കോട്ടയം : ജില്ലാ പഞ്ചായത്ത് സീറ്റുവിഭജന ചർച്ചയിൽ ഘടകകക്ഷികൾ ഇടഞ്ഞതോടെ എൽ.ഡി.എഫിലും യു.ഡി.എഫിലും ചർച്ചകൾ വഴിമുട്ടി. എൽ.ഡി.എഫിൽ സി.പി.ഐ.യും യു.ഡി.എഫിൽ മുസ്‌ലിം ലീഗുമാണ് സീറ്റിനെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്നത്.

എൽ.ഡി.എഫ്.

ഡിവിഷനുകളിൽ 13 സീറ്റാണ് ജോസ് പക്ഷം ആദ്യം ഉന്നയിച്ചതെങ്കിലും പരമാവധി ഒൻപത് എന്ന നിലപാടിലാണ് സി.പി.എം. പത്തുസീറ്റിൽ മത്സരിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്. പുതിയ ഘടകകക്ഷി വന്നതോടെ സി.പി.ഐ.യുടെ സീറ്റുകളുടെ കാര്യമാണ് അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ തവണ അഞ്ച് സീറ്റിലാണ് സി.പി.ഐ.മത്സരിച്ചത്. അത്രതന്നെ സീറ്റുകളാണ് സി.പി.ഐ. ചോദിക്കുന്നതെങ്കിലും അതിന് സാധ്യത കുറയുകയാണ്. മൂന്ന് സീറ്റ് സി.പി.ഐ.യ്ക്ക് നൽകാമെന്നാണ് ചർച്ചയിൽ സി.പി.എം. ഉന്നയിച്ചത്. അതേസമയം നാല് സീറ്റുകൾ വേണമെന്ന നിലപാടിലാണ് സി.പി.ഐ. തർക്കം പരിഹരിക്കാൻ സി.പിഎമ്മിലെ മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടുണ്ട്. ഏതൊക്കെ സീറ്റുകളിൽ ജയസാധ്യതയാർക്കെന്നത് മുൻ നിർത്തിയാണ് ചർച്ചകൾ നീങ്ങുന്നത്.

യു.ഡി.എഫ്.

യു.ഡി.എഫിൽ മുസ്‌ലിം ലീഗ് എരുമേലി ഡിവിഷൻ ചോദിച്ചിരുന്നെങ്കിലും നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ അഞ്ച് സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് വ്യക്തമാക്കിയതോടെ ചർച്ച വഴിമുട്ടി.

എൻ.ഡി.എ.

സ്ഥാനാർഥി നിർണയത്തിൽ എൻ.ഡി.എ. മറ്റുമുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ്. ബി.ജെ.പി.-18, ബി.ഡി.ജെ.എസ്.-നാല് എന്നിങ്ങനെ സീറ്റ് ധാരണയായി. എന്നാൽ, കുറിച്ചി ഡിവിഷനിൽ ബി.ഡി.ജെ.എസിന് മത്സരിക്കാൻ താത്പര്യമില്ലെന്നാണ് സൂചന.

ബി.ജെ.പി. ആ സീറ്റ് ഏറ്റെടുത്താൽ സംസ്ഥാന സമിതിയംഗം കെ.ജി.രാജ് മോഹൻ മത്സരിച്ചേക്കും. വൈക്കം, കുമരകം, എരുമേലി എന്നിവിടങ്ങളിൽ ബി.ഡി.ജെ.എസ്. മത്സരിക്കും.

വെള്ളൂർ-പി.ജി. ബിജുകുമാർ (ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ്), അയർക്കുന്നം-കെ.പി. ഭുവനേശ് (ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ്), പൂഞ്ഞാർ-വി.സി. അജികുമാർ-(ബി.ജെ.പി. ജില്ലാ സെക്രട്ടറി), പുതുപ്പള്ളി-ഡോ. ജോജി ഏബ്രഹാം (ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ്), പൊൻകുന്നം- അജിത് വാസു, കടുത്തുരുത്തി-അശ്വന്ത് മാമലശ്ശേരി, ഭരണങ്ങാനം-സോമൻ പച്ചേട്ട് എന്നിവർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

വൈക്കം-രമ സജീവ് (ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ്), കുമരകം-ജാൻസി ഗണേഷ് (ജില്ലാ കമ്മിറ്റി അംഗം), എരുമേലി-വി.ആർ. രത്‌നകുമാർ (ബി.ഡി.ജെ.എസ്. പൂഞ്ഞാർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്), കുറിച്ചി-പി.എം. ചന്ദ്രൻ (ബി.ഡി.ജെ.എസ്. ചങ്ങനാശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്) എന്നിവരാണ് ബി.ഡി.ജെ.എസിൽ പരിഗണനയിലുള്ളത്.