കോട്ടയം: ഈ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് ജീവന്മരണ പോരാട്ടം. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ചെണ്ട മുഴക്കണമെന്നത് ജോസഫ് പക്ഷത്തിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെയും വാശിയാണ്. ഫലം വന്നിട്ടുവേണം ഫാനിന്റെ കാറ്റുകൊണ്ട് എല്ലാ ക്ഷീണവും തീര്‍ക്കാനെന്ന് ജോസ് പക്ഷം കണക്കുകൂട്ടുമ്പോള്‍, സി.പി.എമ്മിനാണ് അത് അവരെക്കാള്‍ ആവശ്യം.

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളില്‍ ഇരുകൂട്ടര്‍ക്കും മുന്നണികള്‍ നല്ലതോതില്‍ സീറ്റുകള്‍ അനുവദിക്കുകയുംചെയ്തു.

ജോസഫ് വിഭാഗം 11 ജില്ലയിലായി 25 ജില്ലാ പഞ്ചായത്ത് സീറ്റിലാണ് മത്സരിക്കുന്നത്; ജോസ് വിഭാഗം 14 ജില്ലയിലെ 27 ജില്ലാ പഞ്ചായത്ത് സീറ്റിലും.

മുമ്പ് കോട്ടയത്ത്

കേരള കോണ്‍ഗ്രസുകളുടെ പരമ്പരാഗത ശക്തികേന്ദ്രമായി അവര്‍ വിലയിരുത്തുന്ന ഇടമാണ് കോട്ടയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ത്രിതലപഞ്ചായത്തുകളിലായി 535 സീറ്റിലാണ് കേരള കോണ്‍ഗ്രസ്(എം) മത്സരിച്ചത്. 421 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലും 53 ബ്ലോക്ക് വാര്‍ഡിലും 11 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 50 നഗരസഭാ വാര്‍ഡിലും. 257 സീറ്റിലാണ് വിജയം നേടിയത്. കോട്ടയം ജില്ലാ പഞ്ചായത്തിലുംമറ്റും നിര്‍ണായകകക്ഷിയാവുകയും ചെയ്തു. ഇരുമുന്നണിയിലായി ചേരിതിരിഞ്ഞ കേരള കോണ്‍ഗ്രസുകള്‍ എത്ര സീറ്റുനേടുമെന്നത് അവര്‍ക്ക് അതിജീവനപ്രശ്‌നമാണ്; മുന്നണികള്‍ക്ക് അഭിമാനപ്രശ്‌നവും.

ഇക്കുറി കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫില്‍ ജോസഫ് വിഭാഗം ഒന്‍പത് സീറ്റാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 13 സീറ്റിലാണ് മത്സരിക്കുന്നത്. പോയതവണ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും 11 വീതം സീറ്റിലാണ് മത്സരിച്ചത്. അതുവെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് മെച്ചമാണ്. വൈക്കംകൂടി കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതുകൂടിയായാല്‍ കോണ്‍ഗ്രസിന് 14 സീറ്റാകും. ഇടതുമുന്നണിയില്‍ ജോസ് വിഭാഗത്തിനും ഒന്‍പത് സീറ്റാണ്. സി.പി.എമ്മിനും ഒന്‍പത് സീറ്റ്. സംസ്ഥാനത്തുതന്നെ സി.പി.എം. മുന്നണിയില്‍ മറ്റൊരു കക്ഷിക്ക് തുല്യമായ എണ്ണം സീറ്റുകളിലേക്ക് താഴ്ന്ന് മത്സരിക്കുന്നത് കോട്ടയത്താണ്. ഇവിടെ സി.പി.ഐ.ക്ക് നാലുസീറ്റ് നല്‍കി.

കോട്ടയത്ത് നേര്‍ക്കുനേര്‍

ജോസും ജോസഫും അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്; കിടങ്ങൂര്‍, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, ഭരണങ്ങാനം എന്നിവിടങ്ങളില്‍.

പത്തനംതിട്ടയില്‍ തീപാറും

ജോസ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും ജില്ലാ പഞ്ചായത്തില്‍ സീറ്റ് രണ്ടുവീതം. റാന്നി, പുളിക്കീഴ് ഡിവിഷനുകളിലാണിത്. നഗരസഭകളിലും ഇരുവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. നിലവിലുള്ള സമിതിയില്‍ ഒരുസീറ്റായിരുന്നു അവിഭക്ത കേരള കോണ്‍ഗ്രസ് എമ്മിന്. മാണി വിഭാഗത്തിനായിരുന്നു മേല്‍ക്കൈ. നിലവിലുള്ള ജില്ലാ പഞ്ചായത്തംഗം അടുത്തിടെ ജോസഫ് വിഭാഗത്തിലേക്ക് മാറി.

ഇടുക്കിയില്‍ രണ്ടുംകല്പിച്ച്

പി.ജെ.ജോസഫിന്റെ ജില്ലയായ ഇടുക്കിയില്‍ അവര്‍ക്കുതന്നെയാണ് മുന്‍തൂക്കം. ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന് യു.ഡി.എഫ്. അഞ്ച് സീറ്റ് നല്‍കി.

ജോസ് വിഭാഗത്തിന് നാല് സീറ്റാണ് ഇടതുമുന്നണി നല്‍കിയത്. അവിഭക്ത കേരള കോണ്‍ഗ്രസ് എമ്മിന് ആറ് സീറ്റ് ജില്ലാ പഞ്ചായത്തിലുണ്ടായിരുന്നു.

 Content Highlight: Local Body Election 2020 | Kottayam