കോട്ടയം: ജനപ്രതിനിധിയില്‍നിന്ന് വനിതാ ജയില്‍ വാര്‍ഡന്റെ റോളിലേക്ക് അനായാസം മാറുകയാണ് പി.എന്‍.ശ്രീദേവി. ത്രിതല പഞ്ചായത്തിലെ ആദ്യതിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയ നേതാവാണ് ശ്രീദേവി.

പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി ജയിച്ചു; പ്രസിഡന്റുമായി. ശ്രീദേവിയുടെ നേതൃപാടവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാലാവധി പൂര്‍ത്തിയാക്കുംമുന്‍പ് പടിയിറങ്ങി. സര്‍ക്കാര്‍ ജോലി കിട്ടിയതിനെതുടര്‍ന്നാണിത്. ചെന്നുകയറിയതാകട്ടെ ജില്ലാ ശിശുവികസന വകുപ്പിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറായി. പ്രസിഡന്റ് പദവി രാജിവെച്ച് സര്‍ക്കാര്‍ജോലികിട്ടി ശ്രീദേവി പോകുമ്പോള്‍ ആശ്വാസം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാമെന്നതിലായിരുന്നു.

ആദ്യനിയമനം വാര്‍ഡനായി നെയ്യാറ്റിന്‍കര വനിതാ ജയിലില്‍.

അന്തേവാസികളെ തെറ്റുതിരുത്തി നല്ലവഴിക്ക് നടത്തുകയെന്നതായിരുന്നു ജോലി. അതില്‍ നേടിയ മികവ് സ്ത്രീകള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാമെന്ന ആത്മവിശ്വാസമുണ്ടാക്കി. താമസിയാതെ സാമൂഹികക്ഷേമ വകുപ്പിലേക്ക് മാറി. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറായി. പാലക്കാട്, ആലപ്പുഴവഴി കോട്ടയത്തെത്തുമ്പോള്‍ വകുപ്പ് രൂപമാറ്റംവന്ന് സാമൂഹികനീതി വകുപ്പായി.

2018-ല്‍ വകുപ്പ് വനിതാ-ശിശു വികസനവകുപ്പ് എന്നരീതിയില്‍ ഘടനാമാറ്റം വന്നപ്പോഴും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നതിനുപുറമേ ജില്ലാ ഓഫീസറുടെ അധികചുമതലകൂടി ഏറ്റെടുത്തു. ശ്രീദേവി എന്ന ഓഫീസറുടെ പ്രവര്‍ത്തനം കോട്ടയത്തിന് നല്‍കിയത് പുത്തന്‍ പ്രവര്‍ത്തനരീതികള്‍കൂടിയാണ്. സ്ത്രീകള്‍ക്ക് രാത്രികളില്‍ അനായാസം പൊതുഇടങ്ങളില്‍ നടക്കാന്‍ വഴിതുറന്നിട്ട 'രാത്രിനടത്തം' സംസ്ഥാനത്തിനുപോലും മാതൃകയായി. 2020 മാര്‍ച്ച് എട്ടിന് വിവിധ സ്ഥലങ്ങളില്‍ 7000 പേരെ പങ്കെടുപ്പിച്ചുനടത്തിയ റാലിയും ശ്രദ്ധേയമായി.

Content Highlight:  Local Body Election 2020 Kottayam