കോട്ടയം: ചിലരോട് നല്ലവാക്കും അനുനയവും, മറ്റ് ചിലര്‍ക്ക് ഉപദേശം. കാത്തിരിക്കാനുള്ള നിര്‍ദ്ദേശം. കരഞ്ഞും പരിഭവിച്ചും വരുന്നവരെ കരുണയോടെ കേട്ട് തീര്‍പ്പ്. ഉമ്മന്‍ചാണ്ടിക്ക് ഇത് മറ്റൊരു ജനസമ്പര്‍ക്കം. ഇവിടെ വിഷയം ത്രിതലപഞ്ചായത്ത്. ജനം പാര്‍ട്ടിക്കാരും. പരാതികള്‍ സീറ്റിനെക്കുറിച്ച്. ചുണ്ടിനും വാര്‍ഡിനുമിടയ്ക് തെന്നിപ്പോകുമെന്ന് തോന്നിയ സീറ്റുതേടി വന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ അക്ഷോഭ്യനായി ഉമ്മന്‍ചാണ്ടി.

വിഷയം ത്രിതല പഞ്ചായത്താണെങ്കിലും ചര്‍ച്ചകള്‍ക്ക് ഒരായിരം തലമാണ് കോട്ടയം ഡി.സി.സി.യില്‍. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വെളുത്ത ഇന്നോവ, ടി.ബി. റോഡ് തിരിഞ്ഞാല്‍ സാധാരണ പ്രവര്‍ത്തകരുടെ ഹൈക്കമാന്റ് വന്നെത്തി. ബൂത്തും മണ്ഡലവും ജില്ലയും കഴിഞ്ഞുള്ള മേല്‍ക്കോടതി സിറ്റിങ് തുടങ്ങുകയായി. ചെവിക്കരികിലേക്ക് തല നീട്ടുന്നയാള്‍ക്കാണ് ആദ്യ ഊഴം. നിന്നും ഇരുന്നും രണ്ട് പകലും രാത്രിയും. എന്നിട്ടും തീരുന്നില്ല...

ഫയലുമായി കയറിപ്പോകുന്നവരുടെ മുഖത്ത് പ്രത്യാശ ബാക്കിയുണ്ട്. ഇതേവരെ ചെയ്തതിന്റെ സാക്ഷ്യപത്രങ്ങളാണ് അതില്‍. ചെവിയോട് ചേര്‍ന്ന് പറഞ്ഞുകൊണ്ടിരുന്ന ആള്‍ കരഞ്ഞുതുടങ്ങിയതോടെ ഉമ്മന്‍ചാണ്ടി ഡി.സി.സി. പ്രസിഡന്റിനെ വിളിച്ചു. എന്താ പ്രശ്‌നം. ജോഷി ഫിലിപ്പുമായിള്ള ചര്‍ച്ചയും പരാതിക്കാരന്റെ മുന്നില്‍വെച്ചുതന്നെ.

ലൈവായി വിഷയം തീര്‍ക്കുന്നത് കണ്ട് അടുത്തയാള്‍ അടുത്തുകൂടി. പത്തുവര്‍ഷം കാത്തിരുന്നിട്ടും സീറ്റില്ലന്നാണ് പരാതി. നോക്കാം, മറുപടി കിട്ടിയപ്പോള്‍ വന്നയാള്‍ക്കും ആശ്വാസം. സീറ്റില്ലങ്കിലും ഉണ്ടെങ്കിലും ഉമ്മന്‍ചാണ്ടി കേട്ടല്ലോ. പങ്കിടലില്‍ തള്ളിപ്പോയവരുടെ ആവലാതികള്‍ എഴുതാതെ തന്നെ ഓര്‍ത്തുവെക്കുന്നതാണ് ഒ.സി. സ്‌റ്റൈല്‍.

ത്രിതലത്തിലെ ഫയലുകളിലേക്ക് നോമിനികളുടെ പേപ്പറുകള്‍ അടുക്കിവെച്ച് ഓഫീസ് സെക്രട്ടറി സണ്ണിതോമസും ജീവനക്കാരും പൂരപ്പറമ്പിലെ നോട്ടക്കാരായി ഇരിക്കുന്നു. ചിഹ്നം അനുവദിച്ച് 1400 പേപ്പറുകളിലാണ് ഡി.സി.സി. പ്രസിഡന്റ് ഒപ്പിടേണ്ടത്. ചില പേപ്പറുകള്‍ പേര് ചേര്‍ക്കാതെ കാലിയാണ്. അതിലേക്കുള്ള പേരുകാരാണ് ഒ.സി.ക്ക് ചുറ്റുമുള്ളത്. ഒന്നു മൂളിയാല്‍ വന്നയാള്‍ ആ കടലാസിലേക്ക് കടന്നുകയറും. നിര്‍ദ്ദിഷ്ട ജനപ്രതിനിധികളുടെ ആദ്യ അഭിമുഖം തുടരുകയാണ്.

Content Highlight: kottayam Local Body Election  high command