കോട്ടയം : ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതോടെ കോട്ടയം നഗരസഭാ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളും സജീവമായി. അവസാനം ടോസ് ചെയ്ത് ഭരണം നേടേണ്ടിവരുന്ന സാഹചര്യമാകുമോ നഗരസഭാ അംഗങ്ങൾ േനരിടേണ്ടിവരുക. നഗരസഭയിൽ നിലവിൽ ഗാന്ധിനഗർ സൗത്തിൽ നിന്ന് സ്വതന്ത്രയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ ചായുന്നതനുസരിച്ചാകും ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുക. യു.ഡി.എഫിനൊപ്പം ചേർന്നാൽ അവർക്ക് 22 സീറ്റ് ലഭിക്കും. അപ്പോഴും 22 സീറ്റുമായി നിൽക്കുന്ന എൽ.ഡി.എഫിന് തുല്യസീറ്റുകളാകും. അതോടെ ഭരണം ടോസ് ചെയ്ത് നേടേണ്ടിവരും.

എന്നാൽ എൽ.ഡി.എഫിനൊപ്പം സ്വതന്ത്രയെത്തിയാൽ എൽ.ഡി.എഫിന് അനായാസമാകും ഭരണം.

52 അംഗ നഗരസഭയിൽ സ്വതന്ത്രനടക്കം 22 പേരാണ് ഇടതുമുന്നണിയിൽനിന്ന്‌ വിജയിച്ചിട്ടുള്ളത്. യു.ഡി.എഫിൽനിന്ന്‌ 21 പേരും. 52-ാം വാർഡിൽ കോൺഗ്രസ് വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ ഉറപ്പാക്കിയാൽ യു.ഡി.എഫും 22 എന്ന സംഖ്യയിലെത്തും. അത്തരത്തിലുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നതാണ് ഇനി അറിയേണ്ടത്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകും. അവസാനംവരെ അനിശ്ചിതത്വത്തിലാക്കുന്നതായിരിക്കും ഇനിയുള്ള ചർച്ചകൾ. എന്നാൽ അധികാരം നിലനിർത്താൻ യു.ഡി.എഫും അട്ടിമറിക്കാൻ എൽ.ഡി.എഫും നടത്തുന്ന പോരാട്ടമാണ് ഇനി കാണാനിരിക്കുന്നത്. എന്നാൽ നേരിയ വ്യത്യാസത്തിൽ അധികാരം നേടുമെന്ന് എൽ.ഡി.എഫ്. അവകാശപ്പെടുന്നു.

തുടർച്ചയായ അഞ്ചാം തവണയും കോട്ടയം നഗരസഭയിൽ അധികാരത്തിലെത്തുമെന്ന യു.ഡി.എഫ്. സ്വപ്നനവും കോട്ടയം പിടിച്ചെടുക്കാനുള്ള എൽ.ഡി.എഫ്. ശ്രമവും പരാജയപ്പെട്ടതാണ് ഭരണം അനിശ്ചിതത്വത്തിലേക്ക് വീണുപോകാനിടയായത്.

എന്നാൽ വിജയത്തിൽ മുന്നാക്കമുണ്ടാനായത് ബി.ജെ.പി.ക്കാണ്. അപ്രതീക്ഷിതമായി സ്വതന്ത്രരും ജയം നേടി. കേരള കോൺഗ്രസിലെ ചേരിതിരിവും ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണിയിലേക്കുള്ള ചേരിമാറ്റവും ഇടതിന് ഗുണം ചെയ്തിട്ടുണ്ട്്. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ആറു സീറ്റ് അധികം ലഭിച്ചു. മുൻവർഷം 29 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. ഇക്കുറി 21 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മുൻവർഷങ്ങളേക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി.ക്ക് ലഭിച്ചു. അവരുടെ വിജയം വളരെ ശ്രദ്ധേയവുമാണ്. മുൻവർഷങ്ങളിൽ അധ്യക്ഷരായിരുന്നവരും കൗൺസിലർമായിരുന്നവരും വിജയം നേടിയിട്ടുണ്ട്.

ലഭിച്ച സീറ്റുകൾ

ബ്രായ്ക്കറ്റിൽ കഴിഞ്ഞ വർഷം ലഭിച്ച സീറ്റുകൾ: യു.ഡി.എഫ്.-21(29), എൽ.ഡിഎഫ്.-21(15), ബി.ജെ.പി.-8(6), സ്വതന്ത്രർ-2(2)

വിജയം നേടിയ പഴയ അംഗങ്ങൾ

സിറ്റിങ് അംഗങ്ങളായ 31-ാം വാർഡിൽനിന്ന് യു.ഡി.എഫിലെ ഷീനാ ബിനു, 41-ൽനിന്ന് ബി.ജെ.പി.യിലെ കെ.ശങ്കരൻ എന്നിവരും ജയിച്ചു. * മുൻ അധ്യക്ഷന്മാർ: ശക്തമായ ത്രികോണമത്സരം നടക്കുന്ന വനിതാ സംവരണമുള്ള 19-ാം വാർഡിൽ എൻ.ഡി.എ.യിൽനിaന്ന്‌ മുൻ നഗരസഭാധ്യക്ഷ റീബാ വർക്കി വിജയിച്ചു. 49-ാം വാർഡിൽനിന്ന് നഗരസഭാ മുൻ അധ്യക്ഷ ഡോ. പി.ആർ.സോന (യു.ഡി.എഫ്.) വിജയിച്ചു. 21-ാം വാർഡിൽനിന്ന് മറ്റൊരു മുൻ അധ്യക്ഷനായ യു.ഡി.എഫിലെ ബി.ഗോപകുമാർ(യു.ഡി.എഫ്.) വിജയിച്ചു. 24-ൽ യൂത്ത് കോൺഗ്രസ് നേതാവ് ടോം കോര വിജയിച്ചപ്പോൾ കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷനേതാവായിരുന്ന സി.പി.എമ്മിലെ സി.എൻ.സത്യനേശൻ പരാജയപ്പെട്ടു.

Content Highlight: kottayam municipality Election Result 2020