ചങ്ങനാശ്ശേരി : നഗരസഭയിൽ എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള ചർച്ചകൾ പൂർത്തിയായില്ല.ജോസ് വിഭാഗം എട്ടു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ അഞ്ചുസീറ്റുകൾ കൊടുക്കാമെന്നാണ് സി.പി.എം. പറഞ്ഞിരുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് അവർ പിന്നീട് അറിയിച്ചിട്ടുണ്ട്.

സി.പി.ഐ., ജനാധിപത്യകേരള കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ എന്നീ ഘടകകക്ഷികൾക്ക് നൽകിരിക്കുന്ന സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇതിന് പരിഹാരം കാണേണ്ട ചുമതലകൂടി സി.പി.എമ്മിനുണ്ട്. ജോസ് വിഭാഗത്തിന് സീറ്റുകൾ നൽകുമ്പോൾ സി.പി.എമ്മിനാണ് നഷ്ടമുണ്ടാവുക. ഇത് പ്രവർത്തകരെ മനസ്സിലാക്കേണ്ട പണിയും സി.പി.എം. നേതൃത്വത്തിനുണ്ട്. ഘടകക്ഷികളുമായുള്ള ചർച്ചകളിൽ സീറ്റുകളുടെ കൈമാറ്റം സംബന്ധിച്ച് തീരുമാനമെടുത്താൽ മാത്രമേ എൽ.ഡി.എഫ്. മുന്നണിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകൂ.വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി പഞ്ചായത്തുകളിലും ഇതേ പ്രശ്‌നമാണ് എൽ.ഡി.എഫിനുള്ളിൽ നിലനിൽക്കുന്നത്. നഗരസഭയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രമേ എൽ.ഡി.എഫ്. നേതൃത്വത്തിന് മറ്റു പഞ്ചായത്തുകളിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിന് സാധിക്കൂ. ഇതിനിടെ തർക്കമില്ലാത്ത സി.പി.എം. സീറ്റുകളിലെ സ്ഥാനാർഥികളെ അനൗദ്യോഗികമായി പ്രഖ്യാപിച്ച് ഇവർ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ഘടകകക്ഷികളുടെ പ്രശ്‌നങ്ങൾ തീരാതെ മറ്റു സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവില്ല. ഇത് എൽ.ഡി.എഫിന്റെ പ്രചാരണരംഗത്തെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രചാരണരംഗത്ത് എല്ലാവരും സജീവമാകുമെന്നാണ് നേതൃത്വം പറയുന്നത്.

യു.ഡി.എഫിലും ചർച്ചകൾ തീരുമാനമാകാതെ നീളുകയാണ്. ഇതോടെ വാർഡുകളിൽ മത്സരിക്കുമെന്ന് ഉറപ്പായ സ്ഥാനാർഥികൾ പ്രചാരണരംഗത്തും സജീവമായിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് എട്ട് സീറ്റ് നൽകാൻ ധാരണയായെങ്കിലും സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ല. ജോസഫ് വിഭാഗം ജനറൽ സീറ്റുകളാണ് ആവശ്യപ്പെടുന്നത്.

കോൺഗ്രസ് നേതൃത്വം കൂടുതൽ വനിതാ സീറ്റുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം നേതൃത്വം. മുസ്‌ലിം ലീഗും അസന്തുഷ്ടരാണ്. മൂന്ന് സീറ്റ് വിട്ടു കിട്ടണമെന്ന വാശിയിലാണ് അവർ. ആർ.എസ്.പി. വിജയസാധ്യതയുള്ള സീറ്റില്ലെങ്കിൽ മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവർ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്.

സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ നടക്കുന്നതിനിടയിലും കോൺഗ്രസ്‌ സ്ഥാനാർഥികൾ വാർഡുകളിൽ സജീവമായിട്ടുണ്ട്. ഇതിനിടെ മാർക്കറ്റ് മേഖലയിലെ നാലു വാർഡുകളിൽ ഐ.എൻ.ടി.യു.സി.സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

നിയോജകമണ്ഡലത്തിലെ അഞ്ച്‌ പഞ്ചായത്തുകളിലും ജോസഫ് വിഭാഗം ജനറൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെ വീണ്ടും തർക്കം പുകയുകയാണ്. മാടപ്പള്ളി, പായിപ്പാട്, വാഴപ്പള്ളി എന്നിവിടങ്ങളിലാണ് ഏറെക്കുറെ ധാരണയായിട്ടുള്ളത്. തൃക്കൊടിത്താനത്ത് തർക്കം രൂക്ഷമാണ്. കുറിച്ചിയിൽ എ.ഐ ഗ്രൂപ്പ് തർക്കവും രൂക്ഷമാണ്.