കോട്ടയം: ഇടതുമുന്നണിയിലും ഐക്യമുന്നണിയിലും കോട്ടയം ജില്ലാപഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ച അവ്യക്തത തുടരുന്നു. രണ്ട് ക്യാമ്പിലും കേരള കോൺഗ്രസുകളുമായുള്ള ധാരണയാണ് പ്രധാന കീറാമുട്ടി. സിറ്റിങ് സീറ്റ് എന്നതിന്റെ നിർവചനമാണ് ചർച്ചയെ വഴിമുട്ടിക്കുന്നത്.ഇടതുമുന്നണിയിൽ മുതിർന്ന നേതാക്കൾ ചർച്ചയ്ക്ക് ഇരുന്നെങ്കിലും ഔപചാരിക സംഭാഷണത്തിന് അപ്പുറത്തേക്ക് പോയില്ല. യു.ഡി.എഫിൽ ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും നേരിൽ കണ്ടെങ്കിലും സീറ്റ് കാര്യം പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.

ജോസ് വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടത് കോട്ടയം ജില്ലാപഞ്ചായത്തിൽ 13 സീറ്റാണ്. 11 സീറ്റാണ് ഐക്യമുന്നണിയിൽ അവർക്ക് അനുവദിച്ചിരുന്നത്. ജയിച്ചത് ആറ് സീറ്റും. 11 സീറ്റെങ്കിലും കിട്ടണമെന്ന് ജോസ് വിഭാഗം പറയുന്നു. ഇടതുമുന്നണി യോഗത്തിൽ, സിറ്റിങ് സീറ്റ് എന്താണെന്നതിൽ അഭിപ്രായഭിന്നത വന്നിരുന്നു. മത്സരിച്ചതും ജയിച്ചതുമായ സീറ്റുകളാണ് സിറ്റിങ് സീറ്റെന്ന് സി.പി.ഐ. പറഞ്ഞെങ്കിലും സി.പി.എം. അംഗീകരിച്ചില്ല. സംസ്ഥാനതലത്തിൽ ഇടതുമുന്നണിയിൽ ഉണ്ടാക്കിയിട്ടുള്ള ധാരണ, വിജയിച്ച സീറ്റുകൾ അതത് കക്ഷികൾക്ക് എന്നതാണ്. അത് ഇവിടെയും പാലിക്കുമെന്നാണ് സി.പി.എം. പറയുന്നത്.

വിജയിച്ച സീറ്റ് അതത് കക്ഷികൾക്ക് കിട്ടുമ്പോൾത്തന്നെ, മത്സരിച്ച് തോറ്റ സീറ്റുകൾ ഇപ്പോഴത്തെ വിജയസാധ്യത പ്രകാരം പങ്കുവെയ്ക്കും. അതിനായി കക്ഷികൾ ചർച്ച നടത്തണമെന്നാണ് മുന്നണി തീരുമാനം. ജോസ് വിഭാഗത്തിന് ഇതുപ്രകാരം, കഴിഞ്ഞതവണ വിജയിച്ച ആറേ കിട്ടാനിടയുള്ളൂയെന്ന ആശങ്കയുണ്ട്. എന്നാൽ, ആശയക്കുഴപ്പമോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ഡോ. എൻ.ജയരാജ് എം.എൽ.എ. പറഞ്ഞു.യു.ഡി.എഫിൽ ജയസാധ്യതയ്ക്കാണ് മുൻതൂക്കമെന്ന ധാരണയാണ് വന്നത്. ജോസഫ് വിഭാഗം 11 സീറ്റ് ആവശ്യപ്പെട്ടാൽ അത് കിട്ടാനിടയില്ല. കേരള കോൺഗ്രസ് (എം) ആയിരിക്കെ വിജയിച്ച ആറ് സീറ്റ് എന്ന ഫോർമുല പാലിച്ചാലും അവർ മനസ്സിൽ കരുതുന്ന സീറ്റ് വരുന്നില്ല.

നിലവിലുള്ള സമിതിയിൽ രണ്ട് സീറ്റാണ് അവർക്ക്. കോൺഗ്രസ് പരമാവധി സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹത്തിലുമാണ്.ആറിനാണ് യു.ഡി.എഫ്. കോട്ടയം ജില്ലായോഗം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലെ പ്രഥമ അവകാശം അതത് പാർട്ടികൾക്കുതന്നെ ആയിരിക്കുമെന്നതാണ് യു.ഡി.എഫ്. സംസ്ഥാന സമിതിയുടെ തീരുമാനം. ഓരോ പാർട്ടിയും വിജയിച്ച സീറ്റിൽ അവർക്ക് മുഖ്യ അവകാശം ഉള്ളതുപോലെതന്നെ ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലും പ്രഥമ പരിഗണന അതത് പാർട്ടികൾക്ക് ഉണ്ടായിരിക്കുമെന്നതാണ് യു.ഡി.എഫ്. ധാരണയെന്ന് ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു.