കോട്ടയം: ഒരു തിരഞ്ഞെടുപ്പുകാലത്ത് അടര്‍ന്നുമാറിയ രണ്ടില മറ്റൊരു തിരഞ്ഞടുപ്പിന്റെ പടിവാതില്‍ക്കല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തണലായി ഒപ്പംചേരുന്നു. പാലാ ഉപതിരഞ്ഞെടുപ്പില്‍ രണ്ടിലയില്ലാതെ മത്സരിക്കേണ്ടിവന്ന കേരള കോണ്‍ഗ്രസിന് പരാജയത്തിന് പുറമേ അപമാനവും സഹിക്കേണ്ടിവന്നു. ഇപ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അതേ ചിഹ്നം നിയമവഴിയിലൂടെ തിരികെയെത്തുന്നു. പാര്‍ട്ടിക്കിത് അഭിമാനത്തിന്റെയും ആഹ്ളാദത്തിന്റെയും നിമിഷം.

രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ച ഹൈക്കോടതി വിധി പാര്‍ട്ടിക്ക് നല്‍കുന്നത് പ്രതീക്ഷയുടെ പച്ചപ്പ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. പക്ഷേ ക്ലൈമാക്സ് ഇവിടെയും അവസാനിക്കാനിടയില്ല. ജോസഫ് വിഭാഗം അപ്പീലുമായി പോകുന്നതോടെ ഇനി ഡിവിഷന്‍ െബഞ്ചിലേക്ക് കണ്ണുനട്ട് കാത്തിരിക്കേണ്ടിവരും.

32 വര്‍ഷം കെ.എം.മാണി പരിപാലിച്ച് കേരള രാഷ്ട്രീയത്തില്‍ തളിരണിഞ്ഞുനിന്ന രണ്ടില കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗ്യചിഹ്നമായിരുന്നു. 2010-ല്‍ കേരള കോണ്‍ഗ്രസുകള്‍ ലയിച്ചപ്പോഴും ചിഹ്നം രണ്ടില തന്നെയായിരുന്നു. ലയിച്ച കേരള കോണ്‍ഗ്രസില്‍ കെ.എം.മാണി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായിരുന്നു. മാണി അന്തരിച്ചശേഷം പാര്‍ട്ടിയില്‍ നേതൃപദവി ആര്‍ക്കെന്ന കാര്യത്തില്‍ ജോസഫും ജോസും തമ്മിലുള്ള ഭിന്നത ഉടലെടുത്തു. ഈ തര്‍ക്കമാണ് മാണിയുടെ പിന്‍ഗാമിയായി പാലായില്‍ മത്സരിച്ച ജോസ് ടോമിന് രണ്ടില കിട്ടാതാക്കിയത്. ജോസ് ടോം പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്നും രണ്ടില അനുവദിച്ചിട്ടില്ലെന്നുമാണ് ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയത്.

പൈനാപ്പിളില്‍ മത്സരിക്കേണ്ടിവന്ന ജോസ് ടോമിന് ജനവിധി കയ്പുനീരായി. പിന്നീട് ചിഹ്നം ആര്‍ക്കെന്നതില്‍ ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലേക്ക്. ഓഗസ്റ്റ് 31-ന് പാര്‍ട്ടി അംഗീകാരവും രണ്ടിലചിഹ്നവും ജോസ് പക്ഷത്തിന് അനുവദിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവായി. ഇതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. ജോസഫിന്റെ ഹര്‍ജിയില്‍ സെപ്്റ്റംബര്‍ 11-ന് െഹെക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സ്റ്റേ ചെയ്തു. ഇതിനിടെ ഒക്ടോബറില്‍ ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജോസിന് ടേബിള്‍ ഫാനും ജോസഫിന് ചെണ്ടയുമാണ് അനുവദിച്ചിരുന്നത്. അന്തിമ തീരുമാനം ഹൈക്കോടതി വിധിക്കനുസൃതമായിരിക്കുമെന്ന് കമ്മിഷന്‍ ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു. രണ്ടില തിരിച്ചുകിട്ടിയത് തിരഞ്ഞെടുപ്പില്‍ കരുത്താകുമെന്ന നിഗമനത്തിലാണ് ജോസ് പക്ഷം.

Content Highlight: Local Body Election 2020 Kottayam