ വിളിച്ചപ്പോഴാണ് മത്സരരംഗത്തുള്ള വിവരം പരസ്പരം അറിഞ്ഞത്.

ഇവർ തമ്മിലുള്ള സമാനതകൾ ഇതിലും അവസാനിക്കുന്നില്ല. പാമ്പാടിയിലെ ഏലിയാമ്മ നേരത്തേ പഞ്ചായത്തംഗമായിരുന്നപ്പോൾ വാകത്താനത്തെ ഏലിയാമ്മ പഞ്ചായത്തംഗത്തിന്റെ ഭാര്യയായിരുന്നു. മണർകാട് സ്വദേശികളായ ഇരുവരും ഒരേസമയം കണിയാംകുന്ന് ഇൻഫന്റ് ജീസസ് സ്കൂളിലും മണർകാട് സെയ്‌ൻറ്്‌ മേരീസ് കോളേജിലുമാണ് പഠിച്ചത്.

ഭർത്താവിന്റെ വാർഡ് വനിതാസംവരണമായതോടെ സീറ്റ് നിലനിർത്താനായാണ് വാകത്താനത്തെ ഏലിയാമ്മ ഇത്തവണ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന പാമ്പാടിയിലെ ഏലിയാമ്മ 18-ാം വാർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റാണ്. കഴിഞ്ഞ തവണ അഞ്ചാംവാർഡ് അംഗവുമായിരുന്നു. ഇക്കുറി വാർഡ് ജനറലായതോടെയാണ് 19-ാം വാർഡിൽ സ്ഥാനാർഥിയായത്. വാകത്താനത്തെ ഏലിയാമ്മയുടെ ഭർത്താവ് കോൺഗ്രസ് വാർഡ് പ്രസിഡന്റും കഴിഞ്ഞ തവണത്തെ പഞ്ചായത്തംഗവുമായിരുന്നു.

വാകത്താനം ജെറുസലേംമൗണ്ട് കിഴക്കേക്കുറ്റ് അനിലാണ് വാകത്താനം ഏലിയാമ്മയുടെ ഭർത്താവ്. പാമ്പാടിയിൽ വ്യാപാരിയായിരുന്ന എട്ടാംമൈൽ വെള്ളൂത്തോട്ടം അനിലിന്റെ ഭാര്യയാണ് പാന്പാടിയിലെ ഏലിയാമ്മ.