കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ എങ്ങുമെത്താനാകാതെ മുന്നണികൾ. ആദ്യഘട്ടത്തിൽ ഉയർന്നുവന്ന പേരുകൾ വെട്ടിയും തിരുത്തിയും സ്ഥാനാർഥി നിർണയം കീറാമുട്ടിയാകുകയാണ്. മുൻ അംഗങ്ങൾ സീറ്റിനായി എത്തിയതും വനിതാ വാർഡായ സീറ്റുകളിൽ ഭാര്യമാരെ മത്സരിപ്പിക്കാനും അംഗങ്ങൾ രംഗത്തെത്തിയതോടെ സ്ഥാനാർഥി നിർണയം നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി

ഗ്രാമപ്പഞ്ചായത്തിൽ ബുധനാഴ്ച സി.പി.എമ്മിന്റെ സ്ഥാനാർഥിപട്ടികയ്ക്ക് പൂർണരൂപമാകും. കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക. നേരത്തെ 10 സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നു. ഒന്നാം വാർഡ് കാളകെട്ടിയിൽ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റ് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസും തയ്യാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് സ്ഥാനാർഥികളെ പരിഗണിച്ചതെന്ന് നേതൃത്വം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെയും ബുധനാഴ്ച അറിയാം. സി.പി.എം.- ഏഴ്, കേരള കോൺ.‍- അഞ്ച്, സി.പി.ഐ.- മൂന്ന് എന്നിങ്ങനെ സീറ്റുകളിൽ മത്സരിക്കാനാണ് നിലവിലെ ധാരണ. കേരള കോൺഗ്രസിലെ സീറ്റ് തീരുമാനം ജില്ലാ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. സ്ഥാനാർഥി തീരുമാനത്തിൽ വാർഡ് തലത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനത്തിന് ജില്ലാ നേതൃത്വത്തിന് വിട്ടത്. യു.ഡി.എഫിലെ സീറ്റുകൾ ധാരണയായെങ്കിലും പ്രഖ്യാപനത്തിലേക്കെത്തിയിട്ടില്ല. ആറ്, 21, 15 വാർഡുകളിലെ സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് തർക്കമുണ്ട്.

മുണ്ടക്കയം

പഞ്ചായത്തിലെ എൽ.ഡി.എഫ്. സീറ്റ് ചർച്ച ഏറെക്കുറെ പൂർത്തിയാവുകയും യു.ഡി.എഫിൽ ചർച്ചകൾ അവസാനഘട്ടത്തിലെത്തുകയും ചെയ്തു. എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്താൻ ബി.ജെ.പി. തീരുമാനിച്ചു. മൂന്ന് മുന്നണികളുടെയും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

ആകെയുള്ള 21 സീറ്റിൽ സി.പി.എം.-12, കേരള കോൺ. (ജോസ്)- നാല്, സി.പി.ഐ.- നാല്, ജനതാദൾ-ഒന്ന് എന്നിങ്ങനെയാണ് എൽ.ഡി.എഫ്. ധാരണ. വരിക്കാനി വാർഡ് ഉൾപ്പെടെ അഞ്ച് സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ വരിക്കാനി ഒഴിവാക്കി നാല് സീറ്റിനാണ് ധാരണയായത്. യു.ഡി.എഫിൽ കോൺഗ്രസ് 15 മുതൽ 16 വരെ സീറ്റിലും കേരള കോൺ. (ജോസഫ്)- മൂന്ന്, ലീഗ്- ഒന്ന്, ആർ.എസ്.പി.- ഒന്ന് എന്നിങ്ങനെയാണ് ധാരണ. ജോസഫ് വിഭാഗം ആറ് സീറ്റാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, ബ്ലോക്ക് സെക്രട്ടറി ബോബി കെ. മാത്യു എന്നിവരെ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. ജോസഫ് വിഭാഗത്തിൽനിന്ന്‌ ജോണി ആലപ്പാട്ടും മത്സരരംഗത്തെത്തുമെന്ന സൂചനയുമുണ്ട്. ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.മധു പറഞ്ഞു.

ചിറക്കടവ്

യു.ഡി.എഫ്. സ്ഥാനാർഥി നിർണയത്തിൽ ഏകദേശ ധാരണയായി. ഒന്നാം വാർഡിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മാത്യു ജോസഫ് വടശ്ശേരിൽ, വാർഡ് രണ്ട്- ഷിഹാബുദീൻ (മുസ്‌ലിം ലീഗ്), വാർഡ് നാല്- ലിജി ഷാജൻ, വാർഡ് അഞ്ച്- സ്മിത പ്രദീപ് ഗോപി, വാർഡ് ആറ്- ഉണ്ണികൃഷ്ണൻ വടക്കയിൽ, വാർഡ് ഏഴ്- റോസമ്മ ടീച്ചർ, വാർഡ് എട്ട്- എബിൻ പയസ്, വാർഡ് ഒൻപത്- എം.ടി.പ്രീത, വാർഡ് പത്ത്-മോളിക്കുട്ടി, വാർഡ്-11 ഗോപാലകൃഷ്ണൻ നായർ, വാർഡ് 12- റോയി സേവ്യർ, വാർഡ് 13- സുജിത് ശശി, വാർഡ് 14- ബിന്ദു പ്രസാദ് മൂക്കനോലിൽ, വാർഡ് 15- റൂബി സേതു, വാർഡ് 16- ജയചന്ദ്രൻ പള്ളത്ത്, വാർഡ് 17- മഞ്ജു രാജീവ്, വാർഡ് 18- മഞ്ജുഷ മോഹൻ എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളാകും. വാർഡ്-19, അശ്വതി ബിജു (ലീഗ് സ്വതന്ത്ര). പൊൻകുന്നം ബ്ലോക്കിൽ സ്മിത ലാൽ, ചിറക്കടവ് ബ്ലോക്കിൽ ടി.പി.രവീന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ എം.എൻ.സുരേഷ് ബാബു എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കും. ചെറുവള്ളി ബ്ലോക്ക് ഡിവിഷനിൽ ജോസഫ് വിഭാഗവുമായി ചർച്ച നടത്തിവരികയാണ്.

പാറത്തോട്

എൽ.ഡി.എഫിലും യു.ഡി.എഫിലും സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. എൽ.ഡി.എഫിൽ 15, 16, 17, 18 വാർഡുകൾ സീറ്റ് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. 12-നുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. യു.ഡി.എഫ്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. വാർഡ് കമ്മിറ്റികൾ നടന്നുവരികയാണ്. കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കും. കേരള കോൺഗ്രസിനും മുസ്‌ലിം ലീഗിനുമായി അഞ്ചും രണ്ടും വീതം സീറ്റ് നൽകാനാണ് തീരുമാനം.

എരുമേലി

ഇടത്, വലത് മുന്നണികളിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. സിറ്റിങ് സീറ്റുകൾ സംബന്ധിച്ച് ധാരണയുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

മുട്ടപ്പള്ളി വാർഡ് സംബന്ധിച്ച് സി.പി.എമ്മുമായുള്ള സി.പി.ഐ.യുടെ തർക്കം തുടരുന്നു. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് പഴയിടം, ഒഴക്കനാട്, ഉമ്മിക്കുപ്പ, കണമല, ഏയ്ഞ്ചൽവാലി എന്നിങ്ങനെ അഞ്ച് സീറ്റുകളാണ് എൽ.ഡി.എഫ്. ചർച്ചയിൽ തീരുമാനമായിരിക്കുന്നത്. സി.പി.ഐ.യ്ക്ക് നാല് സീറ്റും. ഇതിൽ മുട്ടപ്പള്ളി വാർഡിനെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. മുട്ടപ്പള്ളിക്ക് പകരം മറ്റൊരു വാർഡ് നൽകാമെന്ന നിലപാടിലാണ് സി.പി.എം. എന്നാൽ മുട്ടപ്പള്ളി വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ. പറയുന്നു. എരുമേലി ടൗൺ, പൊര്യൻമല, ചേനപ്പാടി വാർഡുകൾ ഒഴികെ മറ്റ് 20-വാർഡുകളിലും എൻ.ഡി.എ. സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയില്ല.

സീറ്റില്ല; സി.പി.എം. വനിതാ നേതാവ് രാജിവെച്ചു

കാഞ്ഞിരപ്പള്ളി: സീറ്റ് നൽകാത്തത്തിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ച് സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം. യു.ഡി.എഫ്. ഭരിക്കുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവായിരുന്ന റസീന മുഹമ്മദ്കുഞ്ഞാണ് പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്.

കഴിഞ്ഞ തവണ മത്സരിച്ച ഏഴാം വാർഡ് ഇത്തവണ ജനറൽ വാർഡാണ്. ഏഴാം വാർഡിൽ ആദ്യഘട്ട സീറ്റ്‌ ചർച്ചകളിൽ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് റസീന മുഹമ്മദ്കുഞ്ഞ് പറഞ്ഞു. 2010 മുതൽ വാർഡിനെ പ്രതിനിധീകരിക്കുന്നു. ആറ്, ഒൻപത് വനിതാ വാർഡുകളായിട്ടും തന്നെ പരിഗണിച്ചില്ല. ജയസാധ്യതയുണ്ടായിട്ടും വാർഡിൽനിന്ന് ഒഴിവാക്കി. നിലവിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ല. ഏഴാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ഇവർ പറഞ്ഞു. ഒരേ സീറ്റിൽ രണ്ട് ടേം പാർട്ടി സീറ്റിൽ മത്സരിച്ച് ജയിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയ റസീന മുഹമ്മദ് കുഞ്ഞിനെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയതായി സി.പി.എം. ഏരിയാ സെക്രട്ടറി കെ.രാജേഷ് അറിയിച്ചു.