കോട്ടയം : കോവിഡ്‌ കാലത്ത്‌ ചരിത്രത്തിന്റെ ഭാഗമാകുകയാണ്‌ സ്പെഷ്യൽ പോളിങ്‌ ഓഫീസർമാരടങ്ങുന്ന സംഘം. സ്ഥാനാർഥികൾ വോട്ടുതേടി വീടുകളിലെത്തുന്നതുപോലെ വോട്ട്‌ ചെയ്യിക്കാൻ ഉദ്യോഗസ്‌ഥർ വീടുകളിലെത്തുന്ന അപൂർവത.

പി.പി.ഇ. കിറ്റ്‌ ധരിച്ച്‌ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌ അവർ ജനാധിപത്യത്തിന്റെ അപൂർവ കണ്ണികളാകുന്നു. ജില്ലയിൽ സ്‌പെഷ്യൽ പോളിങ്ങിന്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥർ മനസ്സ്‌ തുറക്കുന്നു.

വോട്ട്‌ ചെയ്‌തത്‌ 3292 പേർ

സ്പെഷ്യൽ പോസ്‌റ്റൽ ബാലറ്റ് ‌തുടങ്ങി രണ്ടുദിവസത്തിനുള്ളിൽ വോട്ട്‌ ചെയ്‌തത്‌ 3292 പേർ. ഇവരിൽ 1660 പേർ കോവിഡ്‌ രോഗികളാണ്‌. 1632 പേർ ക്വാറന്റീനിൽ കഴിയുന്നവരും. വെള്ളിയാഴ്‌ച മുതലാണ്‌ സ്‌പെഷ്യൽ ബാലറ്റ്‌ തുടങ്ങിയത്‌.

ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുമാണ്‌ പോസിറ്റീവായവരുടെയും ക്വാറൻറീനിലുള്ളവരുടെയും ലിസ്‌റ്റ്‌ സ്‌െപഷ്യൽ പോളിങ്‌ സെല്ലിന്‌ കൈമാറുന്നത്‌. ജില്ലയിൽ 168 സ്‌ക്വാഡുകളെയാണ്‌ സ്‌പെഷ്യൽ ബാലറ്റിനായി നിയോഗിച്ചിരിക്കുന്നത്‌.

കോവിഡ്‌ പോസിറ്റീവായ 4700 പേരുടെയും ക്വാറന്റീനിലുള്ള 7500 പേരുടെയും പട്ടികയാണ്‌ ഇപ്പോൾ സ്‌പെഷ്യൽ സെല്ലിന്റെ കൈവശമുള്ളത്‌. ഓരോ ദിവസവും ലിസ്‌റ്റ്‌ പുതുക്കുന്നുണ്ട്‌. ഡിസംബർ ഒൻപതാം തീയതി ഉച്ചയ്ക്ക്‌ മൂന്നു മണിവരെ ക്വാറൻറീനിലാകുന്നവർക്കാണ്‌ സ്‌പെഷ്യൽ ബാലറ്റ്‌ അനുവദിക്കുക. നവംബർ 29 മുതലാണ്‌ ലിസ്‌റ്റ്‌ തയ്യാറാക്കിയതെങ്കിലും കോവിഡ്‌ നെഗറ്റീവായവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്‌.

സ്‌പെഷ്യൽ ബാലറ്റ്‌ ഉത്തരവാദിത്വം

റിട്ടേണിങ്‌ ഓഫീസറുടെ നല്ല സഹകരണമുള്ളതുകൊണ്ട്‌ ഒരുബുദ്ധിമുട്ടുമില്ല. അവസാനഘട്ട ജോലികൾ മാത്രമേ ചെയ്യേണ്ടിവരുന്നുള്ളൂ. പി.പി.ഇ. കിറ്റ്‌ ഡ്യൂട്ടിയുടെ മാത്രമല്ല; സുരക്ഷയുടെയും ഭാഗമാണ്‌. ഒരു ദിവസം 10 വോട്ട്‌ വരെ െചയ്യിക്കുന്നുണ്ട്‌. ഫോൺ വിളിച്ച്‌ കാര്യങ്ങൾ വിശദീകരിച്ചാണ്‌ ചെല്ലുന്നത്‌. വോട്ടർമാരും സഹകരിക്കുന്നുണ്ട്‌. ലിസ്‌റ്റിലുള്ള ഒരാളെ വിളിച്ചപ്പോൾ അദ്ദേഹം ക്വാറന്റീൻ കഴിഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ ജോലിയിലാണ്‌. അത്തരം കൗതുകങ്ങളുമുണ്ട്‌.

ഷിബി ജോർജ്‌,എം.ജി. സർവകലാശാലാ സെക്‌ഷൻ ഓഫീസർ. (കോട്ടയം നഗരസഭാ പരിധിയിലെ സ്‌പെഷ്യൽ പോളിങ്‌ ഓഫീസർ)

ചരിത്രത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷം

ഈ കർത്തവ്യനിർവഹണത്തിൽ ഭാഗഭാക്കാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അവസരമാണ്‌. രാവിലെ പി.പി.ഇ.കിറ്റ് ധരിച്ചിറങ്ങിയാൽ വൈകീട്ട് കുറിച്ചി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയതിന് ശേഷം മാത്രമാണ് നീക്കുന്നത്. ഭക്ഷണം, പ്രാഥമിക കൃത്യനിർവഹണം എന്നിവയൊക്കെ അസാധ്യം.ഓരോ വോട്ടറുടെ അടുത്തും നിരവധി ഫോറങ്ങൾ പൂരിപ്പിക്കണം. പഞ്ചായത്തായതുകൊണ്ട് മൂന്ന് വോട്ടുകൾ. എല്ലാം പ്രത്യേകം കവറിൽ സീൽ ചെയ്യണം. ഇതിലൊന്നും പാളിച്ച വരാതിരിക്കാൻ ശ്രദ്ധിക്കണം. ഉത്തരവാദിത്വമേറെയുണ്ട്.

ഡോ.എം. മനൂപ്,നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വിഭാഗം ലക്ചറർ. (പുതുപ്പള്ളിയിലെ സ്‌പെഷ്യൽ പോളിങ് ഓഫീസർ)

Content Highlight: Kottayam Local body Election