പ്രളയം സമ്മാനിച്ചത്

ആദ്യമായാണ് പഞ്ചായത്തിലേക്ക് മത്സരിച്ചത്. ജനങ്ങൾ ജയിപ്പിച്ചു. വലിയ അങ്കലാപ്പുണ്ടായിരുന്നു. പിന്നീടത് മാറി. പ്രളയമായിരുന്നു മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചത്. വീട്ടിലും വെള്ളംകയറി. ഭർത്താവിനെയും മക്കളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയശേഷം രാവും പകലും ജനങ്ങൾക്കൊപ്പം നിന്നു.

തൃശ്ശൂരിൽ നടന്ന കിലയുടെ പരിശീലനവും മറക്കാനാവാത്തതായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. രാഷ്ട്രീയം മറന്ന് എല്ലാവരും സുഹൃത്തുകളായിരുന്നു. ആ സുഹൃദ്ബന്ധം ഇനിയും തുടരും.

സീന ബിജു, മൂന്നാം വാർഡംഗം, ചെമ്പ് പഞ്ചായത്ത്.

‌പാമ്പിനെകണ്ട് നിലവിളിച്ചോടി

കഴിഞ്ഞ പ്രളയകാലത്ത് മുണ്ടാറിൽ രക്ഷാപ്രവർത്തനം നടത്താനായി വള്ളത്തിൽ പോകുന്നതിനിടെ അപകടങ്ങളെ മുഖാമുഖം കണ്ട നിമിഷങ്ങൾ ഇന്നും ഓർമയിൽ ഭീതിയോടെ നിൽക്കുന്നു. ദുരിതബാധിതർക്കുള്ള ‘മാതൃഭൂമി’യുടെ സഹായവുമായി മുണ്ടാർ പാറേൽ കോളനിയിൽ പോയി മടങ്ങുന്നതിനിടെ പാമ്പിനെകണ്ട് ഞെട്ടി നിലവിളിച്ചോടിയത് ഓർക്കുമ്പോൾ ഇപ്പോഴും ചിരിവരും.

അന്ന് സംഭവം കണ്ട് നിന്നവർ ഒരുപാട് ചിരിച്ചതും മായാത്ത ഓർമയാണ്‌.

ജനപ്രതിനിധിയായതുകൊണ്ട് കാര്യങ്ങൾ കൂടുതലായി പഠിക്കാൻ സാധിച്ചു.

ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്താൻ കഴിഞ്ഞു. ജനങ്ങളുടെ ഒപ്പം നിന്നതിനാൽ കഴിഞ്ഞ അഞ്ചുവർഷം കടന്നുപോയതെ അറിഞ്ഞില്ല.‌

ജമീലാ പ്രദീപ്, ഏഴാം വാർഡ് അംഗം, കല്ലറ പഞ്ചായത്ത്.

പെൺകരുത്തിന് െെകയ്യടി കിട്ടി

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ എല്ലാവരും സ്ത്രീകളായിരുന്നു. വലിയ വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തത്. എന്നാൽ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഞങ്ങൾ ഒരുകുടുംബം എന്ന പോലെ കാര്യങ്ങൾ ചെയ്തു.

ഉദ്യോഗസ്ഥർ വരെ െെകയ്യടിച്ച പല സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷിപ്പനി, പ്രളയം, 2019, 2020 കാലഘട്ടത്തിലെ വെള്ളപ്പൊക്കം ഇവയെയെല്ലാം കരുത്തോടെ അതിജീവിച്ചു. അഞ്ചുവർഷം നീണ്ട ഒരു കോളേജ് ജീവിതം തീർന്ന പോലെയാണ്.

ലൈജു കുഞ്ഞുമോൻ, 11-ാം വാർഡ്, വെച്ചൂർ പഞ്ചായത്ത് അംഗം.

സ്നേഹക്കൂട്ടായ്മ

ആദ്യമായാണ് പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. പുതിയ അനുഭവമായിരുന്നു അത്. ഭരണസമിതി അംഗങ്ങളെല്ലാം സ്‌നേഹകൂട്ടായ്മയിലായിരുന്നു. ഒരു കുടുംബപോലെയാണ് കഴിഞ്ഞത്. എല്ലാവരെയും മിസ്‌ ചെയ്യും. പ്രളയകാലത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഭരണസമിതിയുടെ അവസാനദിവസവും എല്ലാവരും ഒരുമിച്ച് ഭക്ഷണംകഴിച്ച് സ്നേഹത്തോടെയാണ് പിരിഞ്ഞത്.

ജെസി വർഗീസ്, നാലാം വാർഡംഗം, തലയോലപ്പറമ്പ് പഞ്ചായത്ത്.

വെല്ലുവിളികളോട് പടവെട്ടി

രണ്ടു പ്രളയം, കോവിഡ് അഞ്ചുവർഷവും വെല്ലുവിളികളോട് പടവെട്ടുകയായിരുന്നു. പ്രളയത്തിൽ വീടടക്കം മുങ്ങി. ദുരിതബാധിതർക്കൊപ്പം ക്യാമ്പിലാണ് ദിവസങ്ങൾ കഴിഞ്ഞുകൂടിയത്. ഒരിക്കലും മറക്കാനാവില്ല ആ കാലഘട്ടമൊന്നും. നാട്ടുകാരുടെ കൂട്ടായ്മയിൽ ദുരന്തങ്ങളെ അതിജീവിക്കാനായി. നിറഞ്ഞ മനസ്സോടെയാണ് പടിയിറങ്ങുന്നത്. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനിന്ന അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. ആരെയും മറക്കാനാവില്ല.

സുജാത സുമോൻ,

ഒന്നാം വാർഡ് അംഗം, മുളക്കുളം പഞ്ചായത്ത്.

Content Highlight: Kottayam Local Body Election 2020