കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി.. ജില്ലാ പഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ഒന്നായിരുന്നപ്പോള്‍ 11 സീറ്റിലാണ് അവര്‍ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒടുവില്‍ ജോസഫ് 10 ല്‍ ഉറച്ചുനിന്നു. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയായി.

നിലവിലുള്ള അവസ്ഥ തുടരുക എന്നതാണ് സംസ്ഥാന നയമെന്ന് പറയുമ്പോഴും വിജയിച്ച സീറ്റോ അതോ മത്സരിച്ച സീറ്റോ എന്നതിലായിരുന്നു ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം. ഈ തര്‍ക്കമാണ് പരിഹരിച്ചത്. 

പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട്. ജയിച്ച സീറ്റുകള്‍ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ കിട്ടൂ. അത് അംഗീകരിക്കാന്‍ ജോസഫ് തയ്യാറയില്ല. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം എന്നതായിരുന്നു ആവശ്യം. ഇത് അവസാനം ഒന്‍പത് സീറ്റെന്ന സമവായത്തിലെത്തി. 

Content Highlight: Local Body Election: Congress, Joseph group dispute finally over