കോട്ടയം : ഒരു നിശ്ചയമില്ലയൊന്നിനും... ആരാണ് മുന്നണിയുടെ യഥാർഥ സ്ഥാനാർഥി; ആരൊക്കെയാണ് റിബൽ. നേതാക്കൾക്കുപോലും വ്യക്തമായ ചിത്രമില്ല. ഗ്രാമ, ബ്ലോക്ക്, നഗരസഭ വാർഡുകളിലെല്ലാം ഇരുമുന്നണികളിലെയും അസംതൃപ്തർ പത്രിക നൽകി. തിങ്കളാഴ്ച പിൻവലിച്ചാലേ ആരൊക്കെയാണ് മുന്നണി സ്ഥാനാർഥിയെന്ന് പറയാനാകൂ എന്നാണ് നേതാക്കളുടെ വിശദീകരണം. യു.ഡി.എഫിൽ കോൺഗ്രസിൽ ചില സ്ഥലങ്ങളിൽ കൂടുതൽ പേർ പത്രിക നൽകി. ഇനിവേണം സമവായത്തിലൂടെ ആര് മത്സരിക്കുമെന്ന് തീരുമാനിക്കാൻ.

കോട്ടയം

കോട്ടയം നഗരസഭയിൽ ഇടതുമുന്നണിയിൽ 27-ാം വാർഡിൽ സി.പി.എം. മത്സരിക്കുന്ന സീറ്റിൽ കേരള കോൺഗ്രസ്‌ മുൻ കൗൺസിലർ മീരാ ബാലു സ്വതന്ത്ര സ്‌ഥാനാർഥിയായി പത്രിക നൽകി. ഇവിടെ കോൺഗ്രസ്‌ നേതാവും പത്രിക നൽകിയിട്ടുണ്ട്‌. 24-ാം വാർഡിലും 51-ാം വാർഡിലും കോൺഗ്രസിന്റെ രണ്ടുപേർ വീതം പത്രിക നൽകിയിട്ടുണ്ട്‌.

വൈക്കം

നഗരസഭയിൽ സീറ്റ് ലഭിക്കാത്ത ഇടതുമുന്നണിയിലെ കപ്പേള വാർഡിൽ എ.സി.മണിയമ്മ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച വാർഡാണിത്. യു.ഡി.എഫിൽ 10, 17, 22 വാർഡുകളിൽ കോൺഗ്രസിൽ ഒന്നിലേറെപ്പേർ ഇപ്പോൾ പത്രിക നൽകി.

ഈരാറ്റുപേട്ട

നഗരസഭ മൂന്നാം വാർഡിൽ സി.പി.ഐ., സി.പി.എം. സ്ഥാനാർഥികളുണ്ട്.

കങ്ങഴ

പഞ്ചായത്ത് 11-ാം വാർഡിൽ യു.ഡി.എഫിന് റിബലായി മുൻ പഞ്ചായത്തംഗം എം.എം. ഷീബാമോൾ കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്രയായി പത്രിക നൽകി.

കാഞ്ഞിരപ്പള്ളി

ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് മുന്നണികൾക്കും വിമതസ്ഥാനാർഥികളുണ്ട്. ഒന്നാം വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ റാണി മാത്യു എൽ.ഡി.എഫിനെതിരേ പത്രിക നൽകി. മൂന്നാം വാർഡിൽ ബി.ജെ.പി.യുടെ മുൻപഞ്ചായത്തംഗം മണി രാജു സ്വതന്ത്രയായി രംഗത്ത്. ആറ്, 11 വാർഡുകളിൽ കോൺഗ്രസിൽ കൂടുതൽ പേർ പത്രിക നൽകി.

പാറത്തോട്

പഞ്ചായത്ത് ഏഴാം വാർഡിൽ സി.പി.എമ്മിന്റെ മുൻപഞ്ചായത്തംഗം സ്വതന്ത്ര സ്ഥാനാർഥിയായുണ്ട്. അഞ്ചാം വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരേ സി.പി.എമ്മിന്റെ സ്ഥാനാർഥിയും.

പൂഞ്ഞാർ തെക്കേക്കര

ഒന്നാം വാർഡിൽ എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരേ സി.പി.ഐ. സ്ഥാനാർഥിയുണ്ട്.

മേലുകാവ്

ഒന്നാം വാർഡിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഏഴാംവാർഡിൽ എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരേ സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും അംഗങ്ങൾ മത്സരത്തിനുണ്ട്. കളത്തുക്കടവ് ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നു.

കോരൂത്തോട്

പഞ്ചായത്ത് 11-ാം വാർഡിൽ സി.പി.എം. സ്ഥാനാർഥിക്ക് റിബൽ. കോൺഗ്രസിന്റേതായി എട്ടുപേർ കൂടുതലായി പത്രിക നൽകി. അഞ്ച് വാർഡുകളിൽ കോൺഗ്രസും ജോസഫ് വിഭാഗവും വെവ്വേറെ സ്ഥാനാർഥികളെ നിർത്തി.

മുണ്ടക്കയം

പഞ്ചായത്ത് ആറ്, ഒൻപത് വാർഡുകളിൽ കോൺഗ്രസിൽ കൂടുതൽ പേർ പത്രിക നൽകി.

കിടങ്ങൂർ

-ാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ മൂന്ന് റിബലുകളുണ്ട്. ഒന്നാംവാർഡിൽ എൽ.ഡി.എഫിനും പതിനൊന്നിൽ യു.ഡി.എഫിനും വിമത ഭീഷണി.

വെള്ളാവൂർ

പഞ്ചായത്തിൽ രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന വനിത ഇത്തവണ സ്വതന്ത്രയായി രംഗത്ത്. കഴിഞ്ഞ തവണ യു.ഡി.എഫ്. സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് യു.ഡി.എഫിൽ അംഗമായെങ്കിലും ജനറൽവാർഡായതിനാൽ യു.ഡി.എഫ്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രയായത്.

മീനടം

ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിൽ കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർഥി പി.എൻ. കുഞ്ഞിനെതിരേ 25 വർഷമായി കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്ന പ്രസാദ് നാരായണൻ പത്രിക നൽകി. ആറാംവാർഡിൽ രണ്ടുതവണ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സൂസി രാജു വിമതയായുണ്ട്.

വാകത്താനം

-ാം വാർഡിൽ കോൺഗ്രസ് റിബലായി മുൻ ബ്ലോക്ക് പഞ്ചായത്തംഗം. 14-ാം വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഇടതുമുന്നണിക്കെതിരേ മത്സരിക്കുന്നു.

മരങ്ങാട്ടുപിള്ളി

-ാം വാർഡിൽ യു.ഡി.എഫിൽ തർക്കംമൂലം കൂടുതൽ പേർ പത്രിക നൽകി.

വെളിയന്നൂർ

അഞ്ചാംവാർഡിൽ ജോസ് വിഭാഗത്തിലെ സ്ഥാനാർഥിക്കെതിരേ സി.പി.ഐ. സ്വതന്ത്രയായി മുൻപ് പഞ്ചായത്തംഗം മത്സരിക്കുന്നു.

കുറവിലങ്ങാട്

ഒൻപത്, 12 വാർഡുകളിൽ കോൺഗ്രസും ജോസഫ് വിഭാഗവും പത്രിക നൽകി. ഇടതുമുന്നണിയിൽ ആറാം വാർഡിൽ തർക്കവുമായി സി.പി.ഐ.യും 13-ാം വാർഡിൽ ലോക് താന്ത്രിക് ജനതാദളുമുണ്ട്. സി.പി.എം. മത്സരിക്കുന്ന ഏഴ്, എട്ട് വാർഡുകളിൽ പാർട്ടിക്ക് സ്ഥാനാർഥിയെ നിശ്ചയിക്കാനായില്ല. മൂന്ന് വീതം സ്ഥാനാർഥികളെ കൊണ്ട് പത്രിക നൽകിച്ചു. ഏഴ്, എട്ട് വാർഡുകളിലും എൽ.ഡി.എഫിൽ വിമതരുണ്ട്.

ഉഴവൂരിൽ

സി.പി.ഐ. മൂന്ന് വാർഡിൽ ഒറ്റയ്ക്ക് മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോമോൻ സ്ഥാനാർഥിയായ വാർഡിൽ ജോസഫ് ഗ്രൂപ്പിന്റെ വാർഡ് പ്രസിഡന്റ് ബിനു മാത്യു പത്രിക നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തങ്കച്ചൻ ഇളവംകുന്നേൽ മത്സരിക്കുന്ന എട്ടാം വാർഡിൽ ജോസ് ചാണ്ടി, ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പത്രിക നൽകി.

കരൂരിൽ

-ാം വാർഡിൽ യൂത്ത്ഫ്രണ്ട്(എം) ജോസ് വിഭാഗം മുൻ സംസ്ഥാന വൈസ് പ്രസിഡൻറും മുൻ പഞ്ചായത്ത് അംഗവുമായ പ്രിൻസ് കുര്യത്ത് സി.പി.എമ്മിനെതിരേ സ്വതന്ത്രനായി പത്രിക നൽകി.

എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിൽ സി.പി.ഐ., സി.പി.എം. സ്ഥാനാർഥികൾ പത്രിക നൽകി. ളാലം ബ്ലോക്ക് പഞ്ചായത്ത് പൂവരണി ഡിവിഷനിൽ നേരത്തെ പത്രിക നൽകിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പെണ്ണമ്മ, അവിടെ സി.പി.എം. സ്ഥാനാർഥി പത്രിക നൽകിയതോടെ ജില്ലാപഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ കൂടി ഇവർ പത്രിക നൽകി.

മഹിളാ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥി

ഏറ്റുമാനൂർ : നഗരസഭയിൽ യു.ഡി.എഫ്. റിബലായി മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പത്രിക നൽകി. മുൻ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സൂസൻ തോമസാണ് റിബലായി മത്സരിക്കുന്നത്. സീറ്റ് നൽകാമെന്ന്‌ സംസ്ഥാന മഹിളാ കോൺഗ്രസ് നേതൃത്വം പറഞ്ഞിട്ടും കോൺഗ്രസ് പ്രാദേശികനേതൃത്വം തയ്യാറായിെല്ലന്നും അവർ പറഞ്ഞു. തുടർന്നാണ് കഴിഞ്ഞപ്രാവശ്യം മത്സരിച്ചുജയിച്ച 20-ാം വാർഡിൽ റിബലായി മത്സരിക്കാൻ നാമനിർദേശപത്രിക നൽകിയത്.

Content Highlight: Local Body Election | Kottayam