കറുകച്ചാല്‍: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മൂന്നുമുന്നണികളും വാശിയേറിയ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ഭവന സന്ദര്‍ശനം, വാര്‍ഡ് കണ്‍വെന്‍ഷനുകള്‍, കടുംബയോഗങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് പ്രചാരണത്തിനായി മുന്നണികള്‍ നടത്തുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളടക്കം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ പ്രചാരണം ശക്തമായി.

ഉറ്റുനോക്കുന്നത് കേരള കോണ്‍ഗ്രസിനെ

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കുമെന്നാണ് മൂന്ന് മുന്നണികളും കരുതുന്നത്. ജോസ് വിഭാഗം കൂടി എത്തിയതിനാല്‍ എല്‍.ഡി.എഫിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരമ്പരാഗതമായി മാണി വിഭാഗത്തിന് കിട്ടിയിരുന്ന വോട്ടുകള്‍ ഇക്കുറി മുതല്‍കൂട്ടാകുമെന്നും, വിജയ സാധ്യത കുറഞ്ഞ വാര്‍ഡുകളില്‍ പോലും അനുകൂല തരംഗം സൃഷ്ടിക്കുമെന്നാണ് കുരുതുന്നത്. എന്നാല്‍, കേരള കോണ്‍ഗ്രസ് വിഷയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്.

സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്ക് ഇന്നും യു.ഡി.എഫിനോടാണ് താത്പര്യമെന്നും ഇത് വോട്ടാകുമെന്നുമാണ് യു.ഡി.എഫ്. നേതാക്കള്‍ പറയുന്നത്. എന്നാല്‍, മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും കൂടുതല്‍ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബി.ജെ.പി. കരുതുന്നത്.

കൂടുതല്‍ സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. 25 വര്‍ഷമായി എല്‍.ഡി.എഫ്. ഭരിക്കുന്ന കറുകച്ചാല്‍ പഞ്ചായത്തില്‍ ഇക്കുറിയും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്.

യു.ഡി.എഫ്. ഭരിക്കുന്ന നെടുംകുന്നം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നിര്‍ണായകമാണ്. ഇക്കുറി എല്‍.ഡി.എഫിന് പ്രതീക്ഷകളേറെയാണ് മുന്‍ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാമെന്നാണ് കരുതുന്നത്.

എന്നാല്‍, മുന്നണി മാറ്റം കാര്യമായ പ്രശ്‌നം സൃഷ്ടിക്കില്ലെന്നും യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് സ്ഥാനാര്‍ഥികളും നേതാക്കന്മാരും പറയുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വെല്ലുവിളി

മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഇക്കുറി മത്സര രംഗത്തുള്ളത് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയാണ്. ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന വാര്‍ഡുകളില്‍ സ്വതന്ത്രര്‍ സജീവമായി രംഗത്തുള്ളത് നിലവിലെ വോട്ടുകള്‍ കുറയുന്നത് കാരണമാകും. കറുകച്ചാല്‍ 12-ാം വാര്‍ഡില്‍ ആറ് സ്ഥാനാര്‍ഥികളാണ് ഉള്ളത്