കോട്ടയം : ഇടതുപാളയത്തിലെത്തിയിട്ടും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികൾക്കെതിരേ നേരിട്ട് മത്സരിക്കാതെ കോൺഗ്രസിലെ എ വിഭാഗം. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിലെ സീറ്റുകൾ വീതംവെയ്ക്കുന്നതിനിടെ ജോസ് വിഭാഗം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽനിന്ന് എ ഗ്രൂപ്പ് സ്ഥാനാർഥികളെ തന്ത്രപൂർവം പിൻവലിച്ച് സീറ്റുകൾ ഐ വിഭാഗത്തിന് നൽകിയതാണ് ഒരുവിഭാഗം നേതാക്കൾ എ ഗ്രൂപ്പ് നേതൃത്വത്തിനെതിരേ തിരിയാൻ കാരണം.

സ്ഥാനാർഥി നിർണയ ചർച്ചയിൽ എ വിഭാഗത്തിലെ മുതിർന്ന നേതാക്കൾക്ക് നൽകിയ സീറ്റുകളിൽ എതിർ സ്ഥാനാർഥിയായി ജോസ് വിഭാഗമെത്തിയതോടെ എ ഗ്രൂപ്പ് സീറ്റ് ഉപേക്ഷിച്ചെന്നാണ് ആക്ഷേപം. ബാർകോഴ കേസിൽ കെ.എം. മാണിക്കെതിരായ നീക്കങ്ങൾക്കും യു.ഡി.എഫിൽനിന്ന് ജോസ് വിഭാഗത്തെ പുറത്താക്കുന്നതിനും പ്രധാനപങ്ക് കോൺഗ്രസിലെ ഐ ഗ്രൂപ്പിനാണെന്ന് ജോസ് വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. എ ഗ്രൂപ്പിനെതിരേ പ്രതികരിക്കാൻ ജോസ് വിഭാഗം തയ്യാറായതുമില്ല.

ജില്ലാ പഞ്ചായത്തിലെ കടുത്തുരുത്തി, കുറവിലങ്ങാട്, ഭരണങ്ങാനം, കിടങ്ങൂർ, ഉഴവൂർ, അയർക്കുന്നം, അതിരമ്പുഴ, തൃക്കൊടിത്താനം, വാകത്താനം എന്നിങ്ങനെ ഒമ്പത് സീറ്റുകളിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിക്കുന്നത്. ഇതിൽ തൃക്കൊടിത്താനം, അതിരമ്പുഴ, കിടങ്ങൂർ, ഭരണങ്ങാനം, കുറവിലങ്ങാട് എന്നീ ഡിവിഷനുകളിൽ യു.ഡി.എഫിലെ ജോസഫ് വിഭാഗവുമായി നേരിട്ടുള്ള മത്സരമാണ്.

മറ്റ് ഡിവിഷനുകളിൽ കോൺഗ്രസ് സ്ഥാനാർഥികളുമായാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മത്സരം. കടുത്തുരുത്തി, അയർക്കുന്നം ഡിവിഷനുകളിൽ എ ഗ്രൂപ്പ് സ്ഥാനാർഥികളെ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. മോൻ മാക്കീലിനെ കടുത്തുരുത്തിയിലും അഡ്വ. ഫിൽസൺ മാത്യൂസിനെ അയർക്കുന്നത്തുമാണ് എ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അവസാന നിമിഷം നടന്ന സീറ്റ് ചർച്ചയിൽ ഗ്രൂപ്പ് സമവാക്യം നിലനിർത്താനെന്നപേരിൽ ഈ ഡിവിഷനുകൾ ഐ ഗ്രൂപ്പിന് കൈമാറി. ഇതോടെ നേരത്തെ പ്രഖ്യാപിച്ച എ ഗ്രൂപ്പ് സ്ഥാനാർഥികൾക്ക് സീറ്റില്ലാതായി. പ്രതിഷേധമുയർത്തിയ നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ എ ഗ്രൂപ്പ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്.