കോട്ടയം: കോട്ടയവും ഇടതുകോട്ടയായി. മറ്റിടങ്ങളില്‍ അതിശക്തമായ ഇടതുകാറ്റ് ആഞ്ഞടിച്ച 2016ല്‍പ്പോലും യു.ഡി.എഫിനൊപ്പംനിന്ന കോട്ടയം ഇക്കുറി നന്നായി ചുവന്നു.

ജില്ലാ പഞ്ചായത്തില്‍ ആധിപത്യം നേടിയതിനൊപ്പം, യു.ഡി.എഫ്. കാലങ്ങളായി ഭരിച്ചുവന്ന മണര്‍കാട്, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും പിടിച്ചെടുത്തപ്പോള്‍ ഇടതുമുന്നണിനേതാക്കള്‍പോലും അദ്ഭുതപ്പെട്ടിരിക്കണം. ചരിത്രത്തിലാദ്യമായാണ് മണര്‍കാട് പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുന്നതെങ്കില്‍, 24 വര്‍ഷത്തിനുശേഷമാണ് പുതുപ്പള്ളി ചുവക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്താണ് പുതുപ്പള്ളിയെങ്കില്‍, മണര്‍കാട് അദ്ദേഹത്തിന് സര്‍വസ്വാധീനമുള്ള അയല്‍ പഞ്ചായത്തും.

മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോട്ടയം ജില്ലയില്‍ സ്വാധീനമുറപ്പിക്കാന്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ എല്‍.ഡി.എഫിന് കഴിഞ്ഞു. ജോസ് കെ.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങള്‍തമ്മിലുള്ള പിണക്കത്തില്‍ ഗുണമുണ്ടായതും എല്‍.ഡി.എഫിനാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലും ജയിച്ചുകയറാന്‍ ജോസ് വിഭാഗവുമായുള്ള സഖ്യത്തിലൂടെ എല്‍.ഡി.എഫിന് കഴിഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫില്‍നിന്ന് പുറത്തുപോകാനിടയാക്കിയത്. ജോസ് വിഭാഗത്തെ ഒപ്പംകൂട്ടി ഇടതുമുന്നണി അതേ ജില്ലാ പഞ്ചായത്തില്‍ കൈവരിച്ച വിജയം യു.ഡി.എഫിനേറ്റ വലിയ ആഘാതമാണ്. ജോസ്-ജോസഫ് വിഭാഗങ്ങള്‍ പ്രസ്റ്റീജ് മത്സരമായിക്കണ്ട പാലാ നഗരസഭയിലെ ഫലം പുറത്തുവന്നപ്പോഴും, ജോസ് പക്ഷം പ്രഖ്യാപിച്ചിരുന്നതുപോലെ ജോസഫിന്റെ ചെണ്ട പൊട്ടിത്തകരുന്നതാണ് കണ്ടത്.

താമരയ്ക്കും പൂക്കാലം

പള്ളിക്കത്തോട്, മുത്തോലി എന്നിവിടങ്ങളില്‍ ബി.ജെ.പി.നേതൃത്വത്തില്‍ എന്‍.ഡി.എ. മുന്നേറ്റം നടത്തി. ചരിത്രത്തില്‍ ആദ്യമായി പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തില്‍ എന്‍.ഡി.എ. ഭൂരിപക്ഷം നേടി. ആകെയുള്ള 13 സീറ്റില്‍ ഏഴെണ്ണവും നേടിയാണ് എന്‍.ഡി.എ. ഭരണം പിടിച്ചത്. കഴിഞ്ഞതവണ ഭരിച്ച യു.ഡി.എഫിന് രണ്ടുസീറ്റേ കിട്ടിയുള്ളൂ; എല്‍.ഡി.എഫിന് നാലുസീറ്റും. മുത്തോലി പഞ്ചായത്തിലും ബി.ജെ.പി. വ്യക്തമായ മുന്നേറ്റം നടത്തി. കഴിഞ്ഞതവണത്തെ നാലില്‍നിന്ന് ഇത്തവണ ആറുവാര്‍ഡ് നേടി ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി. മാറി. മുന്‍കാലങ്ങളില്‍ ഒറ്റയ്ക്ക് ഭരണം പിടിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇത്തവണ നാലുവാര്‍ഡില്‍ ഒതുങ്ങി. രണ്ടുവാര്‍ഡില്‍ ജയിച്ച കോണ്‍ഗ്രസ് നിലപാട് ഇവിടെ നിര്‍ണായകമാകും. ജോസഫ് വിഭാഗത്തിന് വിജയം ലഭിച്ചില്ല.

ബഹുജന അടിത്തറ വിപുലമാക്കിയുള്ള വിജയം

കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് എല്‍.ഡി.എഫിന്റെ ബഹുജന അടിത്തറ വിപുലമാക്കി. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ വോട്ടായിമാറുകയും ചെയ്തു.

-വി.എന്‍.വാസവന്‍, സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി

ചരിത്രവിജയം

ആത്മവിശ്വാസവും ചിട്ടയായ പ്രവര്‍ത്തനവും സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഇടതുവിജയത്തിന് ആക്കംകൂട്ടി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതല്‍തന്നെ ജില്ലയില്‍ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സി.പി.ഐ. സ്ഥാനാര്‍ഥികളും നേട്ടമുണ്ടാക്കി.

സി. കെ.ശശിധരന്‍, സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി.

ഭരണം പിടിച്ചു; ചിറക്കടവ് പഠിക്കും

ചരിത്രവിജയമാണ് ബി.ജെ.പി. നേടിയിരിക്കുന്നത്. രണ്ട് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചിട്ടുണ്ട്. നഗരസഭകളിലും ബ്ലോക്കിലും വന്‍ മുന്നേറ്റം നേടിയിട്ടുണ്ട്. മൊത്തം 141 സീറ്റുകളില്‍ വിജയം നേടി. കഴിഞ്ഞ തവണ ഇതിന്റെ പകുതി സീറ്റുകളേയുണ്ടായിരുന്നുള്ളൂ. രണ്ട് പഞ്ചായത്തിനുപുറമേ മറ്റ് ചിലയിടങ്ങളില്‍ കൂടി ഭരണം നേടാനുള്ള സാധ്യതയുണ്ട്. ഇതിനോടകം പല സ്വതന്ത്രരും അക്കാര്യത്തിനായി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ചിറക്കടവ് നഷ്ടമായത് എന്തുകൊണ്ടൊണെന്ന് പഠിക്കും.

നോബിള്‍ മാത്യു (ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.)

Content Highlight: LDF Victory  Local Body Election kottayam