reshma
രേഷ്മ മറിയം റോയി

അരുവാപ്പുലം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് യഥാസമയം നടക്കാതിരുന്നത് രേഷ്മ മറിയം റോയിക്ക് സ്ഥാനാര്‍ഥിയാകാന്‍ അവസരമായിമാറി. ബുധനാഴ്ച രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞു.

വ്യാഴാഴ്ച ധൈര്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വയസ്സിനെക്കുറിച്ച് എതിരാളികള്‍ക്ക് ആക്ഷേപമുന്നയിക്കാന്‍ കഴിയില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടന്നിരുെന്നങ്കില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ രേഷ്മ കടന്നുവരില്ലായിരുന്നു. അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തിലെ 11-ാംവാര്‍ഡായ ഊട്ടുപാറയില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. എസ്.എഫ്.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ കമ്മിറ്റിയംഗംകൂടിയാണ്. കൊന്നപ്പാറ വി.എന്‍.എസ്. കോളേജ് വിദ്യാര്‍ഥിനിയായിരുന്നു. കോളേജില്‍ സ്റ്റുഡന്റ് പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ യുവാക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് രേഷ്മയെ സ്ഥാനാര്‍ഥിയാക്കിയതെന്ന്, പഞ്ചായത്തിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്ന കോന്നി വിജയകുമാര്‍ പറഞ്ഞു. പിറന്നാള്‍ദിവസമായ ബുധനാഴ്ച ആഘോഷങ്ങള്‍ ഒന്നുമില്ലായിരുന്നു. വോട്ടുതേടി വീടുകയറ്റത്തിലും പാര്‍ട്ടിയോഗങ്ങളിലുമാണ് സമയം ചെലവഴിച്ചതെന്ന് രേഷ്മ പറഞ്ഞു.

തുണ്ടിയാംകുളത്ത് റോയി മാത്യുവിന്റെയും മിനി മാത്യുവിന്റെയും മകളാണ്. വനിതാ സംവരണവാര്‍ഡിലാണ് കന്നിയങ്കം. മുന്‍ പഞ്ചായത്തംഗം യു.ഡി.എഫിലെ സുജാത മോഹന്‍ ആണ് എതിര്‍സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യം ഇറങ്ങുകയാണെങ്കിലും ആശങ്കയില്ലെന്ന് രേഷ്മ പറയുന്നു.

Content Highlight:  Local Body Election 2020 kottayam