പാലാ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും പാലാ നഗരസഭയും സമീപ പഞ്ചായത്തുകളും ശ്രദ്ധാകേന്ദ്രമാകും. ഈ മേഖലയിലെ ജനവിധി മുന്നണിരാഷ്ട്രീയത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയവർക്കും മൊഴിചൊല്ലി പിരിഞ്ഞവർക്കും നിർണായകമാകും.

ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച ജോസ് കെ.മാണിക്കും പാർട്ടി പ്രവർത്തകർക്കും വലിയ വിജയത്തിൽ കുറഞ്ഞൊരു ഫലം അചിന്തനീയമാണ്. ജോസ് കെ.മാണിയുടെ കേരള കോൺഗ്രസിൽനിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത ജോസഫ് വിഭാഗത്തിന് വിജയങ്ങളുടെ കണക്ക് പറയേണ്ടതുണ്ട്.

നാലുപതിറ്റാണ്ട് നീണ്ട ബാന്ധവം വിട്ടൊഴിഞ്ഞ് മാണി വിഭാഗം പോയാലും യു.ഡി.എഫിനെ പിടിച്ചുനിർത്താൻ കരുത്തുണ്ടെന്ന് തെളിയിക്കേണ്ടത് കോൺഗ്രസിന് അനിവാര്യമാകുന്നു. ജോസ് കെ.മാണിയെ കൂടെ കൂട്ടിയ സി.പി.എമ്മിന് ഈ മേഖല തൂത്തുവാരുമെന്ന അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിച്ചുകാണിക്കണം.

ജില്ലയിൽ മുഖ്യശത്രുക്കളായിരുന്ന ജോസ് കെ.മാണി വിഭാഗവും ഇടതുപക്ഷവും കൂട്ടുചേർന്നപ്പോഴുള്ള സാഹചര്യം പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത രാഷ്ട്രീയമാണ്. നാലുപതിറ്റാണ്ട്‌ മുമ്പ് ഏതാനും വർഷത്തേക്ക്‌ നടത്തിയ ഇടത്-മാണി സഖ്യത്തിന്റെ കഥകൾ പുതിയ തലമുറയ്ക്ക് പഴങ്കഥ മാത്രം. പൊതുവെ യു.ഡി.എഫ്. ആഭിമുഖ്യമുള്ള പാലാ മേഖലയിലെ വോട്ടർമാർക്ക് പുത്തൻ കൂട്ടുകെട്ട് സ്വീകാര്യമാകുമോ എന്ന പരീക്ഷണം കൂടിയാണ് പാലായിലെ തദ്ദേശ തിരഞ്ഞെടുപ്പ്.

ജോസ് കെ.മാണിക്ക് സ്വന്തം തട്ടകം ഭദ്രമാണെന്ന് തെളിയിക്കാൻ സാധിച്ചാൽ മുന്നോട്ടുള്ള രാഷ്ട്രീയപ്രയാണത്തിന് ഗുണം ചെയ്യും.

എന്നാൽ പാലാ രാഷ്ട്രീയത്തിൽ പാർട്ടികളുടെ സംഘടനാമികവിന്‌ അനുസരിച്ചല്ല എന്നും വോട്ടുകൾ. യു.ഡി.എഫ്. വികാരമുള്ള ജനത മുന്നണിക്കൊപ്പം നിലനിൽക്കുമെന്ന് തെളിയിക്കാനാണ് കോൺഗ്രസും ജോസഫ്‌ വിഭാഗവും ശ്രമിച്ചത്. എന്നാൽ യു.ഡി.എഫിനായി പാലായിൽ പതിറ്റാണ്ടുകളായി പടനയിച്ച തങ്ങൾ ഇടതുമുന്നണിയിൽ ചേരുമ്പോൾ വോട്ടുകളും കൂടെപ്പോരുമെന്നാണ് ജോസ് കെ.മാണി വിഭാഗം കരുതുന്നത്‌.

കെ.എം.മാണിയുടെ രാഷ്ട്രീയത്തിലൂടെ വളർന്ന് പിന്നീട് പിളർപ്പിന്റെ സമയത്ത് ജോസ് കെ.മാണിയെ വിട്ട് ജോസഫിനൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ജോയി എബ്രാഹം, ഇ.ജെ.ആഗസ്തി, സജിമോൻ മഞ്ഞക്കടമ്പിൽ, ജോസ്‌മോൻ മുണ്ടക്കൻ എന്നിങ്ങനെയുള്ള നേതാക്കൾക്കും വിജയങ്ങളുടെ കണക്കുകൾ അഭിമാനപ്രശ്‌നമാണ്.

കേരള കോൺഗ്രസുകളുടെ ആധിപത്യം മൂലം പത്തി താഴ്ത്തി പതിറ്റാണ്ടുകളായി പതുങ്ങിനിൽക്കേണ്ടിവന്ന കോൺഗ്രസിന് നേടിയെടുക്കുന്ന വിജയങ്ങൾ അണികളെ ആവേശത്തോടെ കൂടെ നിർത്താനുള്ള അവസരമാണ്.

അന്തിമ അവലോകനവുമായി കേരള കോൺഗ്രസ്

കോട്ടയം : ഇടതുമുന്നണിയോടൊപ്പം ചേർന്നശേഷമുള്ള ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്‌ മണിക്കൂറുകൾ മാത്രം ശേഷിക്കെ അന്തിമ കണക്കെടുപ്പുകളുമായി കേരള കോൺഗ്രസ്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിലാണ് അന്തിമ കണക്കെടുപ്പ് നടത്തിയത്. കേരള കോൺഗ്രസിന്റെ അവൈലബിൾ നേതൃയോഗം ചേർന്നാണ് സ്ഥിതിഗതികൾ അന്തിമമായി വിലയിരുത്തിയത്.

ഇടതുമുന്നണിയുടെ ഭാഗമായതോടെ കേരള കോൺഗ്രസ് സംസ്ഥാനത്തെ നിർണായക രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായതായി കേരള കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. നാളെ നടക്കുന്ന വോട്ടെണ്ണലിൽ കേരള കോൺഗ്രസ് എമ്മും ഇടതുമുന്നണിയും വൻ വിജയം നേടുമെന്നും യോഗത്തിൽ വിലയിരുത്തി.

കേരള കോൺഗ്രസിനും ഇടതുമുന്നണിക്കുമെതിരെ ഗൂഢാലോചന നടത്തിയവർക്കുള്ള തിരിച്ചടിയും തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്നും അവൈലബിൾ നേതൃയോഗം വിലയിരുത്തി. എം.പി. തോമസ് ചാഴികാടൻ, എം.എൽ.എ.മാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, നേതാക്കളായ സ്റ്റീഫൻ ജോർജ്, വിജി എം.തോമസ് എന്നിവർ അവൈലബിൾ നേതൃയോഗത്തിൽ പങ്കെടുത്തു.

Content Highlight: Kottayam Local Body Election 2020