കോട്ടയം : തിരഞ്ഞെടുപ്പിന്റെ ഇനിയുള്ള രണ്ടാഴ്ച. പ്രചാരണചൂടിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും. ഈ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ രാഷ്ട്രീയ വിഷയങ്ങളാകും ജനങ്ങള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുക...? കോവിഡ് കാലത്തെ പ്രചാരണ വഴികള്‍ എങ്ങനെ? പ്രചാരണത്തിന് നവമാധ്യമ രംഗത്തെ ഇടപെടല്‍ എങ്ങനെ? ഈ മൂന്നു ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. എന്നി മൂന്ന് പ്രമുഖ പാര്‍ട്ടികളുടെ ജില്ലാ അധ്യക്ഷന്മാര്‍ മറുപടി പറയുന്നു:

വി.എന്‍.വാസവന്‍,സി.പി.എം.ജില്ലാ സെക്രട്ടറി

മതനിരപേക്ഷ ജനാധിപത്യമാണ് ഇടതുമുന്നണി ജനങ്ങള്‍ക്കുമുന്‍പില്‍ വയ്ക്കുന്ന ഒന്നാമത്തെ വാഗ്ദാനം. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും കൈവരിച്ച വികസനവും ജനങ്ങള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കും. അധികാരം ലഭിച്ചാല്‍ നടപ്പാക്കുന്ന വികസന പദ്ധതികളാണ് മൂന്നാമത്തേത്. കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കം നല്‍കും. ഐ.ടി. മേഖലയിലെ പുരോഗതിയും ലക്ഷ്യമിടുന്നു. പിന്നാക്കാവസ്ഥയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്ലാ സൗകര്യവും ഒരുക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ് പ്രചാരണം. അഞ്ച് പേരില്‍താഴെയുള്ള സ്‌ക്വാഡ്, ചെറുയോഗങ്ങള്‍ എന്നിവയിലൂടെയാണ് പ്രചാരണം.

ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങളെടുത്ത് വാട്സാപ് കുടുംബയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ജോഷി ഫിലിപ്പ്, ഡി.സി.സി. പ്രസിഡന്റ്

ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന അഴിമതിരഹിത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന വാഗ്ദാനമാണ് യു.ഡി.എഫ്. ജനങ്ങള്‍ക്ക് മുന്‍പില്‍വെയ്ക്കുന്നത്. ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലും ഭരണം യു.ഡി.എഫിനായിരുന്നു. ഇവിടങ്ങളിലെ അഴിമതിരഹിത ഭരണമാണ് യു.ഡി.എഫിന്റെ കൈമുതല്‍. കോട്ടയം നഗരസഭയില്‍ 20 വര്‍ഷമായി ഭരിക്കുന്നു. ഒരു ആരോപണംപോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്ക് ദ്രോഹകരമായ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. പ്രളയംമൂലം കൃഷിനശിച്ച കര്‍ഷകര്‍ക്ക് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടില്ല. റബ്ബര്‍ കര്‍ഷക പ്രോത്സാഹന പദ്ധതിക്ക് പണം വകയിരുത്തുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും വികൃതമുഖം തുറന്നുകാട്ടും.

കോവിഡ് കാലമായതിനാല്‍ പ്രചാരണത്തിന് പരിമിതികളുണ്ട്.

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ടാകണം പ്രചാരണമെന്ന് പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

കെ.പി.സി.സി.ക്ക് കീഴിലുള്ള 'ജനശക്തി' സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വാര്‍ഡ് അടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ സജ്ജമാക്കും.

നോബിള്‍ മാത്യുബി.ജെ.പി.ജില്ലാ പ്രസിഡന്റ്

പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് ബി.ജെ.പി. ശില്പശാല നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ച് വികസനരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടും. സുകന്യ സമൃദ്ധി, കിസാന്‍ സമ്മാന്‍, ജന്‍ ധന്‍ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ വിശദീകരിക്കും. പദ്ധതികളുടെ ഗുണഭോക്താക്കളെ നേരില്‍കാണും. 'മോദി നേതാവ്; വികസനം അജണ്ട' എന്നതാണ് ബി.ജെ.പി.യുടെ ആപ്തവാക്യം.

ആള്‍ക്കൂട്ടം ഒഴിവാക്കി സ്ഥാനാര്‍ഥിക്കൊപ്പം മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാണ് വീടുകളില്‍ പ്രചാരണത്തിനുപോകുന്നത്. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയെല്ലാം പ്രചാരണത്തിനിറങ്ങുമ്പോള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വലിയ യോഗങ്ങള്‍ ഒഴിവാക്കി. ആവശ്യമെങ്കില്‍ ചെറുയോഗങ്ങള്‍ സംഘടിപ്പിക്കും.

വാര്‍ഡുകളില്‍ പ്രവര്‍ത്തകരുടെ വാടസാപ് ഗ്രൂപ്പുകള്‍ സജ്ജമാണ്. കേന്ദ്ര സര്‍ക്കാറിന്റെ സേവന/വികസന പദ്ധതികള്‍ ഇതിലൂടെ ജനങ്ങള്‍ക്കുമുന്‍പിലെത്തിക്കും. പ്രവര്‍ത്തകരുമായി ആശയ വിനിമയത്തിന് നമോ-ആപ് ഒരുക്കിയിട്ടുണ്ട്.

Content Highlight: Local Body Election 2020  Kottayam