കോട്ടയം : തിരുപ്പൂരിൽനിന്ന് പാലക്കാട്, തൃശ്ശൂർ, പാലാ വഴി കോട്ടയത്തേക്ക്‌ രാഷ്ട്രീയ ചേരിതിരിവില്ലാത്ത ഓട്ടമാണ്‌ കറുകച്ചാൽ നാരോലിൽ അലക്സാണ്ടർ എൻ.സാമുവലിന്റെ കാറിന്‌. പലനിറകൊടികൾ, ക്യാപ്പ്, മാസ്കുകൾ എന്നിവയുടെ വൻശേഖരമുണ്ടാകും വാഹനത്തിൽ. എല്ലാ മുന്നണികൾക്കും സ്വതന്ത്രർക്കുപോലുമുള്ള പ്രചാരണസാമഗ്രികൾ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിച്ചുകൊടുക്കുന്ന തിരക്കിലാകും ഇനി അലക്സാണ്ടർ.

25 വർഷംമുമ്പ്‌ ‘സിനിമാ മാസിക’യുടെ നടത്തിപ്പ്‌ നിർത്തി ശിവകാശിയിൽ അച്ചടിയന്ത്രം വാടകയ്ക്കെടുത്ത് പാഠപുസ്തക അച്ചടി തുടങ്ങിയതാണ്. അന്നുമുതൽ അവിടെനിന്ന് തിരഞ്ഞെടുപ്പിനുള്ള സാമഗ്രികൾവരെ എത്തിച്ചുതുടങ്ങി. ആദ്യം കോൺഗ്രസുകാർക്കുവേണ്ടിയുള്ള ‘കൈപ്പത്തി’ ചിഹ്നമുള്ള സാമഗ്രികൾ. പിന്നീട്, മറ്റ് പാർട്ടിക്കാരും സമീപിച്ചതോടെ അരിവാളും താമരയുമെല്ലാം കൊടിയായും തൊപ്പിയായും വന്നു. ഇപ്പോൾ കെ.പി.സി.സി.ക്ക്‌ മൊത്തമായി സാധനങ്ങളെത്തിച്ചുകൊടുക്കുന്നു. ‘25 വർഷം മുമ്പ്‌ ആറുരൂപയുണ്ടായിരുന്ന കൊടിയുടെ വില 16 രൂപയായി. പ്രചാരണസാമഗ്രികളിൽ പുതുമയാണ് ഏവർക്കും താത്‌പര്യം. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന് സ്വന്തമായി ബ്രാൻഡ് മാസ്ക്, കൊടികൾ എന്നിവയെത്തിക്കാനുള്ള ശ്രമത്തിലാണ്,’-അലക്സാണ്ടർ പറയുന്നു.

Content Highlight: Local Body Election Kottayam