ചങ്ങനാശ്ശേരി: ത്രിതല പഞ്ചായത്തില്‍ ചങ്ങനാശ്ശേരി നഗരസഭയിലെ രണ്ടുവാര്‍ഡുകളില്‍ സഹോദരങ്ങള്‍ മത്സരിക്കുന്നു. ഹാട്രിക് വിജയത്തിനായി എല്‍.ഡി.എഫിനുവേണ്ടി സി.പി.എം. സ്ഥാനാര്‍ഥിയായി പി.എ.നസീര്‍ 12-ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ 29-ാം വാര്‍ഡിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പി.എ.നിസാറാണ് മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ.യുടെ ബ്ലോക്ക് പ്രസിഡന്റായും സെക്രട്ടറിയായും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വവും വഹിച്ച പി.എ.നിസാര്‍ പുഴവാത് സഹകരണബാങ്കിന്റെ പ്രസിഡന്റാണ്. കൊച്ചിന്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി, വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു.

അഡ്വ. പി.എ.നസീര്‍ നഗരസഭയില്‍ രണ്ടുപ്രാവശ്യം കൗണ്‍സിലറായി 12, 13 വാര്‍ഡുകളില്‍നിന്ന് വിജയിച്ചിട്ടുണ്ട്. നിലവിലെ കൗണ്‍സിലിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. ഈ സഹോദരങ്ങളുടെ വരവ് കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നാണ്. ചങ്ങനാശ്ശേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഇഞ്ചിപ്പറമ്പില്‍ അബ്ദുല്‍ സലാമിന്റെ മക്കളായ ഇവര്‍ വിദ്യാഭ്യാസകാലയളവിലാണ് ഇടതുപക്ഷപ്രവര്‍ത്തകരായി തീര്‍ന്നത്.

Content Highlight: Local Body Election 2020 Kottayam