കോട്ടയം : കോട്ടയത്ത്‌ യു.ഡി.എഫ്.‌ കോട്ടകൾ തകർത്ത്‌ ഇടതുമുന്നണിയുടെ ആധിപത്യം. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക്‌ പഞ്ചായത്തുകളും തൂത്തുവാരിയ ഇടതുമുന്നണി ജില്ലാ പഞ്ചായത്തിലും ഭരണം പിടിച്ചു. 19 ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും നേടാനായില്ല. പള്ളിക്കത്തോട്‌ പഞ്ചായത്തിൽ ഭരണം പിടിച്ച ബി.ജെ.പി. മുത്തോലി പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വന്തം തട്ടകത്തിൽ വിജയിച്ച്‌ ഷോൺ ജോർജും മാറ്റ്‌ തെളിയിച്ചു.

*ജില്ലാ പഞ്ചായത്തിൽ ഹാട്രിക് വിജയമെന്ന സ്വപ്നമാണ് യു.ഡി.എഫിന് നഷ്ടമായത്. കേരള കോൺഗ്രസ് എമ്മിന്റെ അധികബലത്തിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തു.

22 സീറ്റുകളിൽ എൽ.ഡി.എഫ്.-14, യു.ഡി.എഫ്.-ഏഴ് എന്നിങ്ങനെയാണ് സീറ്റ് നേടിയത്. പൂഞ്ഞാറിൽ മൂന്ന് മുന്നണികളെ പിന്തള്ളി ജനപക്ഷത്തിലെ ഷോൺ ജോർജ് വിജയിച്ചു.

ഒമ്പതു സീറ്റുകളിൽ മത്സരിച്ച സി.പി.എം. വെള്ളൂർ, മുണ്ടക്കയം, പൊൻകുന്നം, തൃക്കൊടിത്താനം, കുമരകം, തലയാഴം എന്നീ ആറു സീറ്റുകൾ നേടി.

ഒമ്പതു സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ്-എം കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂർ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി എന്നീ അഞ്ചു സീറ്റുകളിൽ വിജയിച്ചു.

യു.ഡി.എഫിൽ 14 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്‌ അഞ്ചിടത്തേ വിജയിക്കാനായുള്ളൂ. എട്ടു സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ടു സീറ്റിലൊതുങ്ങി.

കേരള കോൺഗ്രസ് എമ്മും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും നേർക്കുനേർ ഏറ്റുമുട്ടിയ അഞ്ച് സീറ്റിൽ മൂന്നിടത്ത് കേരള കോൺഗ്രസ് എം വിജയിച്ചപ്പോൾ ജോസഫ് വിഭാഗം രണ്ടിടത്ത് നേടി. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി ഡിവിഷനുകളിലാണ് കേരള കോൺഗ്രസ് എം വിജയിച്ചത്. അതിരമ്പുഴയിലും കിടങ്ങൂരിലും ജോസഫ് വിഭാഗം വിജയിച്ചു. പൂഞ്ഞാറിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തായി. അയർക്കുന്നത്ത് 304 വോട്ടിനും കുറിച്ചിയിൽ 722 വോട്ടിനുമാണ് യു.ഡി.എഫ്. നേരിയ വിജയം കൈവരിച്ചത്.

11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10-ഉം എൽ.ഡി.എഫ്. നേടി.

*ജില്ലയിലെ നഗരസഭകളിൽ നാലിടത്ത്‌ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല.

* 71 ഗ്രാമപഞ്ചായത്തുകളിൽ 41 പഞ്ചായത്തുകളും എൽ.ഡി.എഫ്‌. പിടിച്ചെടുത്തു. യു.ഡി.എഫിന്‌ ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമുള്ളത്‌ പത്തിടത്ത്‌ മാത്രമാണ്‌.

 Content Highlight: LDF victory in Kottayam Local Body Election