നീരിറ്റിച്ച് പോറ്റിയ മന്ദാരത്തില്‍ പൂക്കള്‍ വെറുതെ ചിരിച്ചുനിന്നു.ചെത്തിക്കൊമ്പിലൂയലാടാനെത്തിയ കുരുവികള്‍ കാത്തിരുന്നു.ചെമ്പരത്തിച്ചോട്ടില്‍ രണ്ട് തട്ടിലിഴഞ്ഞുനിന്ന ശംഖുപുഷ്പം നട്ടവരെക്കാള്‍ പൊക്കത്തിലായി. മതിലിനപ്പുറം തലനീട്ടി അവര്‍ ചോദിച്ചു. കുട്ടുകാര്‍ വരുമോ...അവരും എന്റെ മക്കളെ കാത്തിരിക്കുകയായിരുന്നു.

മക്കളെ കാത്തിരുന്ന എന്റെ മണ്ണിലേക്ക് വന്നത് നിങ്ങള്‍ മുതിര്‍ന്നവര്‍. നിങ്ങളവരുടെ അച്ഛനും അമ്മയും.ഞാനുമവരുടെ അമ്മയാണ്. ചൂണ്ടുവിരല്‍ത്തുമ്പ് നോവാതെ ചില്ലും വ്യഞ്ജനവും ഉറപ്പിച്ചവള്‍. നാവ് പിഴച്ചാലും അവര്‍ത്തിച്ചുറപ്പിച്ച് അക്ഷരം പകര്‍ന്ന സ്‌കൂളമ്മ. രണ്ട് മാസം പോലും അവരെ പിരിയാന്‍ വയ്യ. മഹാവ്യാധിയുടെ കറുത്തകാലങ്ങളില്‍ ഉടനേ അവരെത്തില്ലെന്നറിഞ്ഞ് ഞാനുമൊരേകാന്ത തുരുത്തിലായി.

ഓര്‍മകളില്‍ കൊട്ടും പാട്ടുമായുള്ള കടന്നുവരവിന്റെ ഉത്സവം.കേകയും കാകളിയും ചൊല്ലിയുറച്ച കളരികള്‍ ശൂന്യം.കൂട്ടിയും കിഴിച്ചും അഴിച്ച് കൂട്ടിയ കണക്ക് പട്ടിക അടര്‍ന്നുവീണിരിക്കുന്നു. ചോക്കുപൊടിയുടെ വെണ്‍മയാര്‍ന്ന തറയില്‍ ഈയാമ്പാറ്റകള്‍ ഇഴഞ്ഞും പാറിയുമാര്‍ത്തു. മുറ്റത്ത് തേകിയിട്ട കിണര്‍വട്ടത്തില്‍ കിളിക്കൂട്ടം വന്നിരുന്ന് മടങ്ങി. ഉച്ചച്ചോറിന്റെ ബാക്കിയില്‍ സ്‌നേഹം കൂടിയവര്‍ മറ്റ് തൊടികളിലേക്ക് കൂറുമാറി. ആടിനിന്ന ബെഞ്ചില്‍ ആര്‍ത്തിരിമ്പിയ കൂട്ടങ്ങളെവിടെ. ആരുമില്ലല്ലോ..വിജനം, ശൂന്യം.

എനിക്കാശ്വാസമായി. ഇപ്പോഴിവിടെ നിങ്ങള്‍ വന്നല്ലോ. ജനാധിപത്യത്തിന്റെ ഉത്സവപ്പറമ്പില്‍നിന്ന്. ഞങ്ങള്‍ക്കും നാഥരായവരെ തിരഞ്ഞെടുക്കാന്‍ ഇവിടമല്ലാതെ മറ്റിടമില്ല. മനസ്സാക്ഷി ഉറപ്പിക്കുമ്പോള്‍ സാക്ഷിയായി ഞാനുണ്ട്. ഇത്തിരി പ്രയാസപ്പെട്ടു നിങ്ങള്‍. ചെമ്മണ്ണിന്‍ ചോപ്പിലേക്ക് പടര്‍ന്നുകയറിയ പടവുകളില്‍ അതിരിട്ട നടവഴി കണ്ടെത്താന്‍.

ഈരപ്പുല്ലുകള്‍ വളര്‍ന്നാര്‍ത്ത വളപ്പിലേറാന്‍. ചെത്തിയൊരുക്കിയിട്ട എന്റെ തിരുമുറ്റം വീണ്ടെടുക്കാന്‍ അത്രമേല്‍ വിയര്‍പ്പിറ്റിച്ച് അവരുണ്ടായി. ചെത്തിയുമൊതുക്കിയും എല്ലാം മിനുക്കിയെടുത്തു.

മക്കള്‍നട്ട മന്ദാരത്തലപ്പിലേക്ക് വാള്‍ പാഞ്ഞപ്പോള്‍ മനസ്സ് പറഞ്ഞു. അത്രയ്ക്ക് വേണ്ട. തുമ്പ് മാറ്റിനിര്‍ത്തൂ. പുതുനാമ്പ് വരും കാലത്ത് അവരെത്തുമല്ലോ. മച്ചിലൂയലാടിയ കടവാവല്‍ കൂട്ടങ്ങള്‍ തത്കാലം വാസംമാറ്റി. 10 മാസത്തിനിടെ അവരായിരുന്നു എനിക്ക് കൂട്ട്. കൂകിയും കുറുകിയും പാറിനിന്ന കപോതങ്ങള്‍. ഇരിപ്പിടങ്ങളില്‍ ഊര്‍ന്നുവീണ തൂവലുകള്‍ മാറ്റിയിട്ട് വിരല്‍ തൊട്ടാല്‍ മനസ്സാക്ഷി രേഖയാക്കുന്ന യന്ത്രം പ്രതിഷ്ഠിച്ചു. ഇതാണിപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍.

നിരതെറ്റിയിരുന്ന ബെഞ്ചുകളെ ചേര്‍ത്തിട്ടവര്‍. അടിച്ചുവാരി വെടിപ്പാക്കിയ എന്റെ മുറികളിലേക്ക് തുറന്നിട്ട ജനാലയിലൂടെ വെളിച്ചം.

വാകമരത്തിന്റെ ചില്ല ചിതറിവീണ നിഴല്‍ത്തുണ്ടായി വരാന്തയില്‍.പണ്ടെങ്ങോ ചൂരല്‍ വീശിപ്പോയിരുന്നൊരു മാഷിനിട്ട ഇരട്ടപ്പേര് കൊത്തിവെച്ച മുഖപ്പില്‍ മുഖംകാട്ടി. ചൂലോടിയപ്പോള്‍ ഓടിപ്പോയ മാറാലയില്‍ പത്ത് എയും ബിയും പിരിയാക്കൂട്ടും കോമ്പസില്‍ കോറിയിട്ട വര തെളിച്ചു.

ചുമരിലെ കറുപ്പും വെളുപ്പമുള്ള ഓര്‍മചിത്രങ്ങളുടെ ചില്ലുകളിലേക്ക് പാറിവീണ മറവിയുടെ ഇടവേളക്കാലം.ഓണവും ക്രിസ്മസും പകര്‍ത്തുബുക്കുകളും പാതിയില്‍ പൊട്ടിവീണ സ്‌ളേറ്റുകളും..ചുമരില്‍ അടയാളപ്പെടുത്തിയ പോയകാല വിജയങ്ങളുടെ വര്‍ഷാനുചരിതം.ഇതെല്ലാമായി ഞാന്‍, ഞാന്‍ മാത്രം.

ഇപ്പോഴൊരാശ്വാസം.അടുത്ത രാവിലെ മനം നിറയും. വരിവരിയായി നിങ്ങളെത്തും.

അസംബ്ലിയുടെ വരയും നിരയുമൊത്തൊരു പോയകാലം പോലെ നിങ്ങള്‍ മുതിര്‍ന്നവര്‍. നാട്ടസംബ്ലിയിലേക്കുള്ളവരെ തിരഞ്ഞടുക്കാന്‍.പേരടുക്കിയ പട്ടിക നിരത്തി.വിരല്‍ത്തുമ്പിലിറ്റിക്കാന്‍ മഷിയൊരുക്കി.

ബ്രില്ലും ചെല്‍പ്പാര്‍ക്കും കുടഞ്ഞെറിഞ്ഞ ചുമരുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളും കുഞ്ഞുങ്ങളാകും.

നിങ്ങള്‍ എന്നിലേക്കെത്തും. കല്ലെറിഞ്ഞാര്‍ത്ത നെല്ലിമരത്തിന്റെ ചോട്ടില്‍ കാലം നിങ്ങളെ കൈപിടിക്കും.

ചേര്‍ത്തുപിടിക്കും.വരാന്തയില്‍ തൂങ്ങിയാടിയ ദോശവട്ടത്തിലെ ബെല്ലനക്കത്തില്‍ സമയത്തെ 10, 1, 4 എന്നിങ്ങനെ അളന്നിടും.

മുക്കാല്‍ മണിക്കൂറിന്റെ താളവട്ടങ്ങളില്‍ പാഠം വേര്‍തിരിച്ചിരുന്നു. ഇവിടെ ഈ ഉത്സവത്തിലും സമയമുണ്ട്. അത് 7 മുതല്‍ 6 വരെ ഇടവേളയില്ലാതെ...അത് കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും ഏകയായി....

വയ്യ.. മക്കള്‍ വേഗം വരണം ഇവിടേക്ക്. എപ്പോഴാണത്.

Content Highlight: Local Body Election 2020