കോട്ടയം : ജില്ലയിലെ ചില നഗരസഭകളിലും പഞ്ചായത്തിലും സീറ്റ്‌ നിർണയത്തെച്ചൊല്ലി ഇരു മുന്നണികളിലും തർക്കം തുടരുകയാണ്‌. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും തർക്കം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

പാലായിൽ സി.പി.ഐ. ഒറ്റയ്ക്ക്‌

പാലാ നഗരസഭയിൽ നാല് സീറ്റുകൾ വേണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച സി.പി.ഐ. ചൊവ്വാഴ്ചമുതൽ സ്ഥാനാർഥികളുടെ പത്രിക സമർപ്പിക്കും. സി.പി.ഐ. നേതാക്കളുമായി ചർച്ച നടന്നുവെങ്കിലും ഫലം കണ്ടില്ല. സി.പി.ഐ.ക്ക് രണ്ട്‌ സീറ്റ്‌ നൽകാമെന്നാണ് വാഗ്ദാനം. മുൻ കാലങ്ങളിൽ ഏഴ്‌ സീറ്റുകളിൽ മത്സരിച്ചിരുന്ന തങ്ങൾക്ക് നാല്‌ സീറ്റ്‌ വേണമെന്നായിരുന്നു സി.പി.ഐ.യുടെ ആവശ്യം.

നഗരസഭയിൽ ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥികളെ സംബന്ധിച്ച് വ്യക്തതയായി. പത്രികാ സമർപ്പണം ഉടൻ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുൻ കാലങ്ങളിൽ ജോസ് വിഭാഗം 20 വാർഡുകളിലാണ് മത്സരിച്ചിരുന്നത്. മുൻ ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. ഇത്തവണ 17 വാർഡുകളിലാണ് മത്സരിക്കുന്നത്. പാലാ ഏരിയായിലെ തർക്കം നിലനിൽക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ പ്രശ്‌നം പരിഹരിക്കാൻ സി.പി.എം., സി.പി.ഐ. ഉഭയകക്ഷി ചർച്ചകൾ നടന്നുവരുകയാണ്.

ഉഴവൂരിൽ

സി.പി.ഐ. സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തി പ്രചാരണം തുടങ്ങിയെങ്കിലും തർക്കം പറഞ്ഞുതീർക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് നേതൃത്വം.

കാഞ്ഞിരപ്പള്ളി

ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിൽ കോൺഗ്രസിലെ മൂന്നുപേർ സീറ്റ് ആവശ്യപ്പെട്ടതിനാൽ സ്ഥാനാർഥിയെ നിർണയിച്ചിട്ടില്ല. ബ്ലോക്ക് ഡിവിഷനിൽ മണ്ണാറക്കയം, മണിമല ഡിവിഷനുകളിൽ എൽ.ഡി.എഫിൽ ജോസ് വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് ചർച്ചകൾ തുടരുകയാണ്‌.

കടനാട്‌ പഞ്ചായത്തിൽ കരൂരിൽ എൽ.ഡി.എഫിൽ ഇനിയും ധാരണയായില്ല. ആകെയുള്ള 15-ൽ പത്ത്‌ സീറ്റാണ് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടത്. സി.പി.എം. ഏഴ്‌ സീറ്റ്‌ ആവശ്യപ്പെട്ടു. സി.പി.ഐ.ക്ക്‌ രണ്ട് സീറ്റ്‌ വേണമെന്നാണ് ആവശ്യം. ജില്ലാതല നേതാക്കൾ ഇടപെട്ട് ധാരണയിലെത്താനാണ് ശ്രമം. ജോസ് കെ.മാണി വിഭാഗം-എട്ട്, സി.പി.എം.-അഞ്ച്, സി.പി.ഐ.-രണ്ട് എന്നിങ്ങനെ ധാരണയിലെത്താനുള്ള ശ്രമങ്ങളാണ് അവസാനവട്ട ചർച്ചകളിൽ നടക്കുന്നത്‌.

മുണ്ടക്കയം

പഞ്ചായത്തിൽ ജോസ് വിഭാഗത്തിന് നൽകിയ നാല് സീറ്റിൽ മുണ്ടക്കയം ടൗൺ സൗത്ത്, കണ്ണിമല എന്നിവിടങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല.

ചങ്ങനാശ്ശേരിയിൽ ഇടഞ്ഞ് ഐ.എൻ.ടി.യു.സി.

ചങ്ങനാശ്ശേരി നഗരസഭയിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും സീറ്റുധാരണകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായില്ല. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് എട്ട് സീറ്റ് നൽകാൻ ധാരണയായി. പക്ഷേ, തൊഴിലാളി പ്രതിനിധികൾക്ക് മതിയായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള 31, 33, 34 വാർഡുകളിൽ ഐ.എൻ.ടി.യു.സി. സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐ.എൻ.ടി.യു.സി. ഭാരവാഹികൾ പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിയുമെന്നും പ്രഖ്യാപിച്ചു. ഇടഞ്ഞുനിൽക്കുന്ന ഐ.എൻ.ടി.യു.സി. നേതാക്കളെ വരുതിയിലാക്കാൻ യു.ഡി.എഫ്. നേതൃത്വം ശ്രമം തുടങ്ങി. മുസ്‌ലിം ലീഗ്, ആർ.എസ്.പി. എന്നിവരുമായുള്ള സീറ്റ് തർക്കം ഉഭയകക്ഷിചർച്ചകളിലൂടെ പരിഹരിക്കേണ്ടതുണ്ട്. എൽ.ഡി.എഫിൽ സി.പി.ഐ.യും ജനാധിപത്യകേരള കോൺഗ്രസും ഇടഞ്ഞുനിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗം ആറു സീറ്റാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നാലെണ്ണം നൽകാമെന്ന് എൽ.ഡി.എഫ്. നേതൃത്വം ഉറപ്പുനൽകി. 

 Local Body Election 2020 | Kottayam